അയർലണ്ടിൽ ലീവിങ് സെർട്ട് എഴുത്തു പരീക്ഷകൾക്ക് ഇന്ന് തുടക്കം

അയര്‍ലണ്ടിലെ ലീവിങ് സെര്‍ട്ട് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ലീവിങ് സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ‘accredited grades,’ എഴുത്തുപരീക്ഷ, അല്ലെങ്കില്‍ ഇവ രണ്ടും എന്നിങ്ങനെ മൂന്ന് രീതിയില്‍ പരീക്ഷയെ സമീപിക്കാം. അതേസമയം പരീക്ഷയെഴുതി ലഭിക്കുന്ന ഗ്രേഡ് ഈ accredited grade-നെക്കാള്‍ അധികമാണെങ്കില്‍ അതാകും ഫൈനല്‍ റിസല്‍ട്ട് ആയി പരിഗണിക്കുക.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 90% വിദ്യാര്‍ത്ഥികളും ഒരു വിഷയമെങ്കിലും പരീക്ഷ നേരിട്ട് എഴുതാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഞ്ചോ, അതിലധികമോ വിഷയങ്ങളുടെ എഴുത്തുപരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം 40,000-ഓളമാണ്. മിക്ക വിദ്യാര്‍ത്ഥികളും എല്ലാ പരീക്ഷയിലും ഗ്രേഡും, എഴുത്തുപരീക്ഷയും ഒരുമിച്ച് തെരഞ്ഞെടുത്തിട്ടുണ്ടെന്ന് State Examinations Commission (SEC) വ്യക്തമാക്കി.

അതേസമയം കോവിഡ് സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെടുക അടക്കമുള്ള കാരണങ്ങളാല്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പരീക്ഷയെഴുതാന്‍ സാധിക്കില്ല. ഇവര്‍ക്ക് ഗ്രേഡ് കണക്കാക്കും. ഇതില്‍ ഭൂരിഭാഗം പേരും കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചിരിക്കുന്ന ലിമറിക്ക് പ്രദേശത്തുള്ളവരാണ്.

അതേസമയം ഐറിഷ് ഭാഷാ പരീക്ഷയ്ക്ക് പകുതി വിദ്യാര്‍ത്ഥികളും ഗ്രേഡ് സംവിധാനം മാത്രമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മറ്റ് ഭാഷകള്‍ക്ക് ഗ്രേഡ് സംവിധാനം മാത്രം തെരഞ്ഞെടുത്ത കുട്ടികളുടെ കണക്ക് ഇപ്രകാരം: ഫ്രഞ്ച് 34%, ജര്‍മ്മന്‍ 35%, സ്പാനിഷ് 28%.

ബയോളജി പരീക്ഷയ്ക്ക് 16% പേര്‍ ഗ്രേഡ് മാത്രം തെരഞ്ഞെടുത്തപ്പോള്‍ കെമിസ്ട്രിക്ക് 11% പേരും, ഫിസിക്‌സിന് 14% പേരുമാണ് ഗ്രേഡ് സംവിധാനം മാത്രം മതി എന്ന് തീരമാനമെടുത്തിരിക്കുന്നത്. ഹിസ്റ്ററി, ജ്യോഗ്രഫി എന്നീ വിഷയങ്ങളിലും 26% വിദ്യാര്‍ത്ഥികള്‍ എഴുത്തുപരീക്ഷ വേണ്ടെന്നു വച്ചിട്ടുണ്ട്.

ജൂണ്‍ 29 വരെയാണ് ലീവിങ് സെര്‍ട്ട് എഴുത്തുപരീക്ഷകള്‍ നടക്കുക. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ആശംസകള്‍ നേര്‍ന്നു.

Share this news

Leave a Reply

%d bloggers like this: