Meath-ലും പരിസരത്തും മിഠായി പാക്കറ്റിൽ വിൽക്കപ്പെടുന്നത് ‘cannabis sweets’; കുട്ടികൾ വാങ്ങിക്കഴിക്കാതെ ശ്രദ്ധിക്കണമെന്ന് ഗാർഡ

Meath-ലും പരിസരപ്രദേശങ്ങളിലുമായി വില്‍ക്കപ്പെടുന്ന ‘cannabis sweets’ വാങ്ങിക്കഴിക്കരുതെന്ന മുന്നറിയിപ്പുമായി ഗാര്‍ഡ. കഴിഞ്ഞ ദിവസം ഗാര്‍ഡ പ്രദേശത്ത് നടത്തിയ മയക്കുമരുന്ന് വേട്ടയ്ക്കിടെയാണ് അപകടകരമായ കെമിക്കലുകള്‍ അടങ്ങിയ cannabis sweets-ന്റെ ധാരാളം പാക്കറ്റുകള്‍ പിടികൂടിയത്. കുട്ടികള്‍ക്കായുള്ള മിഠായികള്‍ പോലെ പല വര്‍ണ്ണങ്ങളിലുള്ള പാക്കറ്റുകളിലാണ് ഇവ എത്തുന്നത് എന്നതിനാല്‍, കുട്ടികള്‍ ഇവ വാങ്ങിക്കഴിക്കാന്‍ സാധ്യതയുണ്ടെന്നും, മാതാപിതാക്കള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഗാര്‍ഡ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

നിയമവിരുദ്ധമായി ഉണ്ടാക്കപ്പെടുന്ന ഇത്തരം മിഠായികളില്‍ അപകടകാരിയായ THC എന്ന രാസവസ്തു 500 mg ഡോസില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ ഈ മിഠായി കഴിച്ച 13 പെണ്‍കുട്ടികളെ തലകറക്കം, ഹൈപ്പര്‍ ആക്ടിവിറ്റി, ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക എന്നിവയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Caribo, Trrlli, Stoneypatch  മുതലായ പേരുകളിലാണ് ഈ മിഠായികള്‍ വില്‍ക്കപ്പെടുന്നത്. Sour infused octopus, strawberry puffs and peachie, Wowheads Sour Jelly Beans, Caribo Happy Cola, Baribo Goldbears എന്നീ ഫ്‌ളേവറുകളില്‍ ഇവ ലഭ്യമാണ്. പാക്കറ്റിന് മുകളില്‍ CA (cannabis logo), 600 mg വരെ THC content എന്നിവ എഴുതിവച്ചിരിക്കുന്നതും കാണാം. ഐറിഷ് വിപണിയില്‍ ഇത്തരം മിഠായികള്‍ ഇപ്പോഴത്തെ ട്രെന്‍ഡാണെന്നാണ് ഗാര്‍ഡ പറയുന്നത്. 30 യൂറോ വരെയാണ് വില. Jellies പോലെയാണ് മിഠായികളുടെ ആകൃതി. കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നാണ് ഇവ ഇറക്കുമതി ചെയ്യപ്പെടുന്നത്. മിഠായി പോലെയിരിക്കുന്നിനാലും, മണം ലഭിക്കാത്തതിനാലും സെക്യൂരിറ്റി പരിശോധനയില്‍ ഇവ പിടിക്കപ്പെടുന്നില്ല.

പല പാക്കറ്റുകളും പ്രമുഖ മിഠായികളുടെ പാക്കറ്റുകളുടേതിന് സമാനമായതിനാല്‍, അത് തിരിച്ചറിയാതെ കുട്ടികള്‍ വാങ്ങിക്കഴിക്കുന്നതാണ് അപകടകരം. പലരും കുട്ടികളെ ഇത് വാങ്ങാനായി പ്രേരിപ്പിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം സാഹചര്യങ്ങളില്‍ തങ്ങളെ ഉടന്‍ ബന്ധപ്പെടണമെന്നും ഗാര്‍ഡ അറിയിച്ചു. ഇത്തരം മിഠായി കഴിക്കുന്നത് കുട്ടികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം.

Share this news

Leave a Reply

%d bloggers like this: