Thursday, 6 May 2021

അയർലണ്ടിലെ Litter Pollution Act എന്നാൽ എന്ത്? മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യേണ്ടത് എങ്ങനെ?

Updated on 03-05-2021 at 10:15 am

Share this news

അയര്‍ലണ്ടിലെ Litter Pollution Act 1997 അനുസരിച്ച് പൊതുസ്ഥലത്ത് ചപ്പുചവറുകള്‍ അ‌ലക്ഷ്യമായി ഇടുന്നത് ശിക്ഷാര്‍ഹമാണ്. Waste Management (Amendment) Act 2001, Protection of the Environment Act 2003 എന്നിവയും രാജ്യത്തെ വൃത്തിയായി സൂക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളവയാണ്. പേപ്പര്‍ കഷണങ്ങളോ, സിഗരറ്റ് പാക്കറ്റുകളോ മാത്രമല്ല, പരിസരം മലിനമാക്കുന്ന വസ്തുക്കളെല്ലാം തന്നെ ചപ്പുചവര്‍ അഥവാ litter എന്ന വിഭാഗത്തില്‍ വരും.

ഓരോ തദ്ദേശസ്ഥാപനത്തിനുമാണ് നിയമം കൃത്യമായി നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം. നിയമത്തിന് എതിരായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നത് കണ്ടാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരവും തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ട്.

ചപ്പുചവറുകള്‍ ഇടാനായി വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുക, അവ കൃത്യമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നിവയും ഈ സ്ഥാപനങ്ങളാണ് നടത്തേണ്ടത്. ഓരോ പ്രദേശത്തും മാലിനിയം നീക്കം ചെയ്യാനുള്ള പദ്ധതികളും ഇവര്‍ ആവിഷ്‌കരിക്കണം. ഇതിനായി പ്രദേശവാസികളോട് കൂടിയാലോചിക്കണം. അതോടൊപ്പം അലക്ഷ്യമായി ചപ്പുചവറുകള്‍ ഇടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഫൈന്‍ വഴി നടപടിയെടുക്കാന്‍ ഗാര്‍ഡയെയും നിയമം അധികാരപ്പെടുത്തിയിരിക്കുന്നു.

അലക്ഷ്യമായി ചപ്പുചവറുകള്‍ വലിച്ചെറിഞ്ഞാല്‍ 150 യൂറോയാണ് സാധാരണയായി സംഭവസ്ഥലത്ത് വച്ച് ഗാര്‍ഡ ഈടാക്കുന്ന പിഴ. ജില്ലാ കോടതിയില്‍ കേസ് എത്തുകയാണെങ്കില്‍ 3000 യൂറോ വരെ പിഴയൊടുക്കേണ്ടി വന്നേക്കാം.

ഒരു തവണ ഈ കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ വീണ്ടും സമാന കുറ്റ ംആവര്‍ത്തിച്ചാല്‍ 600 യൂറോ വരെ നിയമലംഘനം നടത്തുന്ന ഓരോ ദിവസവും പിഴ ഈടാക്കാം. അതേസമയം Protection of the Environment Act 2003 പ്രകാരം നിയമലംഘനം തുടര്‍ന്നാല്‍ ഈ തുക 130,000 യൂറോ വരെ ആകാം. ഓരോ ദിവസവും 10,000 യൂറോ വരെയും പിഴ ചുമത്താം.

ഗാര്‍ഡയ്ക്ക് പുറമെ തദ്ദേശസ്ഥാപനം നിയമിക്കുന്ന litter warden-ഉം ഇത്തരത്തില്‍ പിഴ ഈടാക്കാവുന്നതാണ്. കേസ് കോടതിയില്‍ എത്തുകയാണെങ്കില്‍, നിങ്ങള്‍ ശിക്ഷിക്കപ്പെട്ടാല്‍ കേസ് നടത്തിപ്പിനായി തദ്ദേശ സ്ഥാപനം ചെലവിട്ട തുകയും നിങ്ങള്‍ അടയ്‌ക്കേണ്ടി വരും.

വീട്ടിലെ മാലിന്യങ്ങള്‍ തദ്ദേശസ്ഥാപനത്തിന്റെ വേസ്റ്റ് മാനേജ്‌മെന്റ് വാഹനം വരുന്ന ദിവസം കൃത്യമായി അതില്‍ കയറ്റാന്‍ പാകത്തിന് തയ്യാറാക്കി വയ്ക്കണം. അലക്ഷ്യമായി റോഡിലും മറ്റും വേസ്റ്റ് വയ്ക്കുന്നത് പട്ടികളോ മറ്റ് ജീവികളോ അത് കടിച്ച് വലിക്കാനും, റോഡിലാകെ പരക്കാനും ഇടയാക്കും. ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്കെതിരെ തദ്ദേശസ്ഥാപനത്തിന് കേസെടുക്കാവുന്നതാണ്.

പൊതു ഇടം എന്നതിന്, പൊതുജനം എത്തുന്ന ഇടം എന്നുകൂടി അര്‍ത്ഥമുണ്ട്. അതായത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂള്‍, പബ്ലിക് പാര്‍ക്ക്, ട്രെയിന്‍/ബസ് സ്റ്റേഷന്‍, ഷോപ്പിങ് സെന്റര്‍ എന്നിവെല്ലാം പൊതു ഇടത്തില്‍ പെടും. ഇവിടം litter free ആയിരിക്കേണ്ട ഉത്തരവാദിത്തം ഉടമയ്ക്കാണ്. അതുപോലെ പൊതുജനങ്ങള്‍ക്ക് കാണാവുന്ന തരത്തിലാണ് ഒരു സ്വകാര്യ വ്യക്തിയുടെ പുറം സ്ഥലം എങ്കില്‍ അതും ഇത്തരത്തില്‍ ചപ്പുചവറുകള്‍ ഇല്ലാതെ സൂക്ഷിക്കേണ്ടതുണ്ട്.

സ്‌പോര്‍ട്‌സ് മാച്ചുകള്‍, മറ്റ് പരിപാടികള്‍ എന്നിവ നടക്കുന്ന ഇടം വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് സംഘാടകരാണ്.

Mobile Food Outlets

വാഹനങ്ങളില്‍ ഭക്ഷണമോ സാധനങ്ങളോ വില്‍ക്കുന്നവര്‍ മാലിന്യം ഇടാനായി ബിന്നുകള്‍ കൂടെ കൊണ്ടുപോകണം. Outlet-ന്റെ 100 മീറ്റര് ചുറ്റളവില്‍ ഇത് കാരണമുണ്ടാകുന്ന മാലിന്യം ബിന്നില്‍ നിക്ഷേപിക്കുന്നു എന്ന് ഉറപ്പുവരുത്തണം.

അനധികൃതമായി മാലിന്യം തള്ളല്‍

അനധികൃതമായി പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അത് തദ്ദേശ സ്ഥാപനത്തെ അറിയിക്കാവുന്നതാണ്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1850 365 121 എന്ന നമ്പറില്‍ വിളിക്കാം. നിങ്ങളുടെ വിവരങ്ങള്‍ അധികൃതര്‍ രഹസ്യമാക്കി സൂക്ഷിക്കുകയും ചെയ്യും.

Dog fouling

പട്ടികളടക്കമുള്ള വളര്‍ത്തുമൃഗങ്ങള്‍ പൊതുസ്ഥലത്ത് സൃഷ്ടിക്കുന്ന മാലിന്യം വൃത്തിയാക്കേണ്ടത് ഉടമസ്ഥന്റെ/ഉടമസ്ഥയുടെ ബാധ്യതയാണ്. ബീച്ചുകള്‍, സ്‌കൂള്‍ ക്യാംപസ്, മറ്റൊരു വ്യക്തിയുടെ വീടിന് തൊട്ടടുത്ത് പ്രദേശം എന്നിവയെല്ലാം പൊതു സ്ഥലമാണ്.

പോസ്റ്ററുകള്‍, അടയാളങ്ങള്‍

അനുവാദമില്ലാതെ പൊതു ഇടങ്ങളില്‍ പോസ്റ്ററുകളോ, അടയാളങ്ങളോ സ്ഥാപിക്കാന്‍ പാടില്ല. അഥവാ ഇത്തരത്തില്‍ അനുവാദത്തോടെ സ്ഥാപിക്കുന്ന പക്ഷം, സ്ഥാപിക്കുന്നയാളുടെ പേര്, വിലാസം (ആരാണോ ഉത്തരവാദി അയാള്‍) എന്നിവ പോസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കണം.

അതുപോലെ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാപിക്കുന്ന പോസ്റ്ററുകള്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞ് 7 ദിവസത്തിനകം മാറ്റിയിരിക്കണം. സ്ഥാനാര്‍ത്ഥിക്കും പാര്‍ട്ടിക്കുമാണ് അതിന്റെ ഉത്തരവാദിത്തം. അല്ലാത്തപക്ഷം തദ്ദേശവകുപ്പ് പോസ്റ്ററുകള്‍ മാറ്റും. പക്ഷേ 50 യൂറോ വീതം ഓരോ പോസ്റ്ററിനും പിഴ നല്‍കേണ്ടിവരും. പിഴ അടച്ചില്ലെങ്കില്‍ കേസ് കോടതിയില്‍ എത്തുകയും, 3000 യൂറോ വരെ പിഴ നല്‍കേണ്ടിവരികയും ചെയ്യും.

പരസ്യങ്ങള്‍

കാറുകളുടെ വിന്‍ഡ് സ്‌ക്രീനിലും മറ്റും പരസ്യങ്ങളുടെ ലീഫ്‌ലെറ്റുകള്‍ വച്ച് പോകുന്ന നിയമവിരുദ്ധമാണ്. അഥവാ ലീഫ്‌ലെറ്റുകള്‍ വിതരണം ചെയ്യണമെങ്കില്‍ തദ്ദേശസ്ഥാപനത്തില്‍ നിന്നും അനുമതി വാങ്ങണം.

comments


 

Other news in this section