G7 തീരുമാനം നടപ്പിലായാൽ അയർലണ്ടിലെ ആഭ്യന്തര കമ്പനികളും 15% ടാക്സ് നൽകേണ്ടി വന്നേക്കും: ധനമന്ത്രി

അയര്‍ലണ്ട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഭ്യന്തര കമ്പനികളില്‍ നിന്നും G7 രാജ്യങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന 15% എന്ന ആഗോള കോര്‍പ്പറേഷന്‍ ടാക്‌സ് തങ്ങളും ഈടാക്കിയേക്കുമെന്ന് ധനമന്ത്രി Paschal Donohoe. നിലവില്‍ അയര്‍ലണ്ടിലെ കോര്‍പ്പറേഷന്‍ ടാക്‌സ് 12.5% ആണ്. അതിനാല്‍ത്തന്നെ വന്‍കിട കമ്പനികള്‍ പ്രവര്‍ത്തനത്തിനായി അയര്‍ലണ്ട് തെരഞ്ഞെടുക്കുന്നതും സ്ഥിരമാണ്. എന്നാല്‍ ഇതിനെതിരെ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ വലിയ വിമര്‍ശനമുയര്‍ത്തുകയും, തുടര്‍ന്ന് കഴിഞ്ഞയാഴ്ച ലണ്ടനില്‍ ചേര്‍ന്ന G7 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തില്‍ അന്താരാഷ്ട്ര കമ്പനികളുടെ കോര്‍പ്പറേഷന്‍ ടാക്‌സ് ആഗോളമായി കുറഞ്ഞത് 15% ആക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. Eurogroup പ്രസിഡന്റ് എന്ന നിലയില്‍ Donohoe-യും യോഗത്തില്‍ പങ്കെടുത്തിരുന്നു.

അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ളവര്‍ വാദിക്കുന്ന 15% കോര്‍പ്പറേഷന്‍ ടാക്‌സ് എന്നതില്‍ അയര്‍ലണ്ട് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും Donohoe വ്യക്തമാക്കി. Organisation for Economic Co-operation and Development (OECD)-ലെ അംഗങ്ങളായ അയര്‍ലണ്ട് അടക്കമുള്ള 139 രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ സ്വാതന്ത്രമുണ്ട്. അതുപോലെ ടാക്‌സ് ഇളവുകള്‍ നല്‍കാനും രാജ്യങ്ങള്‍ക്ക് സാധിക്കും. അതിനാല്‍ 15% കോര്‍പ്പറേഷന്‍ ടാക്‌സ് എന്നത് OECD ഇനിയും ചര്‍ച്ച നടത്താനിരിക്കുന്ന ഒരു കാര്യം മാത്രമാണെന്നും ഡബ്ലിനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ Donohoe പറഞ്ഞു.

G7 യോഗത്തില്‍ 15% ടാക്‌സ് എന്ന പൊതു അഭിപ്രായത്തെ പിന്തുണച്ചെങ്കിലും, കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള വിപുലമായ ചര്‍ച്ചയില്‍, ചെറിയ രാജ്യങ്ങള്‍ക്ക് അവരുടേതായ ഉചിതമായ ടാക്‌സ് നിരക്ക് തീരുമാനിക്കാന്‍ അവകാശം നല്‍കണം എന്ന നിലപാടാണ് താന്‍ സ്വീകരിക്കുകയെന്ന് Donohoe വ്യക്തമാക്കി. ചെറു രാജ്യമായ അയര്‍ലണ്ടിലെ 12.5% പോലെ കുറഞ്ഞ ടാക്‌സ് നിരക്ക് മാത്രം ഈടാക്കുന്നതിനാല്‍ പല കമ്പനികളും ചെറിയ രാജ്യങ്ങള്‍ പ്രവര്‍ത്തനത്തിനായി തെരഞ്ഞെടുക്കുകയും, അതുവഴി ലഭിക്കുന്ന കോര്‍പ്പറേഷന്‍ ടാക്‌സ് ആ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഏറെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ആഗോള 15% കോര്‍പ്പറേഷന്‍ ടാക്‌സ് നിലവില്‍ വന്നാല്‍ ഇത്തരം രാജ്യങ്ങള്‍ക്ക് അത് തിരിച്ചടിയാകും. കമ്പനികളുടെ വലിപ്പം കണക്കാക്കിയാണ് 15% ടാക്‌സ് വിഭാഗത്തില്‍ പെടുന്നവ ഏതൊക്കെ എന്ന് നിശ്ചയിക്കുക. നിയമം നടപ്പിലായാല്‍ അയര്‍ലണ്ടില്‍ അത്തരം കമ്പനികളുണ്ടെങ്കില്‍ അവയുടെ ടാക്‌സ് നിരക്ക് 12.5-ല്‍ നിന്നും 15% ആയി ഉയരും.

അതേസമയം ആഗോളമായി 15% കോര്‍പ്പറേഷന്‍ ടാക്‌സ് നിലവില്‍ വന്നാല്‍ അയര്‍ലണ്ടിന് ഓരോ വര്‍ഷവും 2 ബില്യണ്‍ യൂറോയോളം ടാക്‌സ് നഷ്ടം സംഭവിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

Share this news

Leave a Reply

%d bloggers like this: