ആശയത്തെ എതിർക്കേണ്ടത് ആയുധം കൊണ്ടോ? വധഭീഷണി നേരിട്ട സെബാസ്റ്റ്യൻ ഫിലിപ്പ് പുന്നയ്ക്കലിന് ഐക്യദാർഢ്യവുമായി ടോമി സെബാസ്റ്റ്യൻ

ആശയപരമായി ഞാൻ, സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പുമായി വിരുദ്ധ ധ്രുവങ്ങളിൽ ആണ് നിലകൊള്ളുന്നത്. എങ്കിലും ആശയപരം എന്നതിനപ്പുറം വ്യക്തിപരമായി സൗഹൃദത്തിൽ തന്നെയാണ്. ഇന്ന് ഈ ലോകത്തിൽ ഏതാണ്ട് നാലായിരത്തിലധികം മത വിഭാഗങ്ങൾ ഉണ്ട്. ഈ മതവിഭാഗങ്ങൾ എല്ലാം ഗോത്ര പരമായി ജീവിച്ചുവന്ന മനുഷ്യചരിത്രത്തിലെ അവശേഷിപ്പുകളാണ് എന്നതാണ് എൻറെ പക്ഷം. മനുഷ്യൻ ഗോത്രമായി തിരിഞ്ഞു നിന്നതുകൊണ്ടുള്ള സകല കെടുതികളും അനുഭവിച്ചാണ് മനുഷ്യവംശം ഈ നൂറ്റാണ്ടിൽ എത്തിച്ചേർന്നത്. ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളെ ഇതിഹാസങ്ങളായി വാഴ്ത്തുപാട്ടുകൾ പാടി നടക്കുന്നത് അതിൻറെ ഇരകൾ കൂടിയാണ് എന്നുള്ളത് ഒരു യാഥാർത്ഥ്യമായി നമ്മുടെ മുമ്പിൽത്തന്നെ നിൽക്കുന്നുണ്ട്. വംശീയമായും ജാതി പരമായും മനുഷ്യർ വിഭജിക്കപ്പെട്ടു കഴിഞ്ഞതിന്റെ പിൽക്കാലചരിത്രം അന്വേഷിച്ചു പോയാൽ നമ്മൾ ഈ ഗോത്രങ്ങളിലാണ് എത്തിച്ചേരുക. ഈ ഗോത്രീയതയുടെ അവശേഷിപ്പുകളെ ഇല്ലാതാക്കാൻ ശ്രമിക്കുക എന്ന ആശയമാണ് എൻറെത്.


അതുകൊണ്ടുതന്നെ ഗോത്രീയമായ മനുഷ്യചരിത്രത്തിന്റെ കാലഘട്ടത്തിൽ നിന്നും ഇന്ന് ആധുനിക ഗോത്രീയത അഥവാ മതം എങ്ങനെ ഉണ്ടായി എന്നും, അവ എങ്ങനെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നും, ഇങ്ങനെയുള്ള ഗോത്രകാല കഥകൾ ആധുനിക സമൂഹത്തിന് എങ്ങനെയാണ് വെല്ലുവിളി ആകുന്നത് എന്നും എൻറെ പരിമിതികളിൽ നിന്നുകൊണ്ട് മറ്റുള്ളവരെ ബോധവൽക്കരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.

എന്നാൽ ഈ ഗോത്ര പരമായ ചിന്താരീതികൾക്ക് ചരിത്രത്തിൽ മാത്രമല്ല പരിണാമപരമായി മനുഷ്യരുടെ സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക തലങ്ങളും ആയും മസ്തിഷ്ക പ്രവർത്തനങ്ങളുമായും ചേർന്ന് നിൽക്കുന്ന അതിസങ്കീർണമായ വൈകാരിക തലം കൂടിയുണ്ട് എന്നത് ഒരു വസ്തുതയാണ്.

ഒരു മത വിശ്വാസിയുടെ മത പ്രബോധനത്തെ ഞാൻ പാടെ നിരാകരിക്കുന്നു എങ്കിൽ കൂടിയും അയാൾക്ക് അയാളുടെ വിശ്വാസം സംരക്ഷിക്കുവാനും സ്വന്തം വിശ്വാസത്തിന് നേരെയുണ്ടാകുന്ന പ്രതിരോധങ്ങളെ ചെറുക്കുവാനും ഉള്ള അവകാശം അനുവദിക്കപ്പെടേണ്ടതാണ് എന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നു. പക്ഷേ അവയെല്ലാം മനുഷ്യ ജീവന് ആദരവ് നൽകി കൊണ്ട് ആശയ തലത്തിൽ തന്നെ നടത്തേണ്ടതാണ്.

ഇന്ന് ലോകത്തിലെ പ്രധാന രണ്ടു മതങ്ങളായ ക്രിസ്തുമതത്തെയും ഇസ്ലാം മതത്തെയും പരിശോധിച്ചാൽ, ക്രിസ്തുമതം ഉണ്ടായി വന്നിട്ടുള്ളത് അതിനു മുമ്പുണ്ടായിരുന്ന ഈജിപ്ഷ്യൻ ഗ്രീക്ക് റോമൻ ഫൊനീഷ്യൻ, മെസപ്പൊട്ടോമിയൻ, പേർഷ്യൻ സംസ്കാരങ്ങളിൽ ഉണ്ടായിരുന്ന ഒസീറിസ്, സീയൂസ്, ഡയോണിഷ്യസ് അഡോണിസ്, തമ്മൂസ്, മിത്ര എന്നീ ദൈവസങ്കല്പങ്ങൾ ചേർത്തുകൊണ്ടാണ്.
അതേപോലെതന്നെ ഇസ്ലാമിലെ ദൈവമായ അള്ളാഹു അറേബ്യയിലെ 360 ദേവന്മാരിൽ ഒരാൾ മാത്രമായിരുന്നു. ബൈബിളിലെ പഴയനിയമത്തിൽ യഹോവയ്ക്ക് അഷേര എന്ന പേരിൽ ഒരു ഭാര്യ ഉണ്ടായിരുന്നു. അല്ലാഹുവിനും ഭാര്യയും മക്കളും ഉണ്ടായിരുന്നു. ഇക്കാര്യങ്ങൾ പറയാൻ എനിക്ക് അവകാശം വേണമെന്ന് ഞാൻ പറയുന്നതുപോലെ തന്നെ അത് തെറ്റാണ് എന്ന് പറയാൻ വിശ്വാസികൾക്കും അവകാശം ഉണ്ടായിരിക്കണം.

സെബാസ്റ്റ്യൻ ഫിലിപ്പിൻറെ വിശ്വാസങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സ്നേഹ സംവാദം എന്ന പേരിൽ അനവധി പ്രഭാഷണ പരമ്പരകൾ തന്നെ ഇസ്ലാമിക മേഖലയിലുള്ള മത തൊഴിലാളികൾ നടത്തിയിട്ടുണ്ട്. എന്നാൽ അന്നൊന്നും സെബാസ്റ്റ്യൻ ഫിലിപ്പ് അവർക്കെതിരെ തലവെട്ടാൻ ആളെ കൂട്ടുകയല്ല ചെയ്തത്. മറിച്ച് അവരുടെ മതങ്ങളെ ഇതേപോലെ വിമർശന വിധേയമാക്കുകയാണ് ചെയ്തത്. ആശയ തലത്തിൽ ഉള്ള ഇത്തരം സംവാദങ്ങളും ചർച്ചകളും നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. സെബാസ്റ്റ്യൻ ഫിലിപ്പിന്റെ അവകാശത്തിനുവേണ്ടി ഞാൻ എൻറെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു.

ആശയത്തെ ആയുധംകൊണ്ട് എതിർക്കുക എന്ന് പറഞ്ഞാൽ സെബാസ്റ്റ്യൻ ഫിലിപ്പ് പറയുന്ന കാര്യങ്ങൾ ആശയതലത്തിൽ എതിർക്കാൻ ഇസ്ലാമിക മതതൊഴിലാളികൾക്ക് സാധിക്കുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്. ആശയതലത്തിൽ എതിർപ്പ് ഉള്ളപ്പോഴും ശ്രീ സെബാസ്റ്റ്യൻ ഫിലിപ്പ് പുന്നയ്ക്കലിന് എതിരെയുള്ള വധഭീഷണി അത്യന്തം അപലപനീയമാണ്.

Share this news

Leave a Reply

%d bloggers like this: