അയർലണ്ടിലെ നഴ്‌സിങ് ഹോമുകളിൽ ചെറുപ്പക്കാരായ അന്തേവാസികൾ നരകജീവിതം അനുഭവിക്കുന്നതായി കണ്ടെത്തൽ

അയര്‍ലണ്ടിലെ നഴ്‌സിങ് ഹോമുകളില്‍ നിരവധി ചെറുപ്പക്കാരായ അന്തേവാസികൾ നരകിച്ചു ജീവിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ നഴ്‌സിങ് ഹോമുകളില്‍ 65 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് വേണ്ടത്ര സഹായം ലഭിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് ഓംബുഡ്‌സ്മാനായ Peter Tyndall നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിവായത്. Wasted Lives: Time for a better future for younger people in nursing homes എന്ന പേരില്‍ അദ്ദേഹം കഴിഞ്ഞ ദിവസം തന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. 28 നഴ്‌സിങ് ഹോമുകള്‍ സന്ദര്‍ശിച്ച് അന്തേവാസികളുമായി സംസാരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

HSE-യുടെ കണക്ക് പ്രകാരം രാജ്യത്ത് വിവിധ നഴ്‌സിങ് ഹോമുകളിലായി 65-ന് താഴെ പ്രായമുള്ള 1,300-ലേറെ പേരാണ് കഴിയുന്നത്.

നഴ്‌സിങ് ഹോമുകളില്‍ എത്തപ്പെടുന്ന ചെറുപ്പക്കാരില്‍ മിക്കവരും കരുതുന്നത് താല്‍ക്കാലികമായാണ് തങ്ങള്‍ ഇവിടെ താമസിക്കുന്നതെന്നാണ്. വൈകല്യങ്ങളുള്ളവരും ഇതില്‍ പെടും. എന്നാല്‍ ദീര്‍ഘകാലത്തേയ്ത്ത് ഇവിടെ താമസിക്കാന്‍ സമ്മതമാണോ എന്ന കാര്യം ഇവരോട് ചോദിക്കാറില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുപ്പക്കാരായ അന്തേവാസികള്‍ക്ക് ആവശ്യമായ പരിചരണം കിട്ടാറില്ലെന്നും, പല നടപടികളും ഇവര്‍ക്ക് ഉചിതമല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തന്റെ റിപ്പോര്‍ട്ട് നഴ്‌സിങ് ഹോമുകള്‍ക്കെതിരായ വിമര്‍ശനമല്ലെന്നും, മറിച്ച് പ്രായം കുറഞ്ഞവരെ പരിഗണിക്കുന്നതിലുള്ള അനൗചിത്യത്തെക്കുറിച്ചാണെന്നും ഓംബുഡ്‌സ്മാന്‍ വ്യക്തമാക്കുന്നു.

താന്‍ സംസാരിച്ച മിക്കവര്‍ക്കും സ്വന്തം വീടുകളില്‍ താമസിക്കാനാണ് താല്‍പര്യമെന്നും, പക്ഷേ അങ്ങനെയൊരു തെരഞ്ഞെടുപ്പ് അവര്‍ക്ക് സാധ്യമാകുന്നില്ലെന്നും ഓംബുഡ്‌സ്മാന്‍ പറയുന്നു. HSE സഹായം നല്‍കിയാല്‍ പലര്‍ക്കും അത് സാധ്യമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത്തരത്തില്‍ നഴ്‌സിങ് ഹോമുകളില്‍ സ്വന്തം താല്‍പര്യത്തിന് വിരുദ്ധമായി താമസിപ്പിച്ചിരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ സ്വന്തം വീടുകളില്‍ താമസിക്കാന്‍ പദ്ധതിയൊരുക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ Tyndall ചൂണ്ടിക്കാട്ടുന്നു.

നഴ്‌സിങ് ഹോമില്‍ എത്തുന്ന അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ ഇവിടെ താമസിക്കാന്‍ പൂര്‍ണ്ണസമ്മതമാണോ എന്ന് കൃത്യമായി ചോദിച്ചറിയണം എന്നതടക്കം നിരവധി നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: