അയർലണ്ടിലെ യാക്കോബായ സഭയുടെ വികാരിയായിരുന്ന ഫാ. ബിജു പാറേക്കാട്ടിലിന്‌ യാത്രയയപ്പ് നൽകി

വാട്ടർഫോർഡ് സെൻറ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് വികാരിയായി പത്തു വർഷക്കാലം സേവനമനുഷ്ഠിച്ച ഫാദർ ബിജു എം പാറേക്കാട്ടിലിന്‌ വാട്ടർഫോർഡ് പള്ളി യാത്രയയപ്പ് നൽകി.

മഹാപരിശുദ്ധനായ ഗീവർഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഫാദർ ബിബിൻ തോമസ് അധ്യക്ഷത വഹിച്ചു. പള്ളി സെക്രട്ടറി ആൻഡ്രൂസ് ജോയ്, ജോയിൻ്റ് സെക്രട്ടറി റെജി എൻ ഐ, ട്രസ്റ്റി ബിജു പോൾ, ജോയിൻ്റ് ട്രസ്റ്റി ഗ്രേസ് ജേക്കബ് ജോൺ,സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ തമ്പി തോമസ്, വനിതാ സമാജം സെക്രട്ടറി ലിജി ബോബിൻ, യൂത്ത് അസോസിയേഷൻ സെക്രട്ടറി ജോൺസ്, സ്റ്റുഡൻറ് മൂവ്മെൻറ് സെക്രട്ടറി ജോയൽ ബെന്നി എന്നിവർ തദവസരത്തിൽ സംസാരിച്ചു.

യോഗത്തിൽ സംസാരിച്ച ഏവരും പള്ളിയുടെ ഭൗതികവും ആത്മീയവുമായ വളർച്ചയിൽ ബിജു അച്ചൻ നൽകിയ സേവനങ്ങളെ പ്രത്യേകം പ്രകീർത്തിച്ചു. എക്യൂമെനിക്കൽ രംഗത്ത് അച്ചൻ നൽകിയ സംഭാവനകൾ സഭയുടെ അയർലൻഡിലെ പ്രവർത്തനങ്ങളിൽ വളരെ സഹായകരമായിരുന്നു എന്ന് ഏവരും പ്രത്യേകം എടുത്തു പറഞ്ഞു.

പള്ളിക്കു വേണ്ടി ഫാദർ ബിബിൻ ബാബു ബിജു അച്ചനെ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി ആൻഡ്രൂസ് ജോയ്, ട്രസ്റ്റി ബിജു പോൾ എന്നിവർ ചേർന്ന് ഇടവകയുടെ മൊമെൻ്റോ അച്ചന്‌ സമ്മാനിക്കുകയും ചെയ്തു. യാത്രയപ്പ് സമ്മേളന നടപടികളിൽ സൂം മീറ്റ് വഴിയായി കണ്ട് പങ്കെടുത്ത ഇടവകയിലെ എല്ലാ അംഗങ്ങൾക്കും ബിജു അച്ചൻ ആശംസകൾ നേർന്നു.

2011 മുതൽ പത്തുവർഷക്കാലം അയർലൻഡിൽ സേവനമനുഷ്ഠിച്ച ഫാദർ ബിജു എം പാറേക്കാട്ടിൽ ഏപ്രിൽ 28നാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഇടുക്കി പണിക്കൻകൂടി സ്വദേശിയായ ഫാദർ ബിജു യാക്കോബായ സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ ഹൈറേഞ്ച് മേഖല വൈദികനും അറിയപ്പെടുന്ന സഭാ പണ്ഡിതനും ആണ്.

Share this news

Leave a Reply

%d bloggers like this: