Wednesday, 4 August 2021

ഐറിഷ് ഇതര പൗരന്മാരുടെ അയർലണ്ടിൽ ജനിക്കുന്ന കുട്ടികൾക്ക് ഇവിടുത്തെ പൗരത്വം നൽകാനുള്ള കാലതാമസം കുറയ്ക്കും: മന്ത്രി

Updated on 10-06-2021 at 10:05 am

Share this news

ഐറിഷ് ഇതര പൗരന്മാരുടെ, അയര്‍ലണ്ടില്‍ ജനിച്ച മക്കള്‍ക്ക് ഇവിടുത്തെ പൗരത്വം നല്‍കുന്നതിനുള്ള കാലതമാസം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് പുതിയ ബില്‍. നിലവില്‍ ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് അഞ്ച് വര്‍ഷത്തോളം കാത്തിരുന്ന ശേഷമാണ് ഐറിഷ് പൗരത്വം നല്‍കപ്പെടുന്നത്. എന്നാല്‍ ബില്ലില്‍ ഇത് മൂന്ന് വര്‍ഷമാക്കി കുറയ്ക്കാനാണ് നിര്‍ദ്ദേശം.

2004-ലെ റഫറണ്ടം അനുസരിച്ച് അയര്‍ലണ്ടില്‍ ജനിക്കുന്ന ഒരു കുട്ടിക്ക് സ്വാഭാവികമായും ഐറിഷ് പൗരത്വം ലഭിക്കണമെങ്കില്‍ മാതാപിതാക്കളിലൊരാള്‍ ഐറിഷ് പൗരത്വം ഉള്ള ആളായിരിക്കണം. എന്നാല്‍ അയര്‍ലണ്ടില്‍ താമസിക്കുന്ന ഐറിഷ് ഇതര പൗരന്മാര്‍ക്ക് ഇവിടെ കുട്ടികള്‍ ജനിക്കുമ്പോള്‍ അവര്‍ക്ക് ഏത് പൗരത്വം നല്‍കണം എന്നത് സംബന്ധിച്ച് പലപ്പോഴും ആശയക്കുഴപ്പമുണ്ടാകാറുണ്ട് എന്ന് നിയമ പരിഷ്‌കരണ വകുപ്പ് മന്ത്രി James Browne പറയുന്നു. 2004-ലെ റഫറണ്ടത്തെ തങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നുവെങ്കിലും കുട്ടികള്‍ക്ക് പൗരത്വം സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കാലതാമസമുണ്ടാകരുതെന്നാണ് തങ്ങള്‍ ഈ ബില്ലിലൂടെ ഉദ്ദേശിക്കുന്നതെന്നും Browne കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ അയര്‍ലണ്ടില്‍ ജീവിക്കേണ്ട കുറഞ്ഞ സമയം 5-ല്‍ നിന്നും 3 വര്‍ഷമാക്കി ചുരുക്കുകയാണ് ബില്ലിലൂടെ നിര്‍ദ്ദേശിക്കുന്നത്. അതോടൊപ്പം കുട്ടിയുടെ പൗരത്വത്തിനായി എവിടെ അപേക്ഷിക്കണം എന്നത് സംബന്ധിച്ച് വ്യക്തത വരുത്തുമെന്നും മന്ത്രി പറഞ്ഞു.

പൗര്വത്തിന് അപേക്ഷിക്കുന്നവരുടെ continuous residence requirement-ലും ബില്ലില്‍ മാറ്റം വരുത്തും. അപേക്ഷ നല്‍കുന്നതിന് മുന്നത്തെ വര്‍ഷം 70 ദിവസം വരെ വ്യക്തി അയര്‍ലണ്ടിന് വെളിയിലായിരുന്നാലും കുഴപ്പമില്ല എന്നാണ് മാറ്റം. പ്രത്യേക സാഹചര്യങ്ങളില്‍ ഇത് വീണ്ടും 30 ദിവസം വരെ നീട്ടിനല്‍കും.

ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം അഞ്ചാക്കി ഉയര്‍ത്തുന്നടക്കം വേറെയും ഒരുപിടി നിര്‍ദ്ദേശങ്ങളാണ് The Courts and Civil Law (Miscellaneous Provisions) Bill 2021-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

comments


 

Other news in this section