വാക്സിനേറ്റ് ചെയ്യപ്പെട്ട രണ്ടു പേരെ ഡബ്ലിനിൽ ഹോട്ടൽ ക്വാറന്റൈനിൽ നിന്നും വിട്ടയച്ചു

മുഴുവനായും വാക്‌സിനേറ്റ് ചെയ്യപ്പെട്ട രണ്ട് പേരെ ഡബ്ലിനില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്നും വിട്ടയച്ചു. തങ്ങള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതാണെന്നും, അന്യായമായി പിടിച്ചുവച്ചിരിക്കുകയാണെന്നും കാട്ടി കോടതിയില്‍ കേസ് നല്‍കിയതിനെത്തുടര്‍ന്നാണ് ഇവരെ ക്വാറന്റൈനില്‍ നിന്നും പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായത്. ഇരുവരും ഇസ്രായേലില്‍ നിന്നും എത്തിയതാണ്. ഇതില്‍ ഒരാള്‍ ഐറിഷ് സ്വദേശിയുമാണ്.

ഇസ്രായേലിനെ ക്വാറന്റൈന്‍ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച തീരുമാനമെടുത്തെങ്കിലും ഇതുവരെ നടപ്പില്‍ വരുത്തിയിട്ടില്ലാത്തതിനാല്‍, ഇവിടെ നിന്ന് വരുന്ന ആളുകളും ഹോട്ടല്‍ ക്വാറന്റൈനില്‍ പോകേണ്ടത് നിര്‍ബന്ധമാണ്. വാക്‌സിനേറ്റ് ചെയ്യപ്പെട്ട ഐറിഷുകാരനായ Derek Jennings (47) സുഖമില്ലാതെ കിടക്കുന്ന പിതാവിനെ കാണാനായാണ് നാട്ടിലെത്തിയത്. പിതാവ് ഏത് നിമിഷവും മരണപ്പെട്ടേക്കാമെന്ന അവസ്ഥയിലാണെന്ന് കോടതിയില്‍ ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ Jennings-നെ ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്നും വിട്ടയയ്ക്കുകയായിരുന്നു. നേരത്തെ കോടതിയില്‍ ഇദ്ദേഹം അപ്പീല്‍ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. ഇസ്രായേലിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെത്തുടര്‍ന്ന് ഇദ്ദേഹം വീണ്ടും അപ്പീല്‍ നല്‍കുകയായിരുന്നു. ക്വാറന്റൈനെ താന്‍ പൂര്‍ണ്ണമായും അനുകൂലിക്കുന്നയാളാണെന്നും, പക്ഷേ മാനുഷികപരമായ കാരണങ്ങളാലാണ് താന്‍ അപ്പീല്‍ നല്‍കിയതെന്ന് Jennings വ്യക്തമാക്കി. ഇദ്ദേഹത്തെ ക്വാറന്റൈനില്‍ തടഞ്ഞുവച്ചു എന്ന കേസില്‍ കോടതി വിചാരണ തുടരും.

കേസ് നല്‍കിയ മറ്റൊരു വ്യക്തി ഇസ്രായേലി സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക Inbar Aviezer-നെയും ക്വാറന്റൈനില്‍ നിന്നും വിട്ടയച്ചു. ഇവര്‍ നല്‍കിയ കേസിലും വാദം തുടരും. Jennings-ഉം, Aviezer-ഉം അയര്‍ലണ്ടിലെത്തിയ ശേഷം നെഗറ്റീവ് PCR ടെസ്റ്റും ഹാജരാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: