മനുഷ്യരിലെ കോവിഡ് സാന്നിദ്ധ്യം മണത്തറിയാൻ പരിശീലനം ലഭിച്ച നായ്ക്കൾ; തായ്‌ലൻഡിലെ ഗവേഷണഫലങ്ങൾ പ്രതീക്ഷ പകരുന്നു

മനുഷ്യരിലെ കോവിഡ് വൈറസ് സാന്നിദ്ധ്യം കണ്ടെത്താനായി ബാങ്കോക്ക് അടക്കമുള്ള ഇടങ്ങളില്‍ നായ്ക്കള്‍ക്ക് നല്‍കിവരുന്ന പരിശീലനം ശുഭസൂചന നല്‍കുന്നതായി റിപ്പോര്‍ട്ട്. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ യൂണിവേഴ്‌സിറ്റി ക്ലിനിക്കിലുള്ള മൂന്ന് ലാബ്രഡോര്‍ ഇനത്തില്‍ പെട്ട നായ്ക്കള്‍ക്ക് മനുഷ്യരിലെ കോവിഡ്-19 സാന്നിദ്ധ്യം മണത്ത് കണ്ടുപിടിക്കാനാണ് പരിശീലനം നല്‍കുന്നത്. പല രാജ്യങ്ങളിലയും ആദ്യ ഘട്ട പഠനങ്ങള്‍ തെളിയിക്കുന്നത് എയര്‍പോര്‍ട്ടിലും മറ്റുമുപയോഗിക്കുന്ന റാപിഡ് ആന്റിജന്‍ ടെസ്റ്റിനെക്കാള്‍ കൃത്യതയോടെ കോവിഡിനെ കണ്ടെത്താന്‍ പരിശീലനം സിദ്ധിച്ച നായ്ക്കള്‍ക്ക് സാധിക്കുമെന്നാണ്.

പരീക്ഷണം വിജയിച്ചാല്‍ കോവിഡ് ബാധിച്ചവരെ കണ്ടെത്താനായി സ്‌റ്റേഡിയങ്ങള്‍, റയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ തിരക്കേറിയ ഇടങ്ങളില്‍ നായ്ക്കളെ ഉപയോഗിക്കാം. തായ്‌ലന്‍ഡ്, യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, ചിലി, ഓസ്‌ട്രേലിയ, ബെല്‍ജിയം, ജര്‍മ്മനി എന്നിവിടങ്ങളിലാണ് പ്രധാനമായും നായ്ക്കളെ ഉപയോഗിച്ചുള്ള ഈ പരിശീലനം പരീക്ഷണാര്‍ത്ഥം നടത്തുന്നത്. ഫിന്‍ലന്‍ഡ്, ലെബനന്‍, യുഎഇ എന്നിവിടങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നായ്ക്കളെ ഉപയോഗിക്കുകയും, അമേരിക്കയിലെ സ്‌പോര്‍ട്‌സ് മത്സരങ്ങളിലും പരീക്ഷണാര്‍ത്ഥം നായ്ക്കളെ കൊണ്ട് കോവിഡിനായി മണം പിടിപ്പിക്കുകയും ചെയ്തിരുന്നു.

നിയന്ത്രിതമായ അന്തരീക്ഷത്തില്‍ തായ്‌ലന്‍ഡിലെ കേന്ദ്രത്തില്‍ നടത്തിയ പരീക്ഷണത്തില്‍ 96.2% ഫലപ്രാപ്തിയോടെ ഘ്രാണശേഷി ഉപയോഗിച്ച് കൊറോണ വൈറസിനെ കണ്ടുപിടിക്കുന്നതില്‍ പരിശീലനം സിദ്ധിച്ച നായ്ക്കള്‍ വിജയിച്ചതായാണ് റിപ്പോര്‍ട്ട്. Angel, Bobby, Bravo, Apollo, Tiger, Nasa എന്നീ നായ്ക്കള്‍ക്കാണ് ഇവിടെ പരിശീലനം നല്‍കിവരുന്നത്. ജര്‍മ്മനി, യുഎഇ എന്നിവിടങ്ങളിലെ പരീക്ഷണങ്ങള്‍ ഇത്രത്തോളം വിജയം കൈവരിച്ചില്ലെങ്കിലും ഫലങ്ങള്‍ പ്രതീക്ഷ പകരുന്നതാണ്.

Polymerase Chain Reaction അഥവാ PCR ടെസ്റ്റുകളെക്കാള്‍ വേഗത്തില്‍ ഫലം തരുന്നതാണ് സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ചുള്ള പരിശോധന എന്നാണ് പരിശീലകര്‍ പറയുന്നത്. കോവിഡ് ബാധിച്ചിട്ടുള്ളവരുടെ കോശങ്ങള്‍ നശിക്കുമ്പോള്‍ ഉണ്ടാകുന്ന പദാര്‍ത്ഥങ്ങള്‍ പുറപ്പെടുവിക്കുന്ന മണം വളരെ പെട്ടെന്ന് നായാക്കള്‍ക്ക് പിടിച്ചെടുക്കാന്‍ സാധിക്കുമെന്നതാണ് ഇതിന് കാരണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ആദ്യഘട്ട പരീക്ഷണങ്ങള്‍ പ്രതീക്ഷ പകരുന്നതാണെന്ന് ആറു മാസമായി ഈ രംഗത്ത് റിസര്‍ച്ച് ചെയ്തുവരുന്ന ഓസ്‌ട്രേലിയയിലെ University of Adelaide-ലുള്ള School of Animal and Veterinary Sciences ഡോക്ടറായ Anne Lise Chaber പറയുന്നു. കോവിഡ് ഇന്‍ഫെക്ഷനുള്ള ശ്വാസകോശങ്ങളും, ട്രക്കിയയും (trachea) പ്രത്യേക ഗന്ധം പുറത്തുവിടുന്നത് നായ്ക്കള്‍ക്ക് പിടിച്ചെടുക്കാന്‍ സാധിക്കും. PCR ടെസ്റ്റിന് വേണ്ടതിലും എത്രയോ കുറവ് അളവ് മോളിക്യൂള്‍സ് മതി നായ്ക്കള്‍ക്ക് കോവിഡ് തിരിച്ചറിയാന്‍ എന്ന് തായ്ന്‍ഡ് ഗവേഷകരും പറയുന്നു.

വിവിധ ഇനത്തില്‍ പെട്ട നായ്ക്കള്‍ക്ക് പാര്‍ക്കിന്‍സണ്‍സ് രോഗം, പ്രമേഹം, മലേറിയ, ചിലയിനം കാന്‍സറുകള്‍ എന്നിവ ഗന്ധത്തിലൂടെ തിരിച്ചറിയാന്‍ സാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. അങ്ങനെയെങ്കില്‍ കോവിഡ് അടക്കമുള്ള മഹാമാരികളുടെ നിയന്ത്രണത്തില്‍ വലിയ പങ്കുവഹിക്കാന്‍ ഭാവിയില്‍ നായ്ക്കള്‍ക്ക് കഴിഞ്ഞേക്കും.

Share this news

Leave a Reply

%d bloggers like this: