കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ അയർലണ്ടിലെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റൈൻ നടപ്പിലാക്കാൻ നീക്കം

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ അയര്‍ണ്ടിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. നിലവിലെ നിയന്ത്രണമനുസരിച്ച് അയര്‍ലണ്ടിലെത്തുന്ന എല്ലാ യാത്രക്കാരും കഴിഞ്ഞ 72 മണിക്കൂറിനിടെ ടെസ്റ്റ് ചെയ്ത കോവിഡ് നെഗറ്റീവ് PCR റിസല്‍ട്ട് ഹാജരാക്കണം. എന്നാല്‍ ഇത്തരത്തില്‍ ടെസ്റ്റ് നടത്താന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്ന് വരില്ല. അവരെ നിര്‍ബന്ധിത ക്വാറന്റീനിലയയ്ക്കുന്ന വിധത്തില്‍ നിയന്ത്രണത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുകയാണെന്ന് മാര്‍ട്ടിന്‍ അറിയിച്ചു. രാജ്യത്തെത്തുന്ന യാത്രക്കാരില്‍ പലരും നാട്ടിലേയ്ക്ക് തിരികെ വരുന്ന ഐറിഷുകാരാണെന്നതും ഇത്തരമൊരു സംവിധാനത്തിന്റെ ആവശ്യകതയിലേയ്ക്ക് നയിച്ചു.

ഇതിനൊപ്പം ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിദ്ധ്യമുള്ള ‘അതീവ അപകട പ്രദേശങ്ങളില്‍’ നിന്നെത്തുന്നവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാക്കുമെന്നാണ് കരുതുന്നത്. യാത്രക്കാരുമായി എത്തുന്ന വിമാനങ്ങളുടെ കാര്യത്തില്‍ ബ്രിട്ടനുമായി ചേര്‍ന്ന് ഒരു ‘two island’ സമീപനം സ്വീകരിക്കാന്‍ ശ്രമം നടത്തുകയാണെന്നും മാര്‍ട്ടിന്‍ പറഞ്ഞു. മന്ത്രിസഭയിലെ കോവിഡ് സമിതി നിര്‍ദ്ദേശിക്കുന്നതനുസരിച്ച് ചില രാജ്യങ്ങളില്‍ നിന്നുമുള്ള ‘visa free’ യാത്ര താല്‍ക്കാലികമായി നിര്‍ത്താലാക്കാനും ആലോചനയുണ്ട്.

അതേസമയം അയര്‍ലണ്ടിലെത്തുന്ന യാത്രക്കാരില്‍ സിംഹഭാഗവും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരാണ്. ഇന്നലെ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലിറങ്ങിയ 1,074 യാത്രക്കാരില്‍ ഒരാള്‍ക്ക് മാത്രമാണ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരുന്നത്. സര്‍ട്ടഫിക്കറ്റില്ലാത്ത യാത്രക്കാര്‍ക്ക് 1,000 യൂറോ പിഴചുമത്താനോ, ഒരു മാസത്തേയ്ക്ക് തടഞ്ഞുവയ്ക്കാനോ വകുപ്പുണ്ട്.

Share this news

Leave a Reply

%d bloggers like this: