ഡോ. ഫിലിപ്പോസ് മാർ ക്രിസ്റ്റോസ്റ്റം വലിയ മെത്രാപ്പോലീത്ത കാലം ചെയ്തു

മാര്‍ത്തോമ്മാ സഭ മുന്‍ അദ്ധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസ്‌റ്റോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103) കാലം ചെയ്തു. കുമ്പനാട്ടുള്ള ഫെലോഷിപ്പ് ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ 1.15-നായിരുന്നു വിയോഗം. സംസ്‌കാരം നാളെ.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും, ഇന്ത്യയിലെ ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായി സേവനമനുഷ്ഠിച്ച വ്യക്തിയുമായിരുന്നു അദ്ദേഹം. 2018-ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.

1918 ഏപ്രില്‍ 27-ന് ജനിച്ച അദ്ദേഹത്തിന്റെ ആദ്യ നാമം ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു. 1944-ലാണ് ശെമ്മാശപ്പട്ടം ലഭിക്കുന്നതും, പിന്നീട് അതേ വര്‍ഷം തന്നെ വൈദികനാകുന്നതും. 1953 മെയ് 20-ന് റമ്പാന്‍ സ്ഥാനവും, 23-ന് എപ്പിസ്‌കോപ്പ സ്ഥാനവും ലഭിച്ചു.

1963-ല്‍ മിഷനറി ബിഷപ്പായി അവരോധിക്കപ്പെട്ട അദ്ദേഹം 1978-ല്‍ സഫ്രഗന്‍ മെത്രാപ്പൊലീത്ത പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു. 1999 ഒക്ടോബര്‍ 23-ന് സഭയുടെ പരമാദ്ധ്യക്ഷനായ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയായി അവരോധിക്കപ്പെട്ടു. 2007 ഒക്ടോബര്‍ 1 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു.

കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന സാന്നിദ്ധ്യമായിരുന്നു വലിയ മെത്രാപ്പൊലീത്ത. ഇടത്-വലത് വ്യത്യാസമില്ലാതെ വിവിധ രാഷ്ട്രീയ കക്ഷികളുമായും നല്ലബന്ധം കാത്തുസൂക്ഷിച്ചു. സദാ സൗമ്യഭാവം കൊണ്ട് ഏവര്‍ക്കും ബഹുമാന്യനായി.

രണ്ട് വര്‍ഷത്തിലധികമായി ഫെലോഷിപ്പ് ആശുപത്രിയിലെ പ്രത്യേക മുറിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം.

Share this news

Leave a Reply

%d bloggers like this: