അയർലണ്ടിൽ ഡ്രൈവിങ് ടെസ്റ്റുകൾ പുനരാരംഭിക്കാനിരിക്കെ കെട്ടിക്കിടക്കുന്ന അപേക്ഷകൾ പരിഹരിക്കുന്ന കാര്യത്തിൽ RSA-യ്ക്ക് അവ്യക്തത; 40 ടെസ്റ്റേഴ്സിനെ അധികം നിയമിച്ചേക്കും

അവശ്യേതര ജോലിക്കാര്‍ക്കുള്ള ഡ്രൈവിങ് ടെസ്റ്റുകള്‍ വരും ദിവസങ്ങളില്‍ പുനരാരംഭിക്കാനിരിക്കേ, നിലവില്‍ കുന്നുകൂടിക്കിടക്കുന്ന അപേക്ഷകരെ എത്തരത്തിലാണ് കൈകാര്യം ചെയ്യുകയെന്നതില്‍ Road Safety Authority (RSA)-ക്ക് അവ്യക്തത. നിലവില്‍ 180,000 അപേക്ഷകളാണ് RSA-ക്ക് മുമ്പിലുള്ളത്. ഇതില്‍ 62,000 പേര്‍ ഡ്രൈവര്‍ തിയറി ടെസ്റ്റ് പാസായവരും, 12 നിര്‍ബന്ധിത ഡ്രൈവിങ് ക്ലാസുകള്‍ പൂര്‍ത്തിയാക്കിയവരുമാണ്. 30,000 പേര്‍ ഡ്രൈവിങ് ക്ലാസുകള്‍ കാത്തിരിക്കുന്നവരും, ബാക്കി 80,000 പേര്‍ തിയറി ടെസ്റ്റിനായി കാത്തിരിക്കുന്നവരുമാണ്.

സര്‍വീസ് പുനരാരംഭിക്കുന്നതോടെ അവശ്യജോലിക്കാര്‍ കഴിഞ്ഞാല്‍, ഏറ്റവുമധികം കാലമായി കാത്തിരുന്നവരെയാകും ആദ്യം പരിഗണിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. 2020-ലെ കണക്കനുസരിച്ച് ടെസ്റ്റിനായുള്ള കാത്തിരിപ്പ് ശരാശരി 25 ആഴ്ചയാണ്. മെയ് 10 മുതല്‍ ടെസ്റ്റിങ് പുനരാരാംഭിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.

12 നിര്‍ബന്ധിത ക്ലാസുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്ക് log book അപ്ലോഡ് ചെയ്യാനും, ടെസ്റ്റ് തിയതി ലഭിക്കാനുമായി തങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് RSA അറിയിച്ചിട്ടുണ്ട്.

അതേസമയം നിലവിലെ പ്രതിസന്ധി പരിഹരിക്കാനായി 40 ഡ്രൈവിങ് ടെസ്റ്റേഴ്‌സിനെ അധികമായി നിയമിക്കണമെന്ന് Oireachtas Committee on Transport ചെയര്‍മാനായ Kieran O’Donnell മന്ത്രിമാരോട് ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമേ 2022 ഫെബ്രുവരിയോടെ ടെസ്റ്റിനായുള്ള കാത്തിരിപ്പ് 10 ആഴ്ചയായി കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഡ്രൈവര്‍ തിയറി ടെസ്റ്റ് ഓണ്‍ലൈനിലാക്കാന്‍ RSA ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: