അയർലണ്ടിൽ കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കാനുള്ള സമയപരിധി നീട്ടൽ; ഇന്ന് മന്ത്രിതല ചർച്ച

അയര്‍ലണ്ടില്‍ Pfizer, Moderna കോവിഡ് വാക്‌സിനുകളുടെ ആദ്യ ഡോസിന് ശേഷം രണ്ടാമത്തെ ഡോസ് എടുക്കാനുള്ള സമയദൈര്‍ഘ്യം 28 ദിവസത്തില്‍ നിന്നും നീട്ടേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് ഇന്ന് മന്ത്രിതല ചര്‍ച്ച. 28 ദിവസമെന്നത് 6 ആഴ്ചയോ, 8 ആഴ്ചയോ ആക്കി വര്‍ദ്ധിപ്പിക്കുന്നതിനായി തെളിവുകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടക്കും. അങ്ങനെ ചെയ്യുന്ന പക്ഷം കൂടുതല്‍ പേര്‍ക്ക് വൈകാതെ ആദ്യ ഡോസ് നല്‍കാന്‍ സാധിക്കുമെന്നതാണ് നേട്ടം.

ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ National Immunisation Advisory Committee (Niac)-യെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മന്ത്രിസഭായോഗത്തിന് മുമ്പ് കമ്മിറ്റി റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം നീക്കത്തിനെതിരെ എതിരഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. പ്രായം കൂടിയവരെ മുഴുനായും വാക്‌സിനേറ്റ് ചെയ്യുന്നതിന് തീരുമാനം തടസമാകുമെന്നും, മുഴുവനായും വാക്‌സിനേറ്റ് ചെയ്യപ്പെടാത്തവരെ പുതിയ വൈറസ് വേരിയന്റ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പ്രധാന വാദം.

ഇതിനിടെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഉണ്ടായേക്കാവുന്ന പാര്‍ശ്വഫലങ്ങള്‍ ചികിത്സിക്കാനുള്ള പദ്ധതി രൂപരേഖയായതായി റിപ്പോര്‍ട്ടുണ്ട്. പാര്‍ശ്വഫലങ്ങളുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ പ്രത്യേക ചികിത്സയ്ക്ക് വിധേയരാക്കുന്നതാണ് പദ്ധതി. AstraZeneca, Johnson&Johnson എന്നീ വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ വളരെ ചെറിയൊരു വിഭാഗത്തിന് രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ വാക്‌സിനെടുത്ത ആയിരക്കണക്കിന് പേരില്‍ 5-ല്‍ താഴെ പേര്‍ക്ക് മാത്രമാണ് രാജ്യത്ത് ഇത് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം രാജ്യത്ത് ഇന്നലെ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് ആശ്വാസമാണ്. 381 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

Share this news

Leave a Reply

%d bloggers like this: