അയർലണ്ടിന്റെ ദേശീയ കടം വർദ്ധിച്ചു; പലിശ നിരക്ക് കൂടിയേക്കാമെന്ന മുന്നറിയിപ്പുമായി ധനമന്ത്രി

അയര്‍ലണ്ടിന്റെ നിലവിലെ ദേശീയ കടം പെരുകിയത് പലിശനിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന മുന്നറിയിപ്പുമായി ധനകാര്യ മന്ത്രി Paschal Donohoe. ഒപ്പം നിലവിലെ ബജറ്റ് കമ്മിയായ 14 ബില്യണ്‍ യൂറോ, കോവിഡ് അവസാനിക്കുന്ന മുറയ്ക്ക് നികത്താന്‍ സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അല്ലാത്ത പക്ഷം രാജ്യം സാമ്പത്തിക പ്രയാസത്തിലേയ്ക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.

അതേസമയം ഇതിന്റെ ഭാഗമായി ടാക്‌സ് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് മന്ത്രി സൂചനയൊന്നും നല്‍കിയില്ല. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് കോട്ടം തട്ടുമെന്നതിനാല്‍, കോവിഡ് കാരണം ജനങ്ങള്‍ക്ക് നല്‍കിവരുന്ന ധനസഹായങ്ങള്‍ ഉടനെ പിന്‍വലിക്കാന്‍ തീരുമാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. കോവിഡ് മഹാമാരി ഒരു വര്‍ഷം പിന്നിട്ട പശ്ചാത്തലത്തില്‍ Economic and Social Research Institute (ESRI) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ ദേശീയ കടത്തിന് സര്‍ക്കാര്‍ നല്‍കിവരുന്നത് തീരെ കുറഞ്ഞ പലിശയാണ്. എന്നാല്‍ പലിശനിരക്ക് ഇങ്ങനെ തുടരണമെന്നില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. പണപ്പെരുപ്പത്തിന്റെ സൂചനകള്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ടെന്നും, പല രാജ്യങ്ങളും പണപ്പെരുപ്പം നേരിട്ടു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം വര്‍ദ്ധിച്ചാല്‍ പലിശനിരക്കിലും വര്‍ദ്ധനയുണ്ടാകും.

നിലവിലെ 14 ബില്യണ്‍ യൂറോയുടെ ബജറ്റ് ധനക്കമ്മി, 2021-ല്‍ 20.5 ബില്യണായി ഉയരുമെന്നാണ് ധനകാര്യവകുപ്പിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം ദേശീയ കടത്തിന്റെ പലിശ വകയില്‍, ആകെ ടാക്‌സ് റവന്യൂവിന്റെ 4.5% ആണ് ചെലവിടേണ്ടി വന്നത്. എന്നാല്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് ചെറിയ തുകയാണിത്. 2013-ല്‍ ടാക്‌സ് റവന്യൂവിന്റെ 12.5% ഇത്തരത്തില്‍ ചെലവിടേണ്ടി വന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: