കൃഷ്ണമ്മ (കഥ, ആനി ജോർജ്ജ്)

കണാരന്റെ ഭാര്യ കൃഷ്ണമ്മ മരിച്ചെന്നു ഗോപാലൻ പറഞ്ഞപ്പോഴാണ് മേടയിൽ തോമാച്ചനറിഞ്ഞത്.

“ശ്ശോ… വെട്ടു മുടങ്ങുമല്ലോ.. ഇനിയാരെ കണ്ടുപിടിക്കും???”

കണാരന്റെ ആത്മഗതം തെല്ലുറക്കെയായി.

‘ഇതെന്തൊരു ജന്മം ‘എന്ന് ചിന്തിച്ചു തോമാച്ചന്റെ മുഖത്തേക്ക് നോക്കി നിൽക്കെ,കണാരനെ സഹായിക്കാനുള്ള ആളെ കണ്ടുപിടിക്കുന്ന ഭാരമേറിയ ജോലി,തോമാച്ചൻ ഗോപാലനെ ഏൽപ്പിച്ചു.

മേടയിൽക്കാരുടെ രണ്ടേക്കർ റബ്ബറുന്തോട്ടം സ്ലോട്ടർ കരാറ് എടുത്തിരിക്കുന്നത് കണാരനാണ്. നാട്ടുകാർക്ക് തെളിഞ്ഞു ‘കണാര’നാണെങ്കിലും, ഒളിഞ്ഞു ‘കണാരൻ പെലയനാ’ണ്. കണാരൻ രാവിലെ അഞ്ചുമണിക്ക് വെട്ടു തുടങ്ങിയാൽ പന്ത്രണ്ടു മണി വരെ നീളും. പെട്രോമാക്സും തൂക്കി, തോർത്തും കൊണ്ട് തലവഴി ചെവികൾ മൂടിക്കെട്ടി, അരയിൽ കെട്ടിയ വള്ളിയിൽ ടാപ്പിംഗ് കത്തി താളത്തിലാട്ടിയുള്ള വരവ്, വെളുപ്പിന് മുറ്റത്തു മൂത്രമൊഴിക്കാനിറങ്ങുന്ന ഗോപാലന്റെ കൊച്ചുമകളെ എത്രയോ തവണ ഭയപ്പെടുത്തിയിട്ടുണ്ട്.

ഗോപാലൻ മേടയിൽക്കാരുടെ സ്ഥിരം പണിക്കാരിലൊരാളാണ്. പറമ്പിന്റെ വടക്കേക്കോണിൽ ഓടിട്ട രണ്ടു മുറി വീട്ടിൽ ഗോപാലനും, ഭാര്യ രാധമ്മയും കൊച്ചുമകൾ സിന്ധുവുമാണ് താമസം. അതിനോട് ചേർന്നാണ് റോളറും, പുകപ്പുരയുമൊക്കെ. മൂത്രമൊഴിച്ചു മുഴുമിപ്പിക്കാതെ പുരയ്ക്കകത്തോട്ടു ഓടുന്ന സിന്ധുവിനെ ഭയപ്പെടുത്താതിരിക്കാൻ കണാരൻ ദൂരെനിന്നേ ഉറക്കെപ്പാടും.

“അക്കരെയുണ്ടൊരു തോണികടപ്പാൻ
ആളുമണിയായിക്കിടക്കും കടവ്
ഇക്കരേവന്നിട്ടണയുമാത്തോണി
അപ്പോഴേ കൂടക്കടക്കയ്യും വേണം.
തക്കമറിഞ്ഞു കടന്നുകൊണ്ടാൽ
താനേ കടക്കാം കടവുകളെല്ലാം
ആറും കടന്നിട്ടക്കരെച്ചെന്നാൽ
ആനന്ദമുള്ളോനെ കാണാൻ പോലന്നെ ”


കണാരന്റെ ഭാര്യ കറുത്തു കൊലുന്നനേ, പുഴുപ്പല്ലുള്ള കൃഷ്ണമ്മ രാവിലത്തെ കാപ്പിയും ഊണും പാകമാക്കി വച്ചു, കണാരനുള്ളത് പകർന്നെടുത്തു, വലിയ ഒരു അലൂമിനിയം ബക്കറ്റുമായി കറയെടുക്കാനിറങ്ങും.. കണാരന്റെ കാപ്പി തണലത്തു വച്ചിട്ട്, കണാരൻ തുടങ്ങിയിടത്തു തന്നെ കൃഷ്ണമ്മയും തുടങ്ങും.

അലൂമിനിയം ബക്കറ്റിൽ നിറയുന്ന പാൽ ഷെഡിൽ വച്ചിരിക്കുന്ന വീപ്പകളിൽ നിറയ്ക്കുന്നതാണ് രണ്ടു മണി വരെയുള്ള അവളുടെ ജോലി.പന്ത്രണ്ടു മണിയോടെ വെട്ടു തീർക്കുന്ന കണാരൻ ഷെഡ്‌ഡിലിരുന്നു പാലൊറയൊഴിച്ചു തുടങ്ങും. ഒക്കെ തീർത്തു രണ്ടര മൂന്നാകുമ്പോൾ ഊണിനു പോകുന്നതവരൊരുമിച്ചാണ്. ഉച്ചയൂണൊക്കെ കഴിഞ്ഞ്,നാലുമണിക്ക് ഷീറ്റടിക്കാൻ രണ്ടു പേരുമൊരുമിച്ചാണ് വരവ്. റോളറ് കറക്കുന്ന പണിയാണ് കൃഷ്ണമ്മയ്ക്ക്. ഏഴു മണിയോടെ ഷീറ്റുകളെല്ലാം അടിച്ച്, വിരിച്ച് അയക്കമ്പികളിലാക്കി, തോമച്ചായനെ എണ്ണം ബോധിപ്പിച്ചു പുരയിലേക്ക് മടങ്ങും. ഉള്ളത് കഴിച്ച് മാടത്തിലൊതുങ്ങുമ്പോൾ കണാരന്റെ ഒരു ദിവസമവസാനിക്കും, കൃഷ്ണമ്മയുടെ അര ദിവസവും.

രണ്ടു കുട്ടികളാണവർക്ക്. മൂത്തവൻ സുരേഷ്, ശിവസേനയിൽ ചേരാൻ ബോംബെക്കു വണ്ടികയറിയത് എട്ടാം തരം കഴിഞ്ഞാണ്. വർഷങ്ങൾക്കു ശേഷം തിരിച്ചു വരുമ്പോൾ, മുണ്ടിനു പകരം പാന്റും, നെറ്റിയിൽ നീളത്തിലൊരു ഗോപിപ്പൊട്ടും, കയ്യിൽ കെട്ടിയ കുറച്ചു ചരടുകളും, വിയർപ്പു നാറുന്ന മൂന്നാല് ഉടുപ്പുകളുമല്ലാതെ മറ്റു മാറ്റങ്ങളൊന്നുംതന്നെ പ്രത്യക്ഷത്തിലുണ്ടായിരുന്നില്ല. മുന്നറിയിപ്പൊന്നുമില്ലാതെ വന്ന് രണ്ടാഴ്ചയോളം പുരക്കകത്തിരുന്ന് മടുത്തപ്പോൾ അവൻ കടത്തിണ്ണകളിലിരുന്നു സമയം കളഞ്ഞു. അതും മടുത്തപ്പോഴാകണം, ഒരു ദിവസം വെളുപ്പിനെ, കണാരൻ വെട്ടിനിറങ്ങിയതിനു ശേഷം, പുരയുടെ ഉത്തരത്തിൽ ജീവനൊടുക്കിയത്.

ഇളയവൾ പഞ്ചമി, കൃഷ്ണമ്മയെപ്പോലെ തീരെ സംസാരം കുറവായിരുന്നു. കൃഷ്ണമ്മ കറയെടുക്കാൻ കൊണ്ടുപോയ അലൂമിനിയം ബക്കറ്റിൽ തിരിച്ചു കൊണ്ട് വന്ന ഒട്ടുപാലും, പിന്നെ സർക്കാരനുവദിച്ച എല്ലാ സംവരണ സാധ്യതകളും പ്രയോജനപ്പെടുത്തി, പഞ്ചമി ബി കോം കഴിഞ്ഞു. നഗരത്തിലെ ഭേദപ്പെട്ട ഒരു ആശുപത്രിയിലെ കണക്കെഴുത്തുകാരിലൊരാളായി കയറിപ്പറ്റിയ പഞ്ചമിക്കു കണാരനും കൃഷ്ണമ്മയും തരത്തിൽ പോരാത്തവരെന്നു തോന്നിത്തുടങ്ങി.സ്വന്തം വഴി കണ്ടുപിടിക്കുമ്പോൾ, അവൾ ബുദ്ധിപൂർവ്വം സംവരണം നിലനിർത്തി ഒരു പട്ടാളക്കാരന്റെ ഭാര്യയായി.

കണാരന്റെ കിടപ്പ്… മേടയിൽക്കാരുടെ പറമ്പിന്റെ വശത്തു റോഡരികിലായുള്ള ഒരു മാടക്കടയിലാണ്. അതിന്റെ കാരണമറിയില്ല. കണാരന്റെയും കൃഷ്ണമ്മയുടെയും പറ്റുബുക്കുകൾ വേവ്വേറേയായിരുന്നു. അതിൽ കണക്കുകൾ കൂടിയും കുറഞ്ഞുമിരുന്നു. കണാരന്റെ പറ്റുബുക്ക് മെലിഞ്ഞു പഴകിയിരുന്നു. മഴക്കാലങ്ങളിൽ മാത്രം അവ പുഷ്ഠിപ്പെട്ടു. എന്നാൽ കൃഷ്ണമ്മയുടേത് കാലം ചെല്ലുന്തോറും പഴകിയെങ്കിലും അക്കങ്ങൾ സമൃദ്ധമായി വളർന്നു.

അവസാന സമയങ്ങളിൽ കൃഷ്ണമ്മയ്ക്ക് ചുമയായിരുന്നു.തുടങ്ങിയാൽ ഒരു നിർത്തില്ലാത്ത ചുമ.ചുമച്ചുചുമച്ച് റബ്ബറിന്റെ ചുവട്ടിൽ കുനിഞ്ഞു കുത്തിയിരിക്കുമായിരുന്നു..

പട്ടാളത്തിൽ നിന്ന് പഞ്ചമിക്കു ലഭിച്ച ചികിത്സാ സൗകര്യങ്ങൾ അവളിലും, അവളുടെ കെട്ടിയോനിലും മാത്രമൊതുങ്ങി.കണാരൻ പെലയന്റെ ഭാഗ്യത്തിൽ മൂക്കത്ത് വിരൽ വച്ച നാട്ടുകാർ, കൃഷ്ണമ്മയുടെ ഇപ്പോഴത്തെ അവസ്ഥയിൽ വിരലുകൾ താടിയിലേക്ക് നീക്കി പ്രതിഷ്ഠിച്ചു പരിതപിച്ചു.

കൂട്ടത്തിലെ പ്രായമുള്ള സ്ത്രീകൾ പഞ്ചമിയെ മനസ്സറിഞ്ഞു ശപിച്ചു. “നല്ലകാലം വന്നപ്പം തന്തേം തള്ളേം മറന്നവൾ ” എന്ന പേര് പഞ്ചമിക്കു ചാർത്തിക്കിട്ടി.

മുറിയുടെ മൂലയ്ക്ക് കൂനിക്കൂടിയിരുന്ന കണാരനെ ഒറ്റയ്ക്കാക്കി സന്ധ്യക്ക്‌, കൃഷ്ണമ്മയുറങ്ങുന്ന മൺക്കൂനയുടെ നനവ് മാറും മുൻപേ പഞ്ചമി തന്റെ കെട്ടിയോൻ പട്ടാളക്കാരനെയും കൂട്ടി യാത്രയായി. പോകുന്ന വഴിക്ക് ചാരുകസേരയിലിരുന്ന് “നല്ല ദേവനെ ഞങ്ങളെല്ലാവരെയും ” പാടുകയായിരുന്ന മേടയിൽ തോമാച്ചനെ കൈ വീശി യാത്ര പറയാൻ പഞ്ചമി മറന്നില്ല…

ആനി ജോർജ്ജ്

Share this news

Leave a Reply

%d bloggers like this: