80% അന്തേവാസികളെയും വാക്സിനേറ്റ് ചെയ്യപ്പെട്ട നഴ്‌സിങ് ഹോമുകളിൽ സന്ദർശക നിയന്ത്രണത്തിൽ ഇളവ്

80% അന്തേവാസികളെയും മുഴുവനായി വാക്‌സിനേറ്റ് ചെയ്യപ്പെട്ട നഴ്‌സിങ് ഹോമുകളിലെ സന്ദര്‍ശനം, ആഴ്ചയില്‍ രണ്ട് എന്നതില്‍ നിന്നും നാല് ആക്കി ഉയര്‍ത്താന്‍ ധാരണ. NPHET, HPSC എന്നിവയുടെ പുതിയ നിര്‍ദ്ദേശപ്രകാരം അടുത്ത ആഴ്ച മുതല്‍ ഇത് നടപ്പില്‍ വരുത്തും. നിലവില്‍ ഒരാള്‍ക്ക് മാത്രമാണ് സന്ദര്‍ശനം അനുവദിച്ചിരിക്കുന്നതെങ്കില്‍, ഇനിമുതല്‍ രണ്ട് പേര്‍ക്ക് നഴ്‌സിങ് ഹോമുകളില്‍ സന്ദര്‍ശനത്തിനെത്താമെന്നും അധികൃതര്‍ അറിയിച്ചു. മെയ് 4 മുതല്‍ ഇളവ് നിലവില്‍ വരും.

ഈ സന്ദര്‍ശനത്തിന് സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും ഒരു മണിക്കൂറെങ്കിലും ഇവിടെ സമയം ചെലവഴിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം ഹോമിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക നിര്‍ബന്ധമാണ്.

അയര്‍ലണ്ടില്‍ ഏറ്റവുമാദ്യം കോവിഡ് വാക്‌സിന്‍ ലഭിച്ചവരില്‍ നഴ്‌സിങ് ഹോം അന്തേവാസികളും സ്റ്റാഫും ഉണ്ടായിരുന്നു.

അതേസമയം 80% പേരെയും മുഴുനായി വാക്‌സിനേറ്റ് ചെയ്തിട്ടില്ലാത്ത നഴ്‌സിങ് ഹോമുകളില്‍ ആഴ്ചയില്‍ രണ്ട് തവണ മാത്രമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം.

നഴ്‌സിങ് ഹോമുകളിലെ നിയന്ത്രണങ്ങള്‍ കാരണം പ്രായമായവര്‍ക്ക് തങ്ങളുടെ മക്കളെയും പേരക്കുട്ടികളെയും കാണാന്‍ സാധിക്കാത്തത് വലിയ വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. വാര്‍ദ്ധക്യത്തിലെ അവശതകളില്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ ഏറെ ആശ്വാസകരമാണെന്നും വിലയിരുത്തപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: