വാക്സിൻ എത്തി, ഇനി ടൂർ ആകാം; വിമാനക്കമ്പനികളുടെ പരസ്യത്തെ വിമർശിച്ച് Tony Holohan

വാക്‌സിന്‍ എത്തിയതോടെ ഹോളിഡേ ട്രിപ്പുകള്‍ക്കായി പരസ്യം ചെയ്യുന്ന വിമാനക്കമ്പനികളെ വിമര്‍ശിച്ച് ഐറിഷ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ Tony Holohan. കമ്പനികളുടെ പേരെടുത്ത് പറയാതെ വിമര്‍ശനം നടത്തിയ അദ്ദേഹം, ആരോഗ്യനിയന്ത്രണങ്ങള്‍ പാലിച്ച് വീട്ടിലിരിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വാക്‌സിനുകള്‍ എത്തിക്കഴിഞ്ഞെന്നും, അതിനാല്‍ ആളുകള്‍ക്ക് ഇനിമുതല്‍ വിദേശ ടൂറുകള്‍ ആകാമെന്നും കാട്ടി വിമാനക്കമ്പനികള്‍ നല്‍കിവരുന്ന പരസ്യങ്ങള്‍ നിരുത്തരവാദപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അയര്‍ലണ്ടില്‍ കഴിഞ്ഞ ദിവസം 51 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2,818 ആയി. ഇതില്‍ 49 പേരും മരണപ്പെട്ടത് ജനുവരിയിലാണ്. 58-നും 103-നും ഇടയില്‍ പ്രായമുള്ളവരാണ് ജീവന്‍ നഷ്ടപ്പെട്ട ഭൂരിപക്ഷം പേരും.

വ്യാഴാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം 2,608 ആണ്. ഇതോടെ അയര്‍ലണ്ടിലാകമാനം ഇതുവരെ 181,922 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഡിസംബര്‍ 1-ന് അവസാനിച്ച ലോക്ഡൗണ്‍ കാലത്തെ അപേക്ഷിച്ച് 10 മടങ്ങ് അധികം രോഗികളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിര്‍ബാധം തുടരുന്നതിന്റെ തെളിവാണിതെന്ന് Dr Holohan പറഞ്ഞു.

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളില്‍ 1,019 പേരും ഡബ്ലിനിലാണ്. കോര്‍ക്ക് 204, ഡോണഗല്‍ 135, ഗോള്‍വേ 132, കില്‍ഡെയര്‍ 131 എന്നിങ്ങനെയും ബാക്കി രോഗികള്‍ വിവിധ കൗണ്ടികളിലാണെന്നുമാണ് കണക്ക്. പുതിയ രോഗികളില്‍ 55 ശതമാനവും 45 വയസിന് താഴെയുള്ളവരാണ്.

അതേസമയം രോഗവ്യാപനത്തിന്റെ തോത് കുറയുന്നുണ്ടെന്നും, ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ഇതിന് സഹായകമായെന്നും Irish Epidemiological Modelling Advosory Group തലവന്‍ പ്രൊഫസര്‍ Philip Nolan പറഞ്ഞു. എങ്കിലും വയോധികര്‍ക്ക് രോഗം പിടിപെടുന്നത് വര്‍ദ്ധിച്ചത് ആശങ്കയുണര്‍ത്തുന്നതാണ്. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ മരണങ്ങളുണ്ടാകാനും സാധ്യതയുണ്ട്.

രാജ്യത്തെ കോവിഡ് ടെസ്റ്റിങ് നിയമങ്ങളില്‍ മാറ്റം വരുത്തിയതായും HSE അറിയിച്ചു. പുതിയ തീരുമാനമനുസരിച്ച് HSE നേരിട്ട് നടത്തുന്ന ആന്റിജന്‍ ടെസ്റ്റുകളില്‍ പോസിറ്റീവായവരെയും കോവിഡ് രോഗികളായി കണക്കാക്കും. ഇതുവരെ PCR ടെസ്റ്റ് ചെയ്ത് പോസിറ്റീവായാല്‍ മാത്രമേ കോവിഡ് പോസിറ്റീവ് വിഭാഗത്തില്‍ വരുമായിരുന്നുള്ളൂ. കൂടുതല്‍ പേരെ ഒരേ ദിവസം ടെസ്റ്റ് ചെയ്യാന്‍ ഇതോടെ സാധിക്കും. ആംബുലന്‍സ് സ്റ്റാഫ് അടക്കമുള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കാനും ആലോചിക്കുന്നുണ്ട്.

അതേസമയം കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ പബ്ബുകളും റസ്റ്ററന്റുകളും മെയ് അവസാനം വരെയെങ്കും അടച്ചിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. അടച്ചിടല്‍ തുടര്‍ന്നാല്‍ സര്‍ക്കാര്‍ സഹായങ്ങള്‍ മാത്രം മതിയാകില്ലെന്നും, കടങ്ങള്‍ എഴുതിത്തള്ളുക കൂടി ചെയ്താല്‍ മാത്രമേ ബിസിനസുമായി മുമ്പോട്ടു പോകാന്‍ കഴിയൂവെന്നും ഇതിന് പ്രതികരണമായി Restuarants Association Ireland തലവന്‍ Adrian Cummins വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: