വ്യാജ വ്യക്തിത്വങ്ങളുണ്ടാക്കി അയര്‍ലണ്ടിലെ വിവിധ ബാങ്കുകളില്‍ നിന്നും ക്രെഡിറ്റ് യൂണിയനുകളില്‍ നിന്നുമായി 400,000 യൂറോയോളം തട്ടിയെടുത്ത കേസില്‍ കോര്‍ക്ക് സ്വദേശികളായ ദമ്പതികളെ തടവിന് ശിക്ഷിച്ച് കോടതി. മുന്‍ സൊളിസ്റ്റര്മാർ കൂടിയായ Keith Flynn (46)-നെയും, ഭാര്യ Lyndsey Clarke (37)-നെയുമാണ് Cork Circuit Criminal Court യഥാക്രമം നാല്, രണ്ട് വര്‍ഷത്തേയ്ക്ക് തടവിന് ശിക്ഷിച്ചത്.
60 വ്യാജ വ്യക്തിത്വങ്ങള്‍ സൃഷ്ടിച്ച് Bank of Ireland, AIB, Ulster Bank, വിവിധ ക്രെഡിറ്റ് യൂണിയനുകള്‍ എന്നിവിടങ്ങളില്‍ 80 വ്യാജ അക്കൗണ്ടുകളാണ് ഇവര്‍ ഉണ്ടാക്കിയെടുത്തത്. വ്യാജവ്യക്തികളായി 2017 മുതല്‍ ഇവര്‍ വിവിധ സ്ഥാപനങ്ങളില്‍ ലോണ്‍ അപേക്ഷിച്ച് തുടങ്ങിയിരുന്നു. 18 മാസത്തോളം നീണ്ട തട്ടിപ്പ് ഗാര്‍ഡ അന്വേഷണത്തിലാണ് വെളിപ്പെട്ടത്.
എട്ട് വര്‍ഷം മുമ്പ് Flynn-ന്റെ നിയമസ്ഥാപനമായ Keith Flynn & Company-യില്‍ ജോക്കെത്തിയപ്പോഴാണ് Calrke, ഇയാളുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന വ്യാജ ഡ്രൈവിങ് ലൈസന്‍സ്, വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റ്, വ്യാജ പേ സ്ലിപ്പ്, കറന്റ് ബില്‍, വിര്‍ജിന്‍ മീഡിയ, Airtricity എന്നിങ്ങനെ വിവിധ വ്യാജ രേഖകളുപയോഗിച്ച് ലോണുകള്‍ക്ക് അപേക്ഷിക്കുകയായിരുന്നു. വീടില്ലാത്ത പാവങ്ങള്‍ക്ക് പണം നല്കി അവരുടെ PPS നമ്പര്‍ സംഘടിപ്പിച്ചും തട്ടിപ്പ് നടത്തി. മുപ്പത് സിം കാര്‍ഡുകളാണ് ഇവര്‍ തട്ടിപ്പിനായി ഉപയോഗിച്ചത്. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഇവര്‍ 394,804 യൂറോ തട്ടിയെടുത്തെന്നാണ് കണക്ക്. ഇതില്‍ 100,000 യൂറോ ഇതുവരെ തിരികെ പിടിച്ചു. ഇവര്‍ ഉണ്ടാക്കിയ ആറ് വ്യാജ അക്കൗണ്ടുകളില്‍ സംശയം തോന്നിയ Bank of Ireland-ലെ Financal Crime Unit സംഭവം ഗാര്‍ഡയെ അറിയിച്ചതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.