അയർലണ്ടിലെ പുതിയ help-to-buy (shared equity) സ്‌കീം വില്ലനോ നായകനോ? വിമർശനങ്ങളിലേക്ക് ഒരെത്തിനോട്ടം

രാജ്യത്തെ ഉയര്‍ന്ന ഭവനവില വരുതിയിലാക്കാനായി ഐറിഷ് സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ പദ്ധതിയായ help-to-buy (shared equity), വിപരീത ഫലമാണ് ചെയ്യുകയെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദ്ധര്‍. പദ്ധതി സംബന്ധിച്ച ബില്‍ നിലവില്‍ Dail-ന്റെ പരിഗണനയിലാണ്.

ഭവനമന്ത്രി Darragh O’Brien ആണ് പദ്ധതിക്ക് പുറകില്‍. പദ്ധതി പ്രകാരം ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക്, ഭവനവിലയുടെ 30% വരെ സര്‍ക്കാര്‍ equity stake ആയി നല്‍കും. 30% വരെ എന്നാണ് പറയുന്നതെങ്കിലും ശരാശരി 20% ആയിരിക്കും സഹായം ലഭിക്കുകയെന്ന് മന്ത്രി തന്നെ പറയുന്നുണ്ട്.

ഇതുവഴി മോര്‍ട്ട്‌ഗേജ് തുക കുറയുകയും, അങ്ങനെ ആളുകള്‍ക്ക് വീടുകള്‍ വാങ്ങാനുള്ള കഴിവ് വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ് മന്ത്രി പറയുന്നത്.

സ്‌കീമിനെ പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമായിട്ടില്ലെങ്കിലും, സ്‌കീം പ്രകാരം വീട് വാങ്ങുന്നവര്‍ ആദ്യ അഞ്ച് വര്‍ഷം തുകയൊന്നും സര്‍ക്കാരിലേയ്ക്ക് അടയ്‌ക്കേണ്ടതില്ല. എന്നാല്‍ പിന്നീട് ചെറിയ തുകകളായി ഈ സഹായം ഓരോ വര്‍ഷവും സര്‍ക്കാരിന് തിരിച്ച് അടയ്ക്കണം. വാടക പോലെയുള്ള സംവിധാനമാകും ഇത്.

അതേസമയം മോര്‍ട്ട്‌ഗേജ് അപേക്ഷകള്‍ പോലെ, വരുമാന പരിധി help-to-buy (shared equity) സ്‌കീമിന് അപേക്ഷിക്കുന്നവര്‍ക്ക് ഇല്ല. സാധാരണ നിലയില്‍ ഒരു വീട് വാങ്ങാന്‍ കഴിവില്ലാത്ത ആളുകളുടെ മാത്രം അപേക്ഷകളാണ് പരിഗണിക്കുകയെന്നും കരുതുന്നു. അതേസമയം വാങ്ങാനുദ്ദേശിക്കുന്ന വീടിന്റെ വിലയ്ക്ക് പരിധി നിശ്ചിയിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തിനുമനുസരിച്ച് ഇവ വ്യത്യാസപ്പെട്ടിരിക്കുമെന്നാണ് മന്ത്രി O’Brien പറയുന്നത്. സ്‌കീം നടപ്പിലാക്കാനായി ബജറ്റില്‍ 75 മില്യണ്‍ യൂറോ ആണ് വകയിരുത്തിയിരിക്കുന്നത്.

രാജ്യത്ത് 20 മുതല്‍ 35 വരെ പ്രായമുള്ള ഭൂരിപക്ഷം പേരും വാടക വീടുകളിലാണ് താമസമെന്നാണ് കണക്ക്. ഇവരെല്ലാം ശരാശരി വരുമാനം മാത്രമുള്ളവരാണ്. ഇത്തരക്കാരെ സ്വന്തമായി വീടുകള്‍ വാങ്ങാന്‍ സഹായിക്കുകയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ വര്‍ഷം സ്‌കീം വഴി 20,000 പേര്‍ക്കും, മൂന്ന് വര്‍ഷത്തിനുള്ളില്‍ 80,000 പേര്‍ക്കും സ്വന്തമായി വീട് വാങ്ങാമെന്നാണ് മന്ത്രി പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

എന്നാല്‍ കാര്യങ്ങള്‍ മന്ത്രി വിചാരിച്ച പോലെ എളുപ്പമല്ലെന്ന് പല കോണുകളില്‍ നിന്നായി വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സ്‌കീം നിലവില്‍ വന്നാല്‍ ഭവന നിര്‍മ്മാണ കമ്പനികള്‍ ലാഭത്തുക കൂട്ടുമെന്നും, ഇത് ഭവനവില വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നുമാണ് Sinn Fein വക്താവായ Eoin O’Broin-ന്റെ വിമര്‍ശനം. അത് സാധാരണക്കാരെ വീട് വാങ്ങുക എന്നതില്‍ നിന്നും പിന്തിരിപ്പിക്കാനേ ഉപകരിക്കൂ.

രാജ്യത്ത് വീടുകളുടെ ലഭ്യത കുറവാണ് എന്നതാണ് മറ്റൊരു കോട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ help-to-buy (shared equity) സ്‌കീം കൂടി നടപ്പിലാക്കിയാല്‍ കൂടുതല്‍ പേര്‍ വീടുകള്‍ വാങ്ങാന്‍ ശ്രമം നടത്തുകയും, അത് സ്വാഭാവികമായും ഭവനവില വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഇതിന് പുറമെ സ്‌കീം പ്രകാരമുള്ള മോര്‍ട്ട്‌ഗേജ് നിയമങ്ങളെക്കുറിച്ച് Central Bank-ഉം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

സ്‌കീമിനെ കെട്ടിടനിര്‍മ്മാതാക്കള്‍ പിന്തുണയ്ക്കുന്നത്, ഭവനവില വര്‍ദ്ധിപ്പിക്കാനുള്ള അജണ്ടയുടെ ഭാഗമായാണെന്നും വിമര്‍ശനമുയരുന്നു.

2020-ല്‍ അയര്‍ലണ്ടില്‍ 2.2% ആണ് ഭവനവില വര്‍ദ്ധിച്ചത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്ത് ഓരോ വര്‍ഷവും 30,000 വീടുകള്‍ വീതം നിര്‍മ്മിക്കപ്പെടണമെന്ന യാഥാര്‍ത്ഥ്യം മുമ്പിലുള്ളപ്പോള്‍, കഴിഞ്ഞ വര്‍ഷം 20,000 വീടുകള്‍ മാത്രമാണ് നിര്‍മ്മിക്കാന്‍ സാധിച്ചിട്ടുള്ളത്. ഇതോടെ വീടുകളുടെ ലഭ്യത കുറയുകയും, മേഖല വീണ്ടും പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്താനൊരുങ്ങുകയുമാണ്. ലോകമാകെ കോവിഡ് ബാധിച്ചപ്പോഴും അയര്‍ലണ്ടിലെ ഭവനവില റോക്കറ്റ് പോലെ ഉയരുകയാണ്. വില ഇത്തരത്തില്‍ ഉയര്‍ന്നാല്‍ സ്‌കീം പ്രകാരം ആര്‍ക്കും പ്രത്യേകിച്ച് ഗുണമൊന്നും ലഭിക്കില്ല.

സ്‌കീമിന്റെ പോരായ്മയ്ക്ക് പ്രധാന ഉദാഹരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത് യു.കെയിലെ അനുഭവമാണ്. അവിടെ സമാനമായ സ്‌കീം പ്രകാരം 250,000-ലേറെ പേര്‍ക്കാണ് ലോണ്‍ അനുവദിച്ചത്. 2015 മുതല്‍ 2017 വരെയുള്ള കാലയളവില്‍ വീടുകളുടെ ലഭ്യത 15% കൂട്ടുകയും, വില്‍പ്പന വര്‍ദ്ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ ശേഷം UK National Audit Office നടത്തിയ കണക്കെടുപ്പില്‍ സഹായം ലഭിച്ച അഞ്ചില്‍ രണ്ട് പേര്‍ മാത്രമാണ് സ്‌കീം ഇല്ലായിരുന്നെങ്കില്‍ വീട് വാങ്ങാന്‍ സാധിക്കുമായിരുന്നില്ല എന്ന് പറഞ്ഞത്. അതായത് ഭൂരിപക്ഷം പേര്‍ക്കും സ്‌കീം ഇല്ലാതെ തന്നെ വീട് വാങ്ങാന്‍ കഴിയുമായിരുന്നു.

സ്‌കീം പ്രകാരം ചെറിയ കാലയളവിലേയ്ക്ക് ലഭ്യത വര്‍ദ്ധിപ്പിച്ച്, കുറേപ്പേര്‍ക്ക് സ്വന്തമായി വീട് എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ സാധിച്ചു എന്നത് സത്യമാണ്. എന്നാല്‍ വില കുറയുന്ന സാഹചര്യമുണ്ടായാല്‍ സംഗതിയാകെ താളം തെറ്റും. ഇത് വീട് വാങ്ങിയവരെ കടക്കെണിയിലാക്കും. സ്‌കീമിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ വര്‍ഷങ്ങളെടുത്തേ മനസിലാക്കാന്‍ സാധിക്കൂ.

സ്‌കീം നടപ്പിലാക്കിയ ശേഷം Greater London Area-യില്‍ 6% ഭവനവില വര്‍ദ്ധിച്ചതായാണ് London School of Economics നടത്തിയ പഠനം പറയുന്നത്. മാത്രമല്ല ഇവിടെ പുതുതായി ഏറെ വീടുകളൊന്നും നിര്‍മ്മിക്കപ്പെട്ടതുമില്ല. വിമര്‍ശകര്‍ ഇത് Dail-ല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം ഇംഗ്ലണ്ട്-വെയില്‍സ് അതിര്‍ത്തിയില്‍ വില വര്‍ദ്ധന സംഭവിച്ചില്ല. വീടുകളുടെ ലഭ്യത വര്‍ദ്ധിക്കുകയും ചെയ്തു. സ്‌കീം പ്രകാരം വില കുറയും എന്ന് ഉറപ്പു പറയാന്‍ സാധിക്കില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ആവശ്യമായ സ്ഥലത്ത് ലഭ്യത കൂട്ടാന്‍ സ്‌കീമിന് ആയില്ലെന്നും ഇത് കാണിക്കുന്നു.

അതേസമയം ഇത്തരം ആശങ്കകളൊന്നും അടിസ്ഥാനമില്ലാത്തതാണെന്നാണ് മന്ത്രി O’Brien പറയുന്നത്. ലഭ്യത കുറയുന്നത് വില വര്‍ദ്ധിക്കുമെന്ന വിമര്‍ശനത്തെത്തുടര്‍ന്ന് Department of Housing, കെട്ടിടനിര്‍മ്മാതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍, വീടുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുമെന്ന് അവര്‍ ഉറപ്പു നല്‍കിയതായാണ് പറയുന്നത്. പ്ലാനിങ് പെര്‍മിഷന്‍ ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ വീടുകളുടെ നിര്‍മ്മാണം ആരംഭിക്കാമെന്നാണ് വാഗ്ദാനം.

എന്തൊക്കെയായാലും എതിര്‍പ്പുകളെ അവഗണിച്ച് ബില്‍ സര്‍ക്കാര്‍ പാസാക്കുമെന്നാണ് കരുതപ്പെടുന്നത്. പാര്‍പ്പിട മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള സര്‍ക്കാരിന്റെ നടപടിയുടെ ഭാഗമായാണ് ഈ ബില്‍. ഉദ്ദേശ്യം നല്ലതാണെങ്കിലും, പദ്ധതി ഫലം ചെയ്യുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. വീടുകളുടെ ആവശ്യം വര്‍ദ്ധിക്കുന്ന നിലവിലെ സാഹചര്യത്തില്‍, ലഭ്യത കൂട്ടുകയല്ലേ വേണ്ടത് എന്ന ന്യായമായ ചോദ്യവും പ്രതിധ്വനിക്കുന്നു.

Reference: https://www.irishtimes.com/business/economy/will-the-new-first-time-buyer-plan-push-up-house-prices-1.4501179

Share this news

Leave a Reply

%d bloggers like this: