അയർലണ്ടിലെ നഴ്സിങ് ഹോമിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച 2 പേർക്ക് കോവിഡ് ബാധ

അയര്‍ലണ്ടിലെ നഴ്‌സിങ്‌ഹോമില്‍ രണ്ട് ഡോസ് വാക്‌സിനും എടുത്ത രണ്ട് നഴ്‌സിങ് ഹോം സ്റ്റാഫിന് കോവിഡ് ബാധ. Co Louth-ലെ Dundalk-ലുള്ള Dealgan House nursing home-ലാണ് സംഭവം. സ്റ്റാഫിനിടയില്‍ സ്ഥിരമായി നടത്താറുള്ള കോവിഡ് ടെസ്റ്റിലാണ് രണ്ട് പേരില്‍ വൈറസ് ബാധ കണ്ടെത്തിയത്. ഇതെത്തുടര്‍ന്ന് നഴ്‌സിങ് ഹോമിലേയ്ക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം നിര്‍ത്തിവച്ചു.

രണ്ട് സ്റ്റാഫും കഴിഞ്ഞ ഫെബ്രുവരിയോടെ രണ്ടാമത്തെ വാക്‌സിനും സ്വീകരിച്ചുവെന്ന് നഴ്‌സിങ് ഹോം അധികൃതര്‍ പറഞ്ഞതായി Independent റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗം ബാധിച്ചെങ്കിലും ഇവര്‍ ലക്ഷണങ്ങളൊന്നും തന്നെ കാണിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഈ നഴ്‌സിങ് ഹോമില്‍ 22 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഒരു സ്വകാര്യ കമ്പനിയാണ് നഴ്‌സിങ് ഹോം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇവിടെയുണ്ടായ കോവിഡ് ബാധയെത്തുടര്‍ന്ന് ഹോം അധികൃതര്‍ HSE-യോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അന്ന് ഇവിടെ ആവശ്യത്തിന് സ്റ്റാഫും ഇല്ലായിരുന്നു. ഏപ്രില്‍ 17-ന് ഹോമിന്റെ നടത്തിപ്പ് Royal College of Surgeons in Ireland hospital group ഏറ്റെടുത്തു. മെയ് മാസത്തില്‍ ഇവിടെ കോവിഡ് ബാധ അവസാനിക്കും വരെ ഇവരായിരുന്നു നടത്തിപ്പുകാര്‍. ഇവിടെയുണ്ടായ കോവിഡ് ബാധ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്തുവരികയും ചെയ്തിരുന്നു.

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്കും രോഗം വരാമെങ്കിലും, തീവ്രത വളരെ കുറവായിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മരണസാധ്യതയും ഇല്ലാതാക്കും.

Share this news

Leave a Reply

%d bloggers like this: