ഈസ്റ്റ് കോർക്കിലെ Ballymacoda-ൽ നിർമ്മിക്കാനിരിക്കുന്ന പുതിയ പന്നി ഫാമിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ഈസ്റ്റ് കോര്‍ക്കിലെ Ballymacoda-യിലുള്ള Curraheen-ല്‍ പണി തുടങ്ങാനിരിക്കുന്ന പുതിയ പന്നി ഫാമിനെതിരെ നാട്ടുകാരുടെ വിയോജിപ്പ് ശക്തമാകുന്നു. നിലവില്‍ 1,000 പന്നികളെ വളര്‍ത്താന്‍ സൗകര്യമുള്ള ഫാം പൊളിച്ച്, 4,500 പന്നികളെ വരെ വളര്‍ത്താനാകുന്ന തരത്തില്‍ പുതിയ ഫാം നിര്‍മ്മിക്കുന്നത് Derra Farms എന്ന കമ്പനിയാണ്. എന്നാല്‍ വലിയ ഫാം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ദുര്‍ഗന്ധം, മാലിന്യം എന്നിവ വര്‍ദ്ധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ പദ്ധതിയെ എതിര്‍ക്കുന്നത്. അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള അവസാന ദിനമായ മാര്‍ച്ച് 18-ന് മുമ്പ് പദ്ധതി സംബന്ധിച്ചുള്ള എതിര്‍പ്പുകള്‍ കോര്‍ക്ക് കൗണ്ടി കൗണ്‍സിലിനെ അറിയിക്കാനായി പ്രതിഷേധക്കാര്‍ നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

അതേസമയം ആധുനിക രീതിയിലാണ് ഫാമിന്റെ നിര്‍മ്മാണമെന്നും, മാലിന്യവും മറ്റും കുറവായിരിക്കുമെന്നുമാണ് ഫാം അധികൃതര്‍ പറയുന്നത്. അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമായ Teagasc Research and Development-ഉം ഫാം അധികൃതര്‍ക്ക് അുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിലവിലെ സംവിധാനം 1980-കളിലെ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്നും, പുതിയ സംവിധാനം ദുര്‍ഡഗന്ധം, മാലിന്യം എന്നിവ കുറയ്ക്കുന്ന തരത്തിലായിരിക്കുമെന്നും Teagasc പറയുന്നു.

എന്നാല്‍ ഇത്രയും വലിയ ഫാം നിര്‍മ്മിക്കുന്നതിനെപ്പറ്റി തങ്ങളുമായി കൂടിയാലോചിക്കുകയോ, ആശങ്കകള്‍ പരിഹരിക്കുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പദ്ധതിക്കെത്തിരെ നൂറുകണക്കിന് പേര്‍ അംഗങ്ങളായി ഫേസ്ബുക്ക് ഗ്രൂപ്പ് വഴി പ്രതിഷേധം ശക്തിപ്പെട്ടുവരികയാണ്. പ്രദേശത്തെ മത്സ്യസമ്പത്ത്, വന്യജീവികള്‍, ജലം, വായു എന്നിവയെ ഫാം പ്രതികൂലമായി ബാധിക്കുമോ എന്ന് ഭയക്കുന്നതായി ഈസ്റ്റ് കോര്‍ക്കിലെ Protection Of Water Environment and Residents (POWER) എന്ന സംഘടനയും പറയുന്നു.

Share this news

Leave a Reply

%d bloggers like this: