വിദേശ യാത്രയ്ക്കിടെ ഇന്ത്യക്കാർക്ക് എത്ര പണം കൈയിൽ കരുതാം? ഫോറിൻ എക്സ്ചേഞ്ചുകളിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

നമ്മളെല്ലാവരും യാത്ര ചെയ്യുന്നവരാണ്. പലപ്പോഴായി യാത്രയ്ക്കിടെ പണം കൈയില്‍ കരുതാറുമുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് അകത്തേക്കും പുറത്തേക്കുമുള്ള സാമ്പത്തിക ഇടപാടുകൾ വളരെ സങ്കീർണമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതിനെപ്പറ്റി കൂടുതൽ അറിയാം.

*ഇന്ത്യയിലേക്ക് വിദേശത്തുനിന്ന് എത്ര പണം കൊണ്ടുവരാം?

വിദേശ പൗരന്മാർക്ക് ഇന്ത്യൻ കറൻസി കൈവശം വച്ചുകൊണ്ട് വരാൻ കഴിയില്ല. അയർലണ്ട് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക്, ഇന്ത്യയിലേയ്ക്ക് വരുമ്പോള്‍ 25,000 രൂപവരെ കൊണ്ടു വരാൻ ഇന്ത്യയിലെ നിയമം അനുവദിക്കുന്നു. വിദേശ കറൻസികൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് വ്യക്തമായ പരിധികൾ ഒന്നുമില്ലെങ്കിൽ പോലും യുഎസ് ഡോളർ 5000-ത്തിന് മുകളിൽ ചില്ലറയായോ നോട്ടായോ, 10,000 മുകളിൽ ചില്ലറയായോ നോട്ടായോ യാത്ര ചെക്കുകളായോ കൊണ്ടുവരികയാണെങ്കിൽ അവ മുൻകൂട്ടി Currency Declaration Form-ലൂടെ കസ്റ്റംസ് അധികൃതരെ അറിയിക്കേണ്ടതുണ്ട്.

ഇന്ത്യക്കാര്‍ക്ക് RBI-യുടെ സമ്മതത്തോടുകൂടെ 250,000 യുഎസ് ഡോളര്‍ വരെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ വിദേശ കറന്‍സി സ്വീകരിക്കാം. ഇത് പണമായോ, travellers’s cheque ആയോ, forex card ആയോ, അല്ലെങ്കില്‍ ഇവ എല്ലാം കൂടി ഉള്‍പ്പെടുന്ന രീതിയിലോ ചെയ്യാം.

മേൽപറഞ്ഞ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി അധികം പണം നിങ്ങൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ അത് ഇന്ത്യയിലെ കസ്റ്റംസ് നിയമങ്ങളുടെ ലംഘനമായിത്തീരും. ഭീമമായ തുക പിഴ ഈടാക്കാനോ, നിങ്ങളുടെ പണം കണ്ടുകെട്ടാനോ അറസ്റ്റ് നടപടികളിലേക്ക് നീങ്ങാനോ കസ്റ്റംസിന് സാധിക്കും.

* ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് എത്ര പണം കൊണ്ടുപോകാം?

വിദേശ പൗരന്മാർക്ക് ഇന്ത്യൻ കറൻസി കൈവശം വച്ചുകൊണ്ട് ഇന്ത്യ വിടാൻ അനുവാദമില്ല. അതേസമയം ഇന്ത്യൻ പൗരന്മാർക്ക് 25,000 രൂപവരെ ഇന്ത്യൻ കറൻസിയായി വിദേശത്തേക്ക് കൊണ്ട് പോകാം. ഇന്ത്യയിൽ നിന്നും വിദേശ കറൻസികൾ പുറത്തേക്ക് കൊണ്ട് പോകുന്നതിന് വ്യക്തമായ പരിധികൾ ഒന്നുമില്ലെങ്കിൽ പോലും, നോട്ടായോ ചില്ലറയായോ 5000 ഡോളറില്‍ അധികമാണെങ്കിലും, നോട്ടായോ ചില്ലറയായോ യാത്ര ചെക്കുകളായോ 10,000 ഡോളറിന് അധികമാണെങ്കിലും മുൻകൂട്ടി അധികൃതരോട് വെളിപ്പെടുത്തേണ്ടതുണ്ട്. നമ്മൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യത്തെ സാമ്പത്തിക നയങ്ങളെപ്പറ്റി വ്യക്തമായ ധാരണയും നമുക്കുണ്ടായിരിക്കണം.

ഹജ്ജിന് പോകുന്നവർക്ക് ഇന്ത്യൻ ഹജ്ജ് കമ്മിറ്റി നിശ്ചയിക്കുന്ന തുക കൊണ്ട് പോകാനുള്ള അനുമതിയുണ്ട്.

* വിദേശ നാണയ വിനിമയത്തിന്റെ (Foreign exchange) മാർഗനിർദേശങ്ങൾ എന്തെല്ലാം?

ഇന്ത്യയിൽ നിന്നും നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലേക്കൊഴികെ ഏതു രാജ്യത്തേക്കും US$ 25,000 വരെ നൽകാൻ അംഗീകൃത ഫോറിൻ എക്സ്ചേഞ്ച് ഡീലർമാർക്ക് കഴിയും.

ബിസിനസ് ആവശ്യങ്ങൾക്കായി താമസ കാലാവധി പരിഗണിക്കാതെ വിദേശ യാത്രകൾക്ക് US$ 25,000-ത്തിൽ കൂടുതൽ നൽകണമെങ്കിൽ റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. മെഡിക്കൽ ആവശ്യങ്ങൾക്കായി ഡോക്ടറോ ഹോസ്പിറ്റലോ നിർദ്ദേശിക്കുന്ന തുക, പരിധിയായ US$ 25,000-ത്തിന് പുറമേ ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് അതാത് സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്ന തുക അല്ലെങ്കിൽ ഒരു അദ്ധ്യയന വർഷം US$ 30,000 വരെ ലഭിക്കും. ഇതിന് RBI-യുടെ മുൻകൂർ അനുമതി ആവശ്യമില്ല. വിദേശത്ത് തൊഴിലിന് പോകുന്ന ഒരാൾക്ക് US$ 5000 വരെ ഫോറിൻ എക്സ്ചേഞ്ച് മുഖേന ലഭിക്കും. ഡാൻസ് ട്രൂപ്പുകൾ, ആർട്ടിസ്റ്റുകൾ എന്നിങ്ങനെ വിനോദ സാംസ്കാരിക പരിപാടികൾക്കായി വിദേശത്തേക്ക് പോകുന്നവർ മാനവവിഭവശേഷി മന്ത്രാലയത്തിൽ നിന്നും മുൻകൂർ അനുമതി വാങ്ങേണ്ടതാണ്.

വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ യാത്രികർ തങ്ങളുടെ ചിലവാക്കാത്ത ഫോറിൻ എക്സ്ചേഞ്ച് കറൻസിയായി 90 ദിവസങ്ങൾക്കുള്ളിലും യാത്ര ചെക്കുകളായി 180 ദിവസങ്ങൾക്കുള്ളിലും മടക്കി നൽകേണ്ടതാണ്. എങ്കിലും US$ 2000 വരെ ഫോറിൻ കറൻസിയായും യാത്ര ചെക്കുകളായും പിന്നീട് ഉപയോഗിക്കാൻ കൈയ്യിൽ കരുതാൻ കഴിയും.

Share this news

Leave a Reply

%d bloggers like this: