സമയബന്ധിതമായി വാക്സിൻ നൽകാത്തതിന്റെ പേരിൽ AstraZenica-യ്ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്ന് യൂറോപ്യൻ കമ്മീഷൻ

വാക്‌സിന്‍ ഡെലിവറിയിലെ കൃത്യതയില്ലായ്മയെത്തുടര്‍ന്ന് വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയായ AstraZenica-യ്‌ക്കെതിരെ കേസെടുത്തു എന്ന വാര്‍ത്ത നിഷേധിച്ച് യൂറോപ്യൻ കമ്മീഷൻ. 2021-ലെ രണ്ടാം പാദത്തില്‍ നേരത്തെ പറഞ്ഞുറപ്പിച്ച അത്രയും വാക്‌സിന്‍ എത്തിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് കമ്പനിക്കെതിരെ കമ്മിഷന്‍ നിയമനടപടി ആരംഭിച്ചു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ കമ്പനിക്കെതിരെ നിയമനടപടി എടുക്കണം എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കമ്മിഷന്‍ വക്താവ് പറഞ്ഞതായി The Journal റിപ്പോര്‍ട്ട് ചെയ്യുന്നു. AstraZenica-യില്‍ നിന്നും സമയബന്ധിതമായി വാക്‌സിനുകള്‍ ലഭിക്കാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത് എന്നാണ് യൂറോപ്യന്‍ കമ്മിഷന്‍ വക്താവ് അറിയിച്ചത്. EU അംഗംങ്ങള്‍ ഒന്നുചേര്‍ന്നാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം AstraZenica-യ്‌ക്കെതിരെ നിയമനടപടി എടുത്തിട്ടുണ്ട് എന്നായിരുന്നു അയര്‍ലണ്ട് ആരോഗ്യമന്ത്രി Stephen Donnelly വ്യാഴാഴ്ച Dail-ല്‍ പറഞ്ഞിരുന്നത്. കമ്മിഷന്‍ നടപടിയില്‍ ഈ ആഴ്ച ആദ്യം അയര്‍ലണ്ടും കക്ഷി ചേര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് നല്‍കാമെന്നേറ്റ വാക്‌സിന്റെ അളവില്‍ AstraZenica കുറവ് വരുത്തുന്നത് തുടരുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും, ഉല്‍പ്പാദനത്തിലെ കുറവുമാണ് കാരണമായി പറയുന്നത്.

2021-ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ EU-വിനായി 100 മില്യണ്‍ ഡോസുകള്‍ നല്‍കാമെന്നായിരുന്നു AstraZenica-യുടെ കരാര്‍. എന്നാല്‍ ഉല്‍പ്പാദന പ്രതിസന്ധികള്‍ കാരണം വെറും 29.4 മില്യണ്‍ ഡോസുകള്‍ മാത്രമാണ് നല്‍കാന്‍ സാധിച്ചിട്ടുള്ളത്. മറ്റൊരു രാജ്യത്തിന് വാക്‌സിന്‍ നല്‍കുന്നത് കാരണം, EU-വിന് നല്‍കുന്നതില്‍ കുറവുണ്ടാകരുതെന്നും വ്യക്തമായി കരാറിലുണ്ടെന്ന് EU അധികൃതര്‍ പറയുന്നു. കരാര്‍ പ്രകാരം വാക്‌സിന്‍ നല്‍കാന്‍ ‘കഴിയുന്നത്ര സമബന്ധിതമായി ശ്രമിക്കും’ എന്നാണ് പറഞ്ഞിട്ടുള്ളതെന്നാണ് AstraZenica പറയുന്നത്.

അതേസമയം UK-യ്ക്ക് ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കുന്നതില്‍ AstraZenica കുറവൊന്നും വരുത്തിയിട്ടില്ല. ഈ ആഴ്ചയും അയര്‍ലണ്ടിന് ലഭിക്കാനിരുന്ന 45,000 ഡോസുകളില്‍ വെറും 9,000 ഡോസുകള്‍ മാത്രമേ നല്‍കാനാകൂവെന്നാണ് കമ്പനി പറയുന്നത്.

Share this news

Leave a Reply

%d bloggers like this: