അയർലണ്ടിന്റെ ചരിത്രത്തിലാദ്യമായി വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് പ്രത്യേക നിയമം; വംശം, ഗോത്രം, ലിംഗം, ലൈംഗിക ചായ്‌വ്, മതം എന്നിവ പറഞ്ഞ് അപമാനിച്ചാൽ 6 മാസം തടവ്

അയര്‍ലണ്ടിലെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് (hate crime) പുതിയ മാനങ്ങള്‍ നല്‍കിക്കൊണ്ട്, രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി നീതിന്യായ വകുപ്പ്. ഒരു വ്യക്തിയുടെ തൊലിയുടെ നിറം, ലൈംഗിക ചായ് വ് (sexual orientation), ലിംഗം (gender) എന്നിവ ലാക്കാക്കിയുള്ള വിദ്വേഷ കുറ്റകൃത്യങ്ങള്‍ പ്രത്യേക കുറ്റകൃത്യങ്ങളാക്കി മാറ്റാനുള്ള Criminal Justice (Hate Crime) Bill 2021 നീതിന്യായ വകുപ്പ് മന്ത്രി Helen McEntee ഇന്ന് അവതരിപ്പിക്കും. ഒരാളുടെ വംശം, പൗരത്വം, മതം, ഗോത്രം, വൈകല്യങ്ങള്‍ എന്നിവ പരാമര്‍ശിച്ചുള്ള വിദ്വേഷപരമായ കുറ്റകൃത്യങ്ങളും ഈ നിയമത്തില്‍ പെടും. ഈ നിയമപ്രകാരം തടവും ശിക്ഷയായി ലഭിക്കും.

ഇത്തരം കുറ്റകൃത്യങ്ങള്‍ ഇരകളില്‍ ഭാവിജീവിത്തെക്കുറിച്ച് ഭയവും, സുരക്ഷിതത്വമില്ലായ്മയും സൃഷ്ടിക്കാന്‍ കാരണമാകുന്നതായും, സമൂഹത്തെ വിഘടിപ്പിക്കുന്നതായും Helen McEntee വ്യക്തമാക്കി. നേരിട്ടോ, സോഷ്യല്‍ മീഡിയ വഴിയോ ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയാല്‍ 6 മാസം വരെ തടവ് ലഭിക്കാം.

അതേസമയം കുറ്റാരോപിതന്‍/കുറ്റാരോപിത മനഃപൂര്‍വ്വം വിദ്വേഷം പരത്താന്‍ ശ്രമിച്ചു എന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമേ ശിക്ഷ വിധിക്കാനാകൂ. ആക്രമണം, ബലപ്രയോഗം നടത്തുക, അപമാനിക്കുക, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക, ഇരയെ അപകടത്തിലാക്കുക എന്നിവ പുതിയ വിദ്വേഷ നിയമത്തിന്റെ പരിധിയില്‍ വരും. ഇത്തരം കുറ്റകൃത്യങ്ങളില്‍ വിദ്വേഷം ഉണ്ടെന്ന് തെളിഞ്ഞാല്‍ ശിക്ഷ ഇരട്ടിയാകും.

1989-ലെ Prohibition of Incitement to Hatred Act അയര്‍ലണ്ടില്‍ നിലവിലുണ്ടെങ്കിലും അത് വിദ്വേഷപരമായ സംസാരത്തെ മാത്രമാണ് കുറ്റകൃത്യമായി കാണുന്നത്. ലിംഗം, വൈകല്യം എന്നിവ പരാമര്‍ശിച്ച് അപമാനിക്കുക, ട്രാവലര്‍ കമ്മ്യൂണിറ്റി പോലുള്ളവര്‍ക്കെതിരായ വംശീയമായ കുറ്റകൃത്യം എന്നിവ ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല.

Share this news

Leave a Reply

%d bloggers like this: