അയർലണ്ടിൽ പബ്ബുകളും റസ്റ്ററന്റുകളും ഇന്ന് മുതൽ; നിയന്ത്രണം ലംഘിച്ചാൽ കർശന നടപടിയെന്ന് ഗാർഡ

അയര്‍ലണ്ടില്‍ ഇന്നു മുതല്‍ പുറം സ്ഥലങ്ങളില്‍ ഭക്ഷണം വിളമ്പാന്‍ പബ്ബുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും അനുമതി. അതേസമയം കഴിഞ്ഞ ദിവസങ്ങളിലെ പോലെ അനിയന്ത്രിതമായി ജനങ്ങള്‍ തടിച്ചുകൂടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുതര്‍ന്ന ഗാര്‍ഡ ഉദ്യോഗസ്ഥന്‍ ഓര്‍മ്മപ്പെടുത്തി. കഴിഞ്ഞ മൂന്ന് രാത്രികളിലായി മുന്നറിയിപ്പ് ലംഘിച്ച് കൂട്ടം കൂടിയ 35 പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തിരുന്നു. ഗാര്‍ഡയ്ക്ക് നേരെ കുപ്പിയെറിഞ്ഞുള്ള ആക്രമണവും നടന്നു.

ഏറിയ പങ്കും കൗമാരക്കാരായ സംഘങ്ങളാണ് നഗരത്തിലെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് അസിസ്റ്റന്റ് ഗാര്‍ഡ കമ്മിഷണര്‍ Anne Marie Cagney പറഞ്ഞു. ആക്രമണങ്ങളില്‍ മൂന്ന് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റുവെന്നും, സമൂഹം ഭീതിയിലാണെന്നും പറഞ്ഞ Cagney, ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം പബ്ബുകള്‍, കഫേകള്‍, റസ്റ്ററന്റുകള്‍, ബാറുകള്‍ മുതലായവ ഇന്നുമുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കും. പുറം സ്ഥലത്ത് വച്ച് മാത്രമേ ഭക്ഷണ പാനീയങ്ങള്‍ വിളമ്പാന്‍ അനുവാദമുള്ളൂ.

ജിമ്മുകള്‍, സ്വിമ്മുകള്‍ പൂളുകള്‍, leisure centres എന്നിവ വ്യക്തികള്‍ക്കായി തുറന്നു നല്‍കാം. സിനിമാ തിയറ്ററുകളും, നാടക ശാലകളും തുറക്കാം. 100 പേര്‍ക്ക് വരെ ഇവിടങ്ങളില്‍ പ്രവേശിക്കാം.

പബ്ബുകള്‍ പുറത്ത് വച്ച് മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ എന്ന നിബന്ധന മുറുമുറുപ്പുണ്ടാക്കുന്നുണ്ടെങ്കിലും, 4,000-ഓളം പബ്ബുകള്‍ ഈ നിയന്ത്രണങ്ങളോടെ ഇന്നുമുതല്‍ തുറക്കുമെന്നാണ് കരുതപ്പെടുന്നത്. 25,000-ഓളം പേര്‍ക്ക് ഇതോടെ ജോലി തിരികെ ലഭിക്കും. അകത്ത് സര്‍വീസ് നടത്താനുള്ള (indoor dining) അനുവാദം ജൂലൈ 5 മുതല്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: