അയർലണ്ടിൽ കോവിഡ് കാലത്ത് പുതിയ തട്ടിപ്പ്; Flower Pyramid Scheme എന്നാൽ എന്ത്?

ഡബ്ലിനിലെ ഒരുപിടി പേര്‍ക്ക് പണം നഷ്ടമായ പുതിയ തട്ടിപ്പ് Flower Pyramid-നെ പറ്റി മുന്നറിയിപ്പ് നല്‍കി അധികൃതര്‍. കേരളത്തിലെ Money Chain Marketing-ന് സമാനമായ തട്ടിപ്പില്‍ നിക്ഷേപം നടത്തിയ നിരവധി പേര്‍ക്കാണ് അയര്‍ലണ്ടില്‍ പണം നഷ്മായത്. 150 യൂറോ നല്‍കി Flower Pyramid സ്‌കീമില്‍ ചേരാന്‍ ആവശ്യപ്പെടുന്ന പരസ്യം സോഷ്യല്‍ മീഡിയ വഴിയാണ് വൈറലായത്. ഈ പണം നല്‍കിയ ശേഷം, ഇത്തരത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ളവരെ 150 യൂറോ വീതം നിക്ഷേപം നടത്തിച്ച് സ്‌കീമില്‍ ചേര്‍ക്കണം. അങ്ങനെ ചേര്‍ക്കുന്നത് വഴി സ്‌കീമിലെ ഒരു പ്രത്യേക സ്ഥാനത്ത് നമ്മളെത്തിയാല്‍, നമുക്ക് പണം ലഭിച്ചുതുടങ്ങുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മുടക്കിയ 150 യൂറോയുടെ പലയിരട്ടി പണം ലഭിക്കുമെന്ന വാഗ്ദാനത്തില്‍ പെട്ട് മോഹിക്കുന്നവരാകട്ടെ, അറിയാവുന്നവരെയെല്ലാം ഇതില്‍ അംഗങ്ങളാക്കുകയും ചെയ്യുന്നു.

എന്നാല്‍ സംഭവിക്കുന്നതാകട്ടെ, സ്‌കീമില്‍ ചേര്‍ക്കാന്‍ ആളില്ലാതാകുകയും, കിട്ടിയ പണവുമായി കമ്പനി ഉടമകള്‍ മുങ്ങുകയുമാണ്. 2007-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അയര്‍ലണ്ടില്‍ ഇത്തരത്തിലുള്ള എല്ലാ പദ്ധതികളും നിയമവിരുദ്ധമാണെന്നതിനാല്‍ പണം പോയതിന് പുറമെ, ഇത്തരത്തില്‍ നിക്ഷേപം നടത്തിയവര്‍ നിമനടപടി നേരിടേണ്ടിവരികയും ചെയ്യും.

പൂവിന്റെയോ, ഇതളുകളുടെയോ ആകൃതിയിലുള്ള ചിത്രമുപയോഗിച്ചുള്ള പരസ്യമാണ് കമ്പനി നടത്തുന്നതെന്നതിനാലാണ് ഇത് Flower Pyramid എന്ന് അറിയപ്പെടുന്നത്. വിദ്യാര്‍ത്ഥികളെയും, ചെറുപ്പക്കാരെയുമാണ് തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇത്തരം പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതില്‍ പറയുന്ന പോലെ പണം നിക്ഷേപിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആവശ്യമെങ്കില്‍ Consumer and Competition Protection Commission-നെ 01 402 5555 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വെബ്‌സൈറ്റ്: https://www.ccpc.ie/consumers/contact/contact-directory/contact-us-form/

Share this news

Leave a Reply

%d bloggers like this: