ജൂണ്‍ മാസത്തോടെ അയര്‍ലണ്ടിലെ പ്രായപൂര്‍ത്തിയായ 82% പേര്‍ക്കും ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും നല്‍കുക എന്ന ലക്ഷ്യം നടപ്പിലായേക്കില്ലെന്ന് HSE. AstraZenica വാക്സിന് ഡെലിവറി വീണ്ടും വൈകിയതിനാല്‍ 65-69 പ്രായക്കാര്‍ക്ക് നിലവില്‍ നല്‍കിവരുന്ന വാക്സിനേഷന് കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാല്‍, ലക്ഷ്യം പൂര്‍ത്തീകരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പ് പറയാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഏപ്രിലോടെ ആഴ്ചയില്‍ 250,000 ഡോസ് വാക്സിനുകള്‍ നല്‍കും എന്ന സര്‍ക്കാര്‍ വാദം എപ്പോള്‍ മുതല്‍ പ്രാവര്‍ത്തികമാക്കും എന്ന ചോദ്യത്തിന്, ഇതിനായി ആശുപത്രികള്‍, വാക്സിനേഷന് സെന്ററുകള്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവരെല്ലാം സജ്ജമാണെങ്കിലും, വാക്സിന് കൃത്യമായി ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി HSE-യുടെ വാക്സിന് പദ്ധതി തലവനായ Damian McCallion പറഞ്ഞു. Oireachtas Health Committee-യില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആഴ്ചയില്‍ 200,000 ഡോസ് എന്ന നിലയിലേയ്ക്ക് വരും ആഴ്ചകളില്‍ എത്തുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.
ഏപ്രിലില്‍ വിവിധ കമ്പനികളില്‍ നിന്നായി 800,000 കോവിഡ് വാക്സിനുകളും, മെയില്‍ 1.4 മില്യണ്‍, ജൂണില്‍ 1.6 മില്യണ്‍ എന്നിങ്ങനെയും ലഭിക്കുമെന്നാണ് HSE-യുടെ പ്രതീക്ഷ. അതേസമയം ഈ ആഴ്ച തരാമെന്നേറ്റ 45,000 ഡോസുകളില്‍ 9,000 ഡോസുകളേ തരാനാകൂവെന്ന് AstraZenica കഴിഞ്ഞ ദിവസം HSE-യെ അറിയിച്ചിരുന്നു. വെള്ളിയാഴ്ചയോടെ എത്തിക്കാമെന്നേറ്റ 165,000 ഡോസുകള്‍ മൂന്ന് ദിവസം വൈകുകയും ചെയ്യും.
രക്തം കട്ടപിടിക്കാന്‍ വളരെ നേരിയ സാധ്യതയുണ്ടെന്ന് European Medicines Agency കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും Johnson & Johnson-ന്റെ 600,000 സിംഗിള്‍ ഡോസ് വാക്സിന് ഉപയോഗിക്കാമെന്ന പ്രതീക്ഷയിലാണ് HSE.