ഡബ്ലിനിൽ അറസ്റ്റിനിടെ 17-കാരന് ഗുരുതര പരിക്ക്; രണ്ട് ഗാർഡ ഉദ്യോഗസ്ഥർ സസ്‌പെൻഷനിൽ; ഓംബുഡ്സ്മാൻ അന്വേഷിക്കും

ഡബ്ലിനില്‍ അറസ്റ്റിനിടെ 17-കാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. തലയ്ക്ക് പരിക്കേറ്റത്തിനെത്തുടര്‍ന്നുള്ള പരിശോധനയില്‍ കൗമാരക്കാരന്റെ തലച്ചോറില്‍ രക്തസ്രാവം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സംഭവം ഉടന്‍ ഗാര്‍ഡ ഓംബുഡ്മാന്റെ അന്വേഷണത്തിന് വിടുകയും ചെയ്തു.

ജൂണ്‍ 1 ചൊവ്വാഴ്ച രാത്രിയായിരുന്നു ഡബ്ലിന്‍ സിറ്റി സെന്ററില്‍ വച്ച് 17-കാരനെ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇദ്ദേഹത്തെ Pearse Street Garda station-ലേയ്ക്ക് കൊണ്ടുപോകുകയും, അവിടെ നിന്നും വൈകാതെ ആശുപത്രിയിലേയ്ക്ക് മാറ്റുകയുമായിരുന്നു. പരിക്ക് ഗുരുതരമാണെന്ന് കണ്ടതോടെ വിദഗ്ദ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി നോര്‍ത്ത് ഡബ്ലിനിലെ Beumont Hospital-ലേയ്ക്ക് മാറ്റി. പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ട ഇദ്ദേഹം മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

അറസ്റ്റിനിടയിലോ, സ്‌റ്റേഷനിലെത്തിച്ച ശേഷമോ ആണ് 17-കാരന് പരിക്കേറ്റത് എന്നാണ് കരുതപ്പെടുന്നത്. അറസ്റ്റ് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. സംഭവത്തില്‍ ഓംബുഡ്‌സ്മാന്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിലുള്‍പ്പെട്ട രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥരെയും ഗാര്‍ഡ സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഗാര്‍ഡ അറസ്റ്റിനിടെ പൊതുജനങ്ങള്‍ക്ക് പരിക്ക് പറ്റുകയാണെങ്കില്‍ സംഭവം ഉടന്‍ ഗാര്‍ഡ ഓംബുഡ്‌സമാന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിയമം.

Share this news

Leave a Reply

%d bloggers like this: