ആർ ബാലകൃഷ്ണ പിള്ള അന്തരിച്ചു

കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാനും, മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണ പിള്ള അന്തരിച്ചു. പ്രായാധിക്യം മൂലമുള്ള അവശതകള്‍ അനുഭവിച്ചിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ ആയിരുന്നു വിയോഗം. 86 വയസായിരുന്നു.

മൃതശരീരം 9 മണി വരെ കൊട്ടാരക്കര ടൗണിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിന് ശേഷം9 മുതല്‍ പത്തനാപുരത്തെ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ആസ്ഥാനത്തും പൊതുദര്‍ശനത്തിന് സൌകര്യമൊരുക്കിയിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് 5 മണിക്ക് വാളകത്തെ തറവാട്ട് വളപ്പില്‍ നടക്കും.

ഇത്തവണ കേരള നിയമസഭയിലേക്ക് പത്തനാപുരത്ത് നിന്നും മത്സരിച്ച മകന്‍ കെ ബി ഗണേഷ് കുമാര്‍ വിജയിച്ചിരുന്നു. മരണത്തിനു മുമ്പ് ഈ വാര്‍ത്ത അറിയാന്‍ ബാലകൃഷ്ണ പിള്ളയ്ക്ക് സാധിച്ചു. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും മകനൊപ്പം അദ്ദേഹം സജീവമായി രംഗത്തിറങ്ങിയിരുന്നു.

1935 മാര്‍ച്ച് 8-ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ ജനിച്ച ബാലകൃഷ്ണപ്പിള്ള, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനൊപ്പമുള്ള പ്രവര്‍ത്തനത്തിലൂടെ സജീവരാഷ്ട്രീയത്തിലെത്തി. 1964-ല്‍ കേരള കോണ്‍ഗ്രസ് സ്ഥാപക സെക്രട്ടറിയായി. പിന്നീട് കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കേരളാ കോണ്‍ഗ്രസ് (ബി) വിഭാഗം രൂപീകരിച്ച് ചെയര്‍മാനായി. 1975-ല്‍ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ഗതാഗതം, എക്‌സൈസ്, ജയില്‍ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു. പിന്നീട് 1980-82, 1982-85, 1986-87 കാലഘട്ടങ്ങളിലും മന്ത്രിയായി. വൈദ്യുതി വകുപ്പിലായിരുന്നു ഇത്. വീണ്ടും 1991-95-ല്‍ കരുണാകരന്‍ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായി. 1995-ലും, 2003-2004-ലും ആന്റണി മന്ത്രിസഭയിലും അംഗം.

ഇടമലയാര്‍ അഴിമതി കേസില്‍ ജയില്‍ ശിക്ഷ ലഭിച്ച ബാലകൃഷ്ണ പിള്ള 69 ദിവസം ശിക്ഷനുഭവിച്ചിട്ടുണ്ട്. ശേഷം മറ്റ് 138 തടവുകാര്‍ക്കൊപ്പം ശിക്ഷായിളവ് ലഭിച്ചു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യ മന്ത്രിയായിരുന്നു ബാലകൃഷ്ണ പിള്ള. പ്രിസണര്‍ 5990 എന്ന പേരില്‍ ആത്മകഥയും അദ്ദേഹം എഴുതി.

Share this news

Leave a Reply

%d bloggers like this: