കോവിഡ്: ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 43 ശതമാനവും 65-ന് താഴെ പ്രായമുള്ളവർ: HSE

ജനുവരി മാസത്തില്‍ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 43 ശതമാനവും 65 വയസിന് താഴെ പ്രായമുള്ളവരാണെന്ന് HSE തലവന്‍ Paul Reid. പ്രായമുള്ളവരെയാണ് കോവിഡ് കാര്യമായി ബാധിക്കുക എന്ന് പ്രചരിക്കവേയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ കോവിഡ് കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ 10% വര്‍ദ്ധനയുണ്ടായത് ആശങ്കപ്പെടുത്തുന്നതായും Reid പറഞ്ഞു. ജനുവരി 6 മുതല്‍ 19 വരെയുള്ള കാലയളവില്‍ 2,685 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 43 ശതമാനം പേരും 65 വയസിന് താഴെയുള്ളവരാണ്. 163 പേര്‍ക്ക് ICU സൗകര്യമൊരുക്കേണ്ടവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവരില്‍ 68 പേര്‍ 18 വയസിന് താഴെ പ്രായക്കാരാണ്. ഇതില്‍ 2 പേരെ ICU-വില്‍ പ്രവേശിപ്പിച്ചു. 19-നും 34-നും ഇടയില്‍ പ്രായമുള്ള 251 പേരെ ആശുപത്രിയിലെത്തിക്കേണ്ടിവന്നപ്പോള്‍ ഇതില്‍ ആറ് പേര്‍ക്ക് ICU സൗകര്യം ആവശ്യമായി വന്നു. 35നും 64നും ഇടയില്‍ പ്രായമുള്ള 831 പേര്‍ (31%) ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി. ഇവരില്‍ 85 പേര്‍ക്ക് ICU ആവശ്യമായി വന്നു. ബാക്കി 1,535 പേരും 65-ന് മുകളില്‍ പ്രായമുള്ളവരാണ്.

അതേസമയം രാജ്യത്താകമാനം കോവിഡ് ബാധയെത്തുടര്‍ന്ന് ICU-വിലുള്ള രോഗികളുടെ എണ്ണം 214 എന്ന റെക്കോര്‍ഡ് സംഖ്യയിലെത്തിയിരിക്കുകയാണ്. ആകെ 1,949 പേര്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതും റെക്കോര്‍ഡാണ്. രാജ്യത്തെ ആശുപത്രികള്‍, റസിഡന്‍ഷ്യല്‍ കയെറുകള്‍ എന്നിവിടങ്ങളില്‍ 480 പേര്‍ക്ക് കോവിഡ് ബാധയുണ്ടായതായി HSE Chief Opearations Officer Anne O’Connor പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനത്തില്‍ വിലങ്ങുതടിയാകുന്നത് സ്റ്റാഫുകളുടെ ദൗര്‍ലഭ്യമാണെന്നും, 1,800ഓളം സ്റ്റാഫുകള്‍ കോവിഡ് കാരണം അവധിയിലാണെന്നും അവര്‍ പറഞ്ഞു.

അതേസമയം വാക്‌സിനേഷന്‍ വഴി വൈറസിനെ തുരത്താമെന്ന് Paul Reid പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ അതിന് കുറച്ചുകാലം കൂടി ആവശ്യമാണെന്നും, ഫെബ്രുവരി അവസാനത്തോടെ കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയിലുള്ള എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: