കേരളത്തിലെ വാഴപ്പഴം ഇനി യൂറോപ്പിലും ലഭ്യമാക്കാൻ കേരള സംസ്ഥാന കൃഷിവകുപ്പിന്റെ പദ്ധതി

സംസ്ഥാന കൃഷി വകുപ്പ് വിദേശരാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും കയറ്റി അയക്കാന്‍ തുടങ്ങിയിരിക്കുന്നു. സംസ്ഥാന കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വെജിറ്റബിള്‍ & ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളയുടെ നേതൃത്വത്തില്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിക്കുന്ന ഈ അഭിമാനപദ്ധതി ഇന്ത്യയില്‍ തന്നെ ആദ്യത്തെ സംസ്ഥാനസര്‍ക്കാര്‍ സംരംഭമാകും.

കേരളത്തില്‍ നിന്നുള്ള നാടന്‍ നേന്ത്രപ്പഴത്തിന് യൂറോപ്യന്‍ രാജ്യങ്ങളില്‍ വന്‍ വിപണന സാധ്യതയാണുള്ളത്. കപ്പല്‍മാര്‍ഗ്ഗം സ്വകരിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ നിന്നും അധികം ഉല്‍പ്പന്നങ്ങള്‍ യൂറോപ്പിലേക്ക് എത്തിക്കുവാനും കയറ്റുമതി ചെലവ് കുറയ്ക്കുവാനും സാധിക്കുകയുള്ളൂ. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 25 ലക്ഷം രൂപയുടെ ആര്‍. കെ. വി. വൈ പദ്ധതിയുടെ സഹായത്തോടെ കപ്പല്‍മാര്‍ഗ്ഗം നേന്ത്രപ്പഴം യൂറോപ്യന്‍ നാടുകളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ പ്രോട്ടോകോള്‍ വികസിപ്പിക്കുന്നതിനായി നടപടി സ്വീകരിച്ചത്.

എന്‍. ആര്‍. സി. ബി. ട്രിച്ചി യുടെ (National Research Centre for Bananaþ Trichy) സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച കൃഷി മുറകള്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതിനും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവിലുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും ഇതിലൂടെ വഴിയൊരുങ്ങുന്നു. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നേന്ത്രപ്പഴം യൂറോപ്പിലേക്ക് കയറ്റി അയക്കുന്നത്. സ്വകാര്യ കമ്പനികള്‍ പലതും വിദേശരാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്ന് വാഴപ്പഴം ഉള്‍പ്പെടെ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാനസര്‍ക്കാര്‍ നേരിട്ട് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് ഇതാദ്യമായാണ്.

കേരള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്തുതന്നെ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതാണ്. ഇതാ ആ വാഗ്ദാനവും നിറവേറ്റിയിരിക്കുന്നു.സി-ഷിപ്‌മെന്റ് പ്രോട്ടോകോള്‍ വികസിപ്പിച്ച് നേന്ത്രപ്പഴം യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന പദ്ധതി നാളെ മുതല്‍ ആരംഭിക്കുകയാണ്. ആദ്യ കണ്ടെയ്‌നര്‍ നാളെ കൊച്ചിയില്‍ നിന്ന് പുറപ്പെടും. കേരളത്തിന്റെ കാര്‍ഷികരംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് ഇത് വഴിയൊരുക്കും. തളിര്‍ എന്ന ബ്രാന്‍ഡില്‍ കേരളത്തില്‍ നിന്നുള്ള മികച്ച ഗുണനിലവാരമുള്ള വാഴപ്പഴം യൂറോപ്യന്‍ രാജ്യങ്ങളിലെ ഊട്ടുമേശകളെ അലങ്കരിക്കും.

Share this news

Leave a Reply

%d bloggers like this: