കൗമാരക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയുടെ പേര് വെളിപ്പെടുത്തി; അയർലണ്ടിൽ സ്ത്രീക്ക് വിചാരണ

കൗമാരക്കാരിയെ കൊലപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ സ്ത്രീക്ക് എതിരെ കോടതിയില്‍ വിചാരണ. കില്‍ഡെയര്‍ സ്വദേശിനിയും, രണ്ട് കുട്ടികളുടെ അമ്മയുമായ Hazel Fitzpatrick എന്ന 25-കാരിയാണ് കഴിഞ്ഞ ദിവസം ഡബ്ലിന്‍ ജില്ലാ കോടതിയില്‍ വിചാരണയ്ക്കായി ഹാജരായത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാം. കേസ് ജൂലൈ മാസത്തില്‍ സര്‍ക്യൂട്ട് കോടതിയില്‍ തുടരുമെന്ന് ജഡ്ജ് Anthony Halpin വ്യക്തമാക്കി.

കുറ്റകൃത്യം ചെയ്യുന്ന സമയത്ത് പ്രതികളായ രണ്ട് ആണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല. അതിനാല്‍ത്തന്നെ അയര്‍ലണ്ടിലെ നിയമമനുസരിച്ച് ഇവരുടെ പേരുകളോ മറ്റ് വിവരങ്ങളോ പുറത്തുവിടുന്നത് കുറ്റകരമാണ്.

പ്രായപൂര്‍ത്തിയായിരുന്നില്ല എന്നതിനാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വിവരങ്ങളും പുറത്തുവിടാന്‍ കഴിയില്ല.

പ്രതികളായ കൗമാരക്കാരിലൊരാളുടെ പേരും ചിത്രങ്ങളും Fitzpatrick ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചു എന്നാണ് കേസ്. പ്രതികളുടെ വിവരങ്ങള്‍ പ്രചരിപ്പിച്ച 10 പേരില്‍ ഒരാളാണ് Fitzpatrick. ‘നീതി ലഭിക്കപ്പെട്ടു… ഇനി ഇവര്‍ പുറം വെളിച്ചം കാണരുത്… ഇവരാരാണെന്ന് എല്ലാവരും അറിയട്ടെ…’ എന്നിങ്ങനെയായിരുന്നു ഫോട്ടോ സഹിതം ഇവരുടെ ഫേസ്ബുക്ക് പോസ്റ്റ്. Children Act-ലെ വകുപ്പുകള്‍ പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്.

പ്രതികളുടെയും, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെയും വിവരങ്ങള്‍ വെളിപ്പെടുത്തിയ കേസില്‍ മറ്റൊരു പ്രതിയായ Leeanda Farrelly എന്ന 27-കാരിയെയും അടുത്തയാഴ്ച വിചാരണ ചെയ്യും. കേസില്‍ ആറ് പുരുഷന്മാരും, രണ്ട് സ്ത്രീകളും കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെല്ലാം തന്നെ ഡബ്ലിന്‍ സ്വദേശികളാണ്.

Share this news

Leave a Reply

%d bloggers like this: