കെ ആർ ഗൗരിയമ്മ അന്തരിച്ചു

കേരള രാഷ്ട്രീയ ചരിത്രത്തിലെ ശക്തമായ സാന്നിദ്ധ്യം കെ.ആര്‍ ഗൗരിയമ്മ അന്തരിച്ചു. കടുത്ത അണുബാധയെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 102 വയസായിരുന്നു. മൃതദേഹം രാവിലെ 10.45-ഓടെ അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം ആലപ്പുഴയിലേയ്ക്ക് കൊണ്ടുപോകും. വൈകിട്ട് 6 മണിയോടെ സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിക്കും.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരിക്കലും മറക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ വിപ്ലവകാരിയാണ് ഗൗരിയമ്മ. ചേര്‍ത്തലയിലെ പട്ടണക്കാട്ട് അന്ധകാരനഴി എന്ന ഗ്രാമത്തില്‍ 1919 ജൂലൈ 14-നാണ് ഗൗരിയമ്മ ജനിച്ചത്. തിരുവനന്തപുരം ലോ കേളേജില്‍ നിന്ന് നിയമബിരുദം നേടിയ ഗൗരിയമ്മ, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ അക്കാലത്ത് സജീവമായിരുന്നു. പിന്നീട് ഈഴവ സമുദായത്തില്‍ നിന്നുള്ള ആദ്യ വനിതാ വക്കീലായും പേരെടുത്തു. ചേര്‍ത്തല കോടതിയിലായിരുന്നു പ്രാക്ടീസ്.

തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി രാമസ്വാമി അയ്യരുടെ ദുര്‍ഭരണത്തിനെതിരെയുള്ള പ്രതിഷേധങ്ങളിലൂടെ ഗൗരിയമ്മ സജീവരാഷ്ട്രീയത്തിലെത്തി. ഒപ്പം പുന്നപ്ര-വയലാര്‍ സമരത്തിലും പങ്കുവഹിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ശക്തമായ സാന്നിദ്ധ്യമായി.

1952, 1954 വര്‍ഷങ്ങളില്‍ തിരു-കൊച്ചിയില്‍ നിന്നും നിയമസഭയിലേയ്ക്ക് വമ്പിച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. 1957-ല്‍ ഐക്യകേരള രൂപീകരണത്തിന് ശേഷം ആദ്യമായി ഭരണത്തിലേറിയ സര്‍ക്കാരില്‍ കേരളത്തിലെ ആദ്യ റവന്യൂ മന്ത്രിയായി. ഇക്കാലത്ത് തന്നെ മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി തോമസിനെ വിവാഹം കഴിച്ചു.

1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഎമ്മും, സിപിഐയും ആയപ്പോള്‍ ഗൗരിയമ്മ സിപിഎമ്മിലും, ടി.വി സിപിഐയിലുമായിരുന്നു. വൈകാതെ ഇരുവരും പിരിഞ്ഞു.

പിന്നീട് കേരള ചരിത്രത്തില്‍ നടന്ന വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ, 13 തവണ വിജയിച്ചു. നാല് തവണ മാത്രമാണ് തോറ്റത്. ആറു തവണ മന്ത്രിപദവും വഹിച്ചു. മന്ത്രിപദത്തിലിരുന്ന് കര്‍ഷകരെ സഹായിക്കാനായി നിരവധി സുപ്രധാനമായ നടപടികള്‍ കൈക്കൊണ്ടു. കുടിയൊഴിപ്പിക്കല്‍ നിരോധന ബില്‍, പാട്ടം പിരിക്കല്‍ നിരോധനം തുടങ്ങി ഒരുപിടി പുരോഗമനപരമായ കാര്യങ്ങള്‍ നടപ്പിലാക്കി ജനപ്രീതിയാര്‍ജ്ജിച്ചു.

1994-ല്‍ അഭിപ്രായയവ്യത്യാസങ്ങളെത്തുടര്‍ന്ന് സിപിഎം പുറത്താക്കിയ ഗൗരിയമ്മ, ജെഎസ്എസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. തുടര്‍ന്ന് 2016 വരെ യുഡിഎഫുമായി സഹകരിച്ചു. 2016-ന് ശേഷം സിപിഎമ്മുമായി സൗഹൃദത്തിലായിരുന്ന ഗൗരിയമ്മയെ പിണറായിയടക്കമുള്ള നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോ, എന്തിന് രാഷ്ട്രീയകേരളത്തിന് പോലും ഒരിക്കലും മാറ്റി നിര്‍ത്താവുന്ന വ്യക്തിത്വമല്ല ഗൗരിയമ്മ. കേരളത്തെ ഇന്നു കാണുന്ന നിലയില്‍ കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച നേതാക്കളില്‍ മുന്‍നിര സ്ഥാനമുള്ള ഗൗരിയമ്മയുടെ ജീവിതം, കേരളരാഷ്ട്രീയത്തിന്റെ ചരിത്രവുമായി അടുത്തു നില്‍ക്കുന്നു.

Share this news

Leave a Reply

%d bloggers like this: