കോവിഡ് മരണനിരക്ക് സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരിൽ; ഗർഭിണികൾ 14 ആഴ്ചകൾക്ക് ശേഷം കൂടുതൽ മുൻകരുതലെടുക്കണമെന്നും പഠനം

അയര്‍ലണ്ടില്‍ സ്ത്രീകളെക്കാള്‍ കോവിഡ് കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മാരെയാണെന്നും, രോഗം കാരണമുള്ള മരണസാധ്യത പുരുഷന്മാര്‍ക്കാണ് അധികമെന്നും പഠനം. Society of Actuaries in Ireland നടത്തിയ പഠനം പ്രകാരം, ഒരു പുരുഷന് കോവിഡ് ബാധിച്ചാല്‍ മരണസാധ്യത 25% ആണ്. അതേസമയം പ്രത്യേക പ്രായക്കാരില്‍ മരണസാധ്യത 50% വരെയാകാമെന്നും പഠനം വ്യക്തമാക്കുന്നു.

ഇതിന് നിരവധി കാരണങ്ങളുണ്ടെന്നാണ് പഠനം വിശദീകരിക്കുന്നത്. പൊണ്ണത്തടി, ഹൃദ്രോഹങ്ങള്‍, പ്രമേഹം എന്നിവ സ്ത്രീകളെക്കാള്‍ കൂടുതലുള്ളത് പുരുഷന്മാര്‍ക്കാണെന്നതും, പുകവലി, മദ്യത്തിന്റെ ഉപയോഗം എന്നിവയിലും മുമ്പില്‍ പുരുഷന്മാരാണുള്ളതെന്നതും കാരണങ്ങളാണ്. സ്ത്രീകളിലെ പ്രതിരോധശേഷി പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലായതിനാലും അവരില്‍ മരണനിരക്ക് കുറയുന്നതായി പഠനം വെളിവാക്കുന്നു.

ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കോവിഡ് ബാധിച്ച 98,537 പുരുഷന്മാരില്‍ 1,595 പേര്‍ മരണപ്പെട്ടതായാണ് CSO കണക്ക്. അതായത് മരണനിരക്ക് 1.62%. ഇതേകാലയളവില്‍ രോഗം ബാധിച്ച 106,029 സ്ത്രീകളില്‍ 1,370 പേരാണ് മരണപ്പെട്ടത്. മരണനിരക്ക് 1.29%.

അയര്‍ലണ്ടിന് പുറത്തുള്ള രാജ്യങ്ങളിലും ഏകദേശം സമാനമായ കണക്കുകളാണ് ലഭ്യമായിട്ടുള്ളത്. 95 രാജ്യങ്ങളില്‍ ഇത്തരത്തില്‍ നടത്തിയ പഠനങ്ങളില്‍ നിന്നും 1:1.35 എന്നതാണ് കോവിഡ് കാരണമുള്ള സ്ത്രീ-പുരുഷ മരണനിരക്കിന്റെ അനുപാതം.

അതേസമയം ഇത് കണക്കുകള്‍ മാത്രമാണെന്നും, ഓരോരുത്തരുടെയും ശരീരത്തെ വ്യത്യസ്തമായാവും കോവിഡ് ബാധിക്കുകയെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. ഓരോ മരണവും തീരാനഷ്ടമാണ്.

ഇതിനിടെ Health Service Executive (HSE) പുറത്തുവിട്ട പുതിയ പഠനത്തില്‍  70 വയസ് പ്രായമുള്ള ഒരാള്‍ നേരിടുന്ന അതേ അളവിലുള്ള ഭീഷണിയാണ് ഗര്‍ഭിണിയായ ഒരു സ്ത്രീ കോവിഡില്‍ നിന്നും നേരിടുന്നതെന്ന് വ്യക്തമാക്കുന്നു. അതിനാല്‍ ഗര്‍ഭിണികള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നതാകും ഉചിതം. കോവിഡ് ബാധിക്കാന്‍ ഇവര്‍ക്ക് സാധ്യത കൂടുതലില്ലെങ്കിലും, കോവിഡ് കാരണമുള്ള സങ്കീര്‍ണ്ണതകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് അധികമായേക്കാം. വാക്‌സിനേറ്റ് ചെയ്താലും ഇല്ലെങ്കിലും ഗര്‍ഭം ധരിച്ച് 14 ആഴ്കള്‍ക്ക് ശേഷം കോവിഡ് പിടിപെടാന്‍ സാധ്യതയുള്ള പരിസരങ്ങളില്‍ ഗര്‍ഭിണികള്‍ ജോലി ചെയ്യരുതെന്നും HSE വ്യക്തമാക്കുന്നു.

തിങ്കളാഴ്ച രാജ്യത്ത് 377 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രായപൂര്‍ത്തിയായ 55% പേര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചതായും, 26% പേരെ പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തതായും പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: