ബ്രിട്ടനിൽ മനുഷ്യക്കടത്തിനിടെ 39 കുടിയേറ്റക്കാർ ശ്വാസം മുട്ടി മരിച്ച സംഭവം; 4 പ്രതികളെ ജയിലിലടയ്ക്കാൻ കോടതി വിധി

അനധികൃതമായ മനുഷ്യക്കടത്തിനിടെ 39 വിയറ്റ്‌നാമീസ് കുടിയേറ്റക്കാര്‍ ലോറിക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ 4 പേര്‍ക്ക് ജയില്‍ശിക്ഷ. സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും അടങ്ങുന്ന സംഘത്തെ, ഒരാള്‍ക്ക് 13,000 പൗണ്ട് എന്ന നിരക്കില്‍ ബെല്‍ജിയത്തില്‍ നിന്നും ബ്രിട്ടനിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു മനുഷ്യക്കടത്ത് നടത്തുന്ന സംഘം ലോറിയില്‍ യാത്രയാരംഭിച്ചത്. എന്നാല്‍ ലോറിക്കുള്ളില്‍ കൃത്യമായ വായും സഞ്ചാരമില്ലാതെയും, അസഹനീയമായ ചൂടിനെത്തുടര്‍ന്നും കുടിയേറ്റക്കാരില്‍ 39 പേര്‍ മരണപ്പെടുകയായിരുന്നു. VIP പരിചരണമാണ് യാത്രയ്ക്കിടെ ലഭിക്കുകയെന്നായിരുന്നു ഇവര്‍ക്ക് ലഭിച്ച് വാഗ്ദാനം. കേസില്‍ അറസ്റ്റിലായ Maurice Robinson (26), Ronan Hughes (41), Gheorghe Nica (43), Eamonn Harison (24) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

2019 ഒക്ടോബര്‍ 22-നായിരുന്നു മനുഷ്യത്വവിരുദ്ധമായ സംഭവം നടന്നത്. മികച്ച ജോലിയും ജീവിതസാഹചര്യങ്ങളും സ്വപ്‌നം കണ്ട വിയറ്റ്‌നാമീസ് പൗരന്മാരെ വിസ ഇല്ലാതെ ബെല്‍ജിയത്തിലെ Zeebrugge-ല്‍ നിന്നും ബ്രിട്ടനിലെ Essex-ലുള്ള Purfleet-ലെത്തിക്കാനായി പ്രതികള്‍ കണ്ടെയിനര്‍ ലോറിയില്‍ കയറ്റി. യാത്രയ്ക്കിടെ വായു ലഭിക്കാതെ ശ്വാസം മുട്ടിയ ഇവര്‍ അലാറം അമര്‍ത്തിയെങ്കിലും ഡ്രൈവര്‍ ശ്രദ്ധിച്ചില്ല. മരണപ്പെട്ടവരില്‍ 15 വയസായ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെ ബ്രിട്ടനിലെത്തി ട്രെയ്‌ലറിന്റെ ഡോര്‍ തുറന്നപ്പോഴാണ് പലരും മരിച്ചതായി ഡ്രൈവര്‍ Maurice Robinson-ണ് മനസിലായത്.

Old Bailey കോടതി Robinson-ണ് 13 വര്‍ഷവും നാല് മാസവും തടവ് വിധിച്ചു. ഇയാളുടെ മുതലാളിയായ Hughes-നെ 20 വര്‍ഷത്തേയ്ക്കും, യൂറോപ്പിലെത്തുന്ന കുടിയേറ്റക്കാരുമായി ഇടപെടുന്ന Nica, Harrison എന്നിവര്‍ക്ക് യഥാക്രമം 27, 18 വര്‍ഷം വീതവും തടവ് വിധിച്ചു. മനുഷ്യക്കടത്തിന് സംഘത്തെ സഹായിച്ച മറ്റ് കൂട്ടുപ്രതികളെയും ജയിലിലടച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: