അയർലണ്ടിലെ ആരാധനാലയങ്ങൾ അടുത്ത മാസം മുതൽ തുറക്കും; പ്രധാനമന്ത്രി മാർട്ടിൻ

അയര്‍ലണ്ടില്‍ പള്ളികള്‍ അടക്കമുള്ള ആരാധനാലയങ്ങള്‍ അടുത്ത മാസം മുതല്‍ തുറക്കുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. വിവിധ മതനേതാക്കന്മാര്‍ക്ക് കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കി താന്‍ കത്തയച്ചതായി Fianna Fáil parliamentary party-യില്‍ അദ്ദേഹം പറഞ്ഞു.

പള്ളികളും മറ്റും തുറക്കണമെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പടക്കമുള്ളവര്‍ നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് കാലത്തുടനീളം തുറന്നുപ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളെക്കാള്‍ സുരക്ഷിതമാണ് പള്ളികളെന്ന് സ്വതന്ത്ര TD Sean Canney-യും Dail-ല്‍ പറഞ്ഞിരുന്നു. പള്ളികള്‍ തുറക്കാതെ മറ്റ് പലതിനും അനുമതി നല്‍കുന്നതിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.

സര്‍ക്കാര്‍ മതവിരുദ്ധമല്ലെന്ന് ഇതിന് മറുപടി പറയവേ മാര്‍ട്ടിന്‍ വ്യക്തമാക്കി. പൊതുആരോഗ്യവും, ജീവനും സംരക്ഷിക്കുക മാത്രമാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ സമൂഹത്തില്‍ ആരാധന എന്നത് മൗലികാവകാശമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് മതപരമായ ഒത്തുചേരല്‍ നടത്തുന്നത് നിയമവിരുദ്ധമാക്കിയത്, അത്തരം കൂടിച്ചേരലുകള്‍ വ്യാപനം വര്‍ദ്ധിപ്പിക്കുമെന്ന് അന്താരാഷ്ട്രതലത്തില്‍ തെളിയിക്കപ്പെട്ടുതുകൊണ്ടാണെന്നും മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി.

അതേസമയം അടുത്ത തിങ്കളാഴ്ച മുതല്‍ സംസ്‌കാരച്ചടങ്ങുകളില്‍ 25 പേര്‍ വരെ പങ്കെടുക്കാമെന്ന് സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: