യുഎസിലെ ജോർജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്നു കോടതി

യുഎസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയ്ഡിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ഷോവിന്‍ (45) കുറ്റക്കാരനെന്ന് കോടതി. ഇയാള്‍ക്കെതിരെ കൊലപാതകമടക്കം ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞ സാഹചര്യത്തിലാണ് കോടതി വിധി. 75 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. എട്ട് ആഴ്ചയ്ക്കകം കോടതി ഇയാള്‍ക്ക് ശിക്ഷ വിധിക്കും.

2020 മെയ് 25-നാണ് ഫ്‌ളോയ്ഡിനെ മിനിയപ്പോലിസ് ഉദ്യോഗസ്ഥനായിരുന്ന ഷോവിന്‍ കൊലപ്പെടുത്തിയത്. ഫ്‌ളോയിഡിന്റെ കഴുത്തില്‍ മുട്ടുകുത്തിയിരിക്കുന്ന ഷോവിന്റെ ചിത്രം പുറത്തുവന്നതോടെ സംഭവം ലോമെമ്പാടും വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. തുടര്‍ന്ന് ഷോവിനെ സര്‍വീസില്‍ നിന്നും പുറത്താക്കി കേസെടുത്തു. അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരോടുള്ള വിവേചനം വെളിവാക്കുന്നതായിരുന്നു സംഭവം.

വിധിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്വാഗതം ചെയ്തു. ‘എനിക്ക് ശ്വാസിക്കാന്‍ പറ്റുന്നില്ല’ എന്ന ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ അവസാന വാചകം ഓര്‍മ്മിപ്പിച്ച ബൈഡന്‍ ഇങ്ങനെ പറഞ്ഞു: ‘എനിക്ക് ശ്വാസിക്കാന്‍ പറ്റുന്നില്ല’ ഇതായിരുന്നു ഫ്‌ളോയിഡിന്റെ അവസാന വാചകങ്ങള്‍. അവയെ (വാചകങ്ങളെ) അദ്ദേഹത്തോടൊപ്പം മരിക്കാന്‍ നാം അനുവദിക്കരുത്. നാമത് കേട്ടുകൊണ്ടേയിരിക്കണം. അതില്‍ നിന്നും നാം മുഖം തിരിക്കരുത്. ഇതില്‍ നിന്നും മുഖം തിരിക്കാന്‍ നമുക്ക് സാധിക്കില്ല. ഇത് പ്രധാനപ്പെട്ട മാറ്റത്തിന്റെ നിമിഷമാണ്.

യുഎസില്‍ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥര്‍ കൊലപാതകം നടത്തിയാല്‍ ശിക്ഷിക്കപ്പെടുന്നത് അപൂര്‍വ്വമാണ്. 2005 മുതല്‍ ആയിരക്കണക്കിന് പോലീസ് വെടിവെപ്പുകളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടും, വെറും 7 പോലീസ് ഉദ്യോഗസ്ഥരുടെയാണ് കുറ്റം തെളിയിക്കപ്പെട്ടിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: