അയർലണ്ടിൽ വീട് വാടകയ്ക്ക് എടുക്കുമ്പോൾ നൽകുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് എത്ര? ഡെപ്പോസിറ് തിരികെ ലഭിക്കുന്നത് എപ്പോൾ? തിരികെ ലഭിക്കാത്ത സാഹചര്യങ്ങൾ എന്തെല്ലാം?

ഒരു വീട് വാടകയ്ക്ക് എടുക്കുമ്പോള്‍ വീട്ടുടമയ്ക്ക് വാടകക്കാരന്‍ നല്‍കുന്ന തുകയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. വാടക വീട്ടില്‍ താമസമാരംഭിക്കുമ്പോള്‍ നല്‍കുന്ന ഈ തുക, വാടകക്കരാര്‍ അവസാനിപ്പിച്ച് വീട് തിരികെ നല്‍കുമ്പോള്‍ വാടകക്കാരന് തിരികെ നല്‍കണമെന്നാണ് നിയമം. അതേസമയം വാടകക്കാരന്‍ വാടക കുടിശ്ശിക, ബില്‍ കുടിശ്ശിക, ടാക്‌സ് കുടിശ്ശിക എന്നിവ വരുത്തുകയോ, വീട്ടിലെ ഉപകരണങ്ങള്‍ക്കോ വീടിനോ കേടുപാടുണ്ടാക്കുകയോ ചെയ്താല്‍, ആ തുക സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ നിന്നും കുറയ്ക്കാവുന്നതാണ്.

ഡെപ്പോസിറ്റ് തുക എത്രയാണ്?

ഡെപ്പോസിറ്റ് തുക എത്രയായിരിക്കണമെന്ന കാര്യത്തില്‍ നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഒന്നും തന്നെയില്ല. ഒരു മാസത്തെ വാടകയ്ക്ക് മുകളിലല്ലാത്ത തുക ഡെപ്പോസിറ്റായി നല്‍കണം എന്ന് മാത്രമാണ് RTB നിര്‍ദ്ദേശിക്കുന്നത്. ഡെപ്പോസിറ്റ് കൈപ്പറ്റിയതായി വീട്ടുടമയുടെ കൈയിലും, വാടക്കാരന്റെ കൈയിലും റസീറ്റ് ഉണ്ടാകുകയും വേണം.

ഡെപ്പോസിറ്റ് തുക നല്‍കേണ്ടത് എപ്പോള്‍?

വാടക വീട് കണ്ട് ഇഷ്ടപ്പെടുകയും, നിബന്ധനകള്‍ അംഗീകരിക്കുകയും ചെയ്ത ശേഷം മാത്രം ഡെപ്പോസിറ്റ് നല്‍കുക. ഡെപ്പോസിറ്റ് നല്‍കിക്കഴിഞ്ഞാല്‍ വാടകക്കാലം ആരംഭിച്ചു എന്നാണ് അര്‍ത്ഥം. ഈ സമയം തന്നെ വീടിന്റെ താക്കോലും നല്‍കണം.

ഡെപ്പോസിറ്റ് തുകയുടെ ഉത്തരവാദിത്തം ആര്‍ക്ക്?

ഡെപ്പോസിറ്റ് തുക വാങ്ങുന്നത് ആരെന്നും, അത് തിരികെ നല്‍കാനുള്ള ഉത്തരവാദിത്തം ആര്‍ക്കെന്നും തുക നല്‍കുന്ന സമയത്ത് വാടകക്കാരന്‍ ഉറപ്പുവരുത്തണം. വീട്ടുടമ, ഏജന്റ് എന്നിവരെ ബന്ധപ്പെടാനുള്ള അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണം.

വീട്ടുടമയുടെ ആളായി, കെട്ടിടം വാടകയ്ക്ക് കൊടുക്കുന്നത് ഏജന്റ് ആണെങ്കില്‍, ഏജന്റാണ് സാധാരണയായി ഡെപ്പോസിറ്റ് തുക വാങ്ങുക. ഈ തുക ഏജന്റ് പിന്നീട് വീട്ടുടമയ്ക്ക് നല്‍കുകയും ചെയ്യും.

ഡെപ്പോസിറ്റ് തുക എപ്പോള്‍ തിരികെ ലഭിക്കും?

വാടകക്കാലാവധി അസാനിച്ചാല്‍ ഡെപ്പോസിറ്റ് തുക തിരികെ നല്‍കണം. വീട് ഒഴിയുന്ന ദിവസം തന്നെ ഡെപ്പോസിറ്റ് നല്‍കേണ്ടതില്ലെങ്കിലും, ഏറെ വൈകാതിരിക്കാന്‍ ശ്രദ്ധിക്കണം. വാടക വീട് ഒഴിയുമ്പോള്‍ വീടിനോ, ഉപകരണങ്ങള്‍ക്കും കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്ന് പരിശോധിക്കാനും, വൃത്തിയാക്കാനുമുള്ള സമയം വാടക്കാര്‍, വീട്ടുടമയ്ക്ക് നല്‍കണം.

ഡെപ്പോസിറ്റ് തുക തിരികെ നല്‍കാതിരിക്കാവുന്ന സാഹചര്യങ്ങള്‍

താഴെ പറയുന്ന സാഹചര്യങ്ങളില്‍ വീട്ടുടമയ്ക്ക് ഡെപ്പോസിറ്റ് തുക വാടക്കാര്‍ക്ക് തിരികെ നല്‍കാതിരിക്കാം:

  • വാടക കുടിശ്ശിക വരുത്തിയാല്‍ (ആ തുക കുറച്ച ശേഷം ബാക്കി ഡെപ്പോസിറ്റ് തുക നല്‍കാം)
  • വീടിനോ ഉപകരണങ്ങള്‍ക്കോ കേടുപാടുകള്‍ സംഭവിച്ചാല്‍ ആ തുക കുറച്ച ശേഷം ബാക്കി ഡെപ്പോസിറ്റ് തുക നല്‍കാം.

കേടുപാടുകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്

  • ജനല്‍ പൊട്ടുക
  • ചുമരില്‍ തുളകള്‍ ഉണ്ടാകുക
  • മാലിന്യം, വാടക്കാരന്റെ വസ്തുക്കള്‍ എന്നിവ വീട്ടില്‍ ഉപേക്ഷിക്കുക
  • വൃത്തികേടായ നിലയില്‍ വീട് തിരികെ നല്‍കുക
  • വീട്ടിലെ ഉപകരണങ്ങള്‍ കേടാവുകയോ, തിരികെ നല്‍കാതിരിക്കുകയോ ചെയ്യുക
  • കറന്റ്, വെള്ളം തുടങ്ങിയവയുടെ ബില്‍ കുടിശിക വരുത്തുക (ഈ ബില്ലുകളുടെ കോപ്പി വാടക്കാരനും കൈവശം സൂക്ഷിക്കേണ്ടതും, അടച്ചു എന്ന് ഉറപ്പവരുത്തേണ്ടതുമാണ്.)
  • നേരത്തെ അംഗീകരിച്ച വാടക്കരാര്‍ പ്രകാരമുള്ള കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വീട് ഒഴിയുകയാണെങ്കില്‍ ഡെപ്പോസിറ്റ് തിരികെ നല്‍കാതിരിക്കാം.
  • വാടക വീട് ഒഴിയുന്നതിനു മുമ്പ് കൃത്യമായി നോട്ടീസ് പീരീഡ് നൽകാത്ത പക്ഷവും ഡെപ്പോസിറ്റ് തിരികെ കൊടുക്കാതിരിക്കാൻ വീട്ടുടമയ്ക്ക് കഴിയും. ( ഉദാ: 6 മാസത്തിനു മേൽ വാടകയ്ക്ക് താമസിക്കുന്ന ആൾ ആണെങ്കിൽ ഒഴിയുന്നതിനു 35 ദിവസം മുമ്പ് നോട്ടീസ് കൊടുത്തിരിക്കണം, 6 മാസത്തിൽ താഴെ ആണെങ്കിൽ 28 ദിവസം).

അതെ സമയം വീട്ടുടമ ശ്രദ്ധിക്കാത്തതിനാൽ വീട് അപകടകരമായ സ്ഥിതിയിൽ ആണെങ്കിൽ, അത് മൂലം താമസക്കാർക്ക് അപകടം സംഭവിക്കാൻ സാധ്യതയുണ്ടെങ്കിൽ 7 ദിവസത്തെ നോട്ടീസ് പീരീഡ് നൽകി വാടക ഒഴിയാം. ഈ സാഹചര്യത്തിൽ ഡെപ്പോസിറ്റ് തുക തിരികെ നൽകാൻ വീട്ടുടമ ബാധ്യസ്‌ഥനാണ്.

ഡെപ്പോസിറ്റ് തുക സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ Residential Tenancies Board-നെ സമീപിക്കാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: