കോവിഡ്: ആളൊഴിഞ്ഞ് ഡബ്ലിൻ എയർപോർട്ട്; 78% യാത്രക്കാർ കുറഞ്ഞു

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ എണ്ണം 2020-ല്‍ 78% കുറഞ്ഞ് 7.4 മില്യണ്‍ ആയതായി റിപ്പോര്‍ട്ട്. ഈ യാത്രക്കാരില്‍ പകുതി പേരും യാത്ര ചെയ്തതാവട്ടെ 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ രണ്ട് മാസങ്ങളില്‍ 2% യാത്രക്കാരുടെ വര്‍ദ്ധനയും ഉണ്ടായിരുന്നു. എന്നാല്‍ തുടര്‍ മാസങ്ങളില്‍ കോവിഡ് ബാധ രൂക്ഷമായതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുകയായിരുന്നു.

മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 89% ആണ് യാത്രക്കാരുടെ കുറവ് അനുഭവപ്പെട്ടത്. വെറും 3.3 മില്യണ്‍ പേര്‍ മാത്രമാണ് ഈ കാലയളവില്‍ എയര്‍പോര്‍ട്ട് ഉപയോഗിച്ചത്. ആകെ 25.5 മില്യണ്‍ യാത്രക്കാര്‍ കഴിഞ്ഞ വര്‍ഷം എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കി. ഇതിന് മുമ്പ് 8 മില്യണില്‍ കുറവ് മാത്രം യാത്രക്കാര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തിത് 1994-ല്‍ ആയിരുന്നു.

യൂറോപ്പില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 77% കുറവ് വന്നിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നും, ബ്രിട്ടനിലേയ്ക്കുമുള്ള യാത്രക്കാരാകട്ടെ 76% കുറഞ്ഞു. മിഡില്‍ ഈസ്റ്റ് യാത്രക്കാര്‍ 76% കുറഞ്ഞു. ആഭ്യന്തര യാത്ര നടത്തുന്നവരുടെ എണ്ണത്തില്‍ 68% കുറവ് വന്നിട്ടുണ്ട്.

2021-ലും തല്‍സ്ഥിതി തുടരുകയാണ്. 2020 ജനുവരിയെ അപേക്ഷിച്ച് നിലവില്‍ 98% യാത്രക്കാരുടെ കുറവാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ അനുഭവപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: