അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റു

അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബൈഡനൊപ്പം ഇന്ത്യന്‍ വംശജയായ കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് വൈസ് പ്രസിഡന്റായി ചുമതലയേറ്റു. യു.എസ് തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയിലെ കാപ്പിറ്റോള്‍ കെട്ടിടത്തിലായിരുന്നു ചടങ്ങുകള്‍. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബേര്‍ട്ട്‌സ് ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തു. 127 വര്‍ഷം പഴക്കമുള്ള ബൈബിളായിരുന്നു ഇതിനായി ഉപയോഗിച്ചത്.

യുഎസിലെ ആദ്യ സ്പാനിഷ് വംശജയായ സുപ്രീ കോടതി ജസ്റ്റിസ് സോണിയ സോട്ടൊമേയറാണ് കമലയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. യുഎസ് വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിതയും, കറുത്ത വര്‍ഗക്കാരിയായ വ്യക്തിയുമാണ് ഇന്ത്യന്‍ വംശജയായ കമല ഹാരിസ്.

അതേസമയം ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നപ്പോള്‍, ട്രംപ് സര്‍ക്കാരിലെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ചടങ്ങില്‍ സംബന്ധിച്ചു. വിടവാങ്ങള്‍ ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ പുതിയ ഭരണകൂടത്തിന് എല്ലാവിധ ആശംസകളും നേര്‍ന്ന ട്രംപ്, ബൈഡന്റെ പേര് പരാമര്‍ശിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. താന്‍ പുതിയ യുദ്ധങ്ങള്‍ തുടങ്ങാത്ത പ്രസിഡന്റാണെന്നും പ്രസംഗത്തിനിടെ ട്രംപ് പറഞ്ഞിരുന്നു.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ സുരക്ഷയ്ക്കായി വന്‍ സൈനികവിന്യാസമാണ് നടത്തിയത്. മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബില്‍ ക്ലിന്റണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Share this news

Leave a Reply

%d bloggers like this: