അയർലണ്ടിലെ മലയാളി കൗൺസിലർ ബേബി പെരേപ്പാടൻ ഒരു മാസത്തെ ശമ്പളം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മാജിക് പ്ലാനറ്റി നായി സംഭാവന ചെയ്തു മാതൃകയായി

കൊറോണ എന്ന മഹാമാരി ലോകത്തിൽ മനുഷ്യന്റെ സാധാരണ ജീവിതം നിശ്ചലമാക്കിയിട്ടു ഏകദേശം ഒന്നര വർഷക്കാലമായി. ഇതുമൂലം വിഷമതകൾ അനുഭവിക്കുന്നവർ നിരവധിയാണ് . വിവിധ രാജ്യങ്ങളിൽ സർക്കാരുകൾ നൽകുന്ന ചെറിയ സഹായങ്ങൾകൊണ്ട് മാത്രമാണ് പലരും പട്ടിണികിടന്നു മരിക്കാതിരിക്കുന്നത്. പലതരത്തിലുള്ള സ്വകാര്യ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്. എന്നാൽ ഇതിനിടയിൽ ആരും ശ്രദ്ധിക്കാതെ വളരെ ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സ്ഥാപനങ്ങളും ഉണ്ട്. അതിൽ ഒന്നാണ് പ്രശസ്ത മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാടിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന “മാജിക് പ്ലാനെറ്റ് “എന്ന സ്ഥാപനം.

ഈ സ്ഥാപനത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെയുള്ളത് ഭിന്നശേഷിയുള്ള കുട്ടികൾ ആണ് . അവർ എല്ലാവരും മ്യൂസിക്, മാജിക്, ചിത്രരചനാ , ഡാൻസ് ,വാദ്യമേളം തുടങ്ങിയ വിവിധ കലാരംഗങ്ങളിൽ പരിശീലനം നേടുന്നവരാണ് എന്നുകൂടി അറിയുമ്പോൾ നാം ശരിക്കും അത്ഭുതപ്പെടും . ഏകദേശം 100 പേർ ഇപ്പോൾ ഇവിടെ ഉണ്ട്. കൂടാതെ ഈ കുട്ടികളുടെ അമ്മമാർക്ക് ചെറിയ വരുമാനമാർഗത്തിനായി “കരിഷ്മ” എന്ന ഒരു തൊഴിൽ സംരംഭം കൂടി അവിടെ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ കൊറോണ ഈ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലോകം മുഴുവൻ വ്യാപിച്ച കൊറോണ മൂലം സ്റ്റേജ് പ്രാഗ്രാമുകൾ നടത്താൻ കഴിയാത്തതു ഇവരുടെ വരുമാനത്തെ കാര്യമായി ബാധിച്ചു . ഇവിടത്തെ കുട്ടികളും അവരുടെ അധ്യാപകരും അമ്മമാരും സാമ്പത്തിക പ്രതിസന്ധിമൂലം കടുത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുകയാണിപ്പോൾ. പ്രവാസികൾക്കായി ഓൺലൈനിലൂടെ ചില പരിപാടികൾ നടത്തിയെങ്കിലും അതൊന്നും ഈ സ്ഥാപനത്തിന്റെ നടത്തിപ്പിന് ഒന്നുമാവില്ല . ഭിന്നശേഷികരായ കുട്ടികൾക്ക് ഭാവിയിൽ ഒരു തൊഴിൽ നൽകുക എന്ന ഉദ്ദേശത്തോടെ ഗോപിനാഥ് മുതുകാട് പണി തുടങ്ങിയ Different Art Center (DAC ) എന്ന സ്ഥാപവും ഇപ്പോൾ
നിശ്ചലമായിരിക്കുകയാണ് .

ഈ അവസ്ഥകൾ എല്ലാം മനസിലാക്കിയപ്പോൾ ആണ് അയർലണ്ടിലെ ഡബ്ലിൻ അടുത്തുള്ള താല എന്ന സ്ഥലത്തെ കൗൺസിലർ ആയ ശ്രീ ബേബി പെരേപ്പാടൻ തന്റെ ഒരു മാസത്തെ ശമ്പളം മാജിക് പ്ലാനെറ്റിലെ ഈ കുട്ടികൾക്കായി സംഭാവന ചെയ്യാൻ തീരുമാനിച്ചത് . അങ്കമാലി സ്വദേശിയായ അദ്ദേഹം അയർലണ്ടിലെ ഏക മലയാളി കൗൺസിലർ ആണ് . അയർലണ്ടിലെ ഭരണകക്ഷിയായ “ഫിനാഗേൽ ” എന്ന പാർട്ടിയുടെ പ്രതിനിധിയാണദ്ദേഹം . സംസ്കാരിക സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം ഒരിക്കൽ മാജിക് പ്ലാനറ്റ് സന്ദർശിക്കുകയും ശ്രീ മുതുകാടിന്റെ നേതൃത്വത്തിൽ അവിടെ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട് .

തന്റെ ഈ പ്രവർത്തി മറ്റുള്ളവർക്കും ഒരു പ്രചോദനമാവുകയും സാധിക്കുന്ന എല്ലാവരും തങ്ങൾക്കു കഴിയുന്ന രീതിയിൽ ഈ കുട്ടികളുടെ ക്ഷേമത്തിനും നല്ലൊരു ഭാവിക്കുമായി തങ്ങളാൽ കഴിയുന്ന തുക സംഭാവന നൽകണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും ശ്രീ ബേബി പെരേപ്പാടൻ പ്രതികരിച്ചു . 20 വർഷമായി അയർലണ്ടിൽ കുടുംബസമേതം താമസിക്കുന്ന അദ്ദേഹം ഈ മഹാമാരികാലത്തു ചേർത്തുപിടിക്കേണ്ടവരെ നാം ചേർത്തുപിടിക്കണം എന്ന് എല്ലാവരെയും ഓർമിപ്പിക്കുകയാണ് . മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് . എന്നാൽ ആ പദവിക്ക് മനുഷ്യൻ അർഹനാകുന്നത് സഹായം വേണ്ടവർക്ക് വേണ്ടസമയത്തു നൽകുമ്പോൾ മാത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

മാജിക് പ്ലാനറ്റിലേക്ക് പണം സംഭാവന ചെയ്യാൻ താൽപര്യമുള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.differentartcentre.com/vismayasaanthwanam/uk-ireland/180421

Share this news

Leave a Reply

%d bloggers like this: