ജനങ്ങൾ ഗാർഡ ഉദ്യോഗസ്ഥരുടെ ഫോട്ടോ എടുക്കുന്നു, സോഷ്യൽ മീഡിയ വഴി ആക്രമിക്കാൻ ആഹ്വാനം നടത്തുന്നു: പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് ഗാർഡ പ്രതിനിധികൾ

അയര്‍ലണ്ടില്‍ പൊതുജനങ്ങള്‍ ഗാര്‍ഡ ഉദ്യോഗസ്ഥരുടെ ഫോട്ടോകളും, വീഡിയോകളും എടുക്കുന്നത് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതായി ഗാര്‍ഡ പ്രതിനിധികള്‍. ഇത്തരത്തില്‍ എടുക്കപ്പെടുന്ന ഫോട്ടോ/വീഡിയോ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിപ്പിക്കപ്പെടാറുണ്ട്. ചില അവസരങ്ങളില്‍ ഇവരുടെ അഡ്രസ് അടക്കം വെളിവാക്കപ്പെടുകയും, ഇവരെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യപ്പെടുകയും ചെയ്യാറുണ്ട്. ഇത് തങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്നാണ് ഗാര്‍ഡയുടെ പരാതി.

അതേസമയം അയര്‍ലണ്ടില്‍ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് ബോഡി ക്യാമറകള്‍ ഘടിപ്പിക്കാനുള്ള നീക്കം സജീവവമാകുന്നതിനിടെയാണ് ഈ പരാതി ഉയര്‍ന്നിരിക്കുന്നത്. കൂടുതല്‍ മികച്ച പോലീസിങ് സംവിധാനം ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ Garda Síochána (Digital Recording) Bill 2021 കൊണ്ടുവന്നിരിക്കുന്നത്. നീതിന്യായ വകുപ്പ് മന്ത്രി Helen McEntee ആണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ പ്രകാരം ഗാര്‍ഡ ഉദ്യോഗസ്ഥരുടെ ശരീരത്തില്‍ ക്യാമറ ഘടിപ്പിക്കും. പ്രത്യേക സാഹചര്യങ്ങളില്‍ ഡ്രോണ്‍ അടക്കമുള്ള റെക്കോര്‍ഡിങ് ഉപകരണങ്ങളും ഉപയോഗിക്കാം. ഇതിന് പുറമെ ഗാര്‍ഡ വാഹനങ്ങളില്‍ മൊബൈല്‍ സിസിടിവി, automatic number plate recognition (ANPR) cameras എന്നിവയും ഘടിപ്പിക്കും. പ്രതിഷേധപ്രകടനം, കലാപം, ഗാര്‍ഹിക പീഢനം എന്നീ സാഹചര്യങ്ങളിലെല്ലാം വീഡിയോ തെളിവാകും.

ജനങ്ങളോടുള്ള ഗാര്‍ഡയുടെ പെരുമാറ്റം കൂടുതല്‍ മികച്ചതാക്കാന്‍ ക്യാമറകള്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒപ്പം വീഡിയോ വഴി വ്യക്തമായ തെളിവുകള്‍ ലഭിക്കുമെന്നതിനാല്‍ ഇത്തരം കേസുകളില്‍ എളുപ്പത്തില്‍ കാലതാമസമില്ലാതെ തീര്‍പ്പുകല്‍പ്പിക്കാനും കഴിയും. അമേരിക്കയെ ജോര്‍ജ്ജ് ഫ്‌ളോയ്ഡ് കൊലപാതകത്തില്‍ പ്രതിയായ പോലീസുകാരന് ശിക്ഷ വിധിക്കാന്‍ വീഡിയോ തെളിവായ കാര്യവും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം ആളുകളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമാണ് ക്യാമറ എന്നും വിമര്‍ശനം ഉയരുന്നുണ്ട്. മാത്രമല്ല വളരെ ചെലവേറിയ ഒരു പദ്ധതിയുമാണ് ഇത്.

ബോഡി ക്യാമറകള്‍ പോലീസിങ്ങിന് സഹായകമാകുമെന്ന് പറയുന്ന ഗാര്‍ഡ പക്ഷേ, ജനങ്ങള്‍ തങ്ങളുടെ നീക്കം റെക്കോര്‍ഡ് ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള ആവലാതികളാണ് പങ്കുവയ്ക്കുന്നത്. ഉദ്യോഗസ്ഥരായ വ്യക്തികളെ ഉന്നം വച്ച് ആക്രമണം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍, ഈ പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടണമെന്നും ഗാര്‍ഡ പ്രതിനിധികള്‍ ആവശ്യപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: