മുഴുവനായും വാക്സിനേറ്റ് ചെയ്യപ്പെട്ട യാത്രക്കാർക്ക് EU-വിൽ പ്രവേശനാനുമതി നൽകാൻ കമ്മിഷൻ നീക്കം

മുഴുവനായി വാക്‌സിനേറ്റ് ചെയ്യപ്പെട്ടവര്‍ക്കും, കോവിഡ് ബാധ കുറഞ്ഞ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കും ജൂണ്‍ മാസത്തോടെ EU-വില്‍ പ്രവേശനം അനുവദിക്കാന്‍ European Commission നീക്കം. അംഗരാജ്യങ്ങളില്‍ വാക്‌സിന്‍ വിതരണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അവശ്യ യാത്രകളില്‍ ഇളവ് നല്‍കാന്‍ കമ്മിഷന്‍  ആലോചിക്കുന്നത്.

ഇത് സംബന്ധിച്ച് അംഗരാജ്യങ്ങളുമായി ഈ മാസം ചര്‍ച്ച നടത്തി, അനുകൂലമാണെങ്കില്‍ EU അതിര്‍ത്തികള്‍ യാത്രക്കാര്‍ക്കായി തുറക്കാനാണ് തീരുമാനമെന്ന് കമ്മിഷന്‍ അധികൃതര്‍ അറിയിച്ചു. അതേസമയം രാജ്യത്ത് എത്തുന്നതിന് മുമ്പോ, ശേഷമോ കോവിഡ് ടെസ്റ്റ് നടത്തുക, ക്വാറന്റൈനില്‍ പോകുക എന്നീ കാര്യങ്ങളില്‍ ഓരോ രാജ്യത്തിനും സ്വന്തമായി തീരുമാനമെടുക്കാം. എങ്കിലും വരും മാസങ്ങളില്‍ ഇതിലും ഇളവ് നല്‍കാനാകുമെന്ന പ്രതീക്ഷയും അധികൃതര്‍ പങ്കുവച്ചു. വേനല്‍ക്കാലം വരുന്നതോടെ കൂടുതല്‍ ടൂറിസ്റ്റുകള്‍ EU രാജ്യങ്ങളില്‍ എത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കമ്മിഷന്‍ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

EU അംഗീകാരം നല്‍കിയിട്ടുള്ള വാക്‌സിന്‍ ഡോസ് പൂര്‍ണ്ണമായും സ്വീകരിച്ചവര്‍ക്ക് 14 ദിവസത്തിന് ശേഷം പ്രവേശനം നല്‍കാനാണ് തീരുമാനം. റഷ്യന്‍ വാകിസ്‌നായ Sputnik, ചൈനീസ് വാക്‌സിനായ Sinopharm എന്നിവയ്ക്ക് ഇതുവരെ EU അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇവ എടുത്തവര്‍ക്ക് EU-വിലേയ്ക്ക് യാത്ര ചെയ്യാന്‍ സാധ്യമല്ല.

വാക്‌സിന്‍ നിയന്ത്രണങ്ങള്‍ കാരണം മിക്ക രാജ്യങ്ങളിലും കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ വാക്‌സിനേറ്റ് ചെയ്യപ്പെട്ട രക്ഷിതാക്കളോടൊപ്പം വരുന്ന കുട്ടികള്‍ നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയിരിക്കണം.

അഥവാ ഒരു ഡോസ് വാക്‌സിന്‍ മാത്രം എടുത്തവരാണെങ്കില്‍, അവരുടെ രാജ്യത്ത് കോവിഡ് ബാധ കുറവാണെങ്കില്‍ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. അംഗീകൃത വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനെപ്പറ്റിയും കമ്മിഷന്‍ ചര്‍ച്ച നടത്തിവരികയാണ്.

നിലവില്‍ Australia, New Zealand, Rwanda, Singapore, South Korea, Thailand എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് അത്യാവശ്യമല്ലാത്ത യാത്രകള്‍ക്കായി EU-വില്‍ പ്രവേശിക്കാവുന്നത്.

ഇളവ് ലഭിച്ച ശേഷം ഏതെങ്കിലും രാജ്യത്ത് അപകടകരമായ തോതില്‍ കോവിഡ് വര്‍ദ്ധിക്കുകയോ, വേരിയന്റ് കണ്ടെത്തുകയോ ചെയ്താല്‍ ആ രാജ്യത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് ഉടനടി പ്രവേശനം നിരോധിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശമുണ്ട്.

Share this news

Leave a Reply

%d bloggers like this: