അയർലണ്ടിൽ 431 പേർക്ക് കൂടി കോവിഡ്; രോഗം പകരുന്നത് തടയാൻ ആന്റിജൻ ടെസ്റ്റ് ഫലപ്രദമോ എന്ന കാര്യത്തിൽ അഭിപ്രായ ഭിന്നത

അയര്‍ലണ്ടില്‍ കഴിഞ്ഞ ദിവസം 431 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. നിലവില്‍ 58 പേരാണ് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതില്‍ 22 പേര്‍ ICU-വിലാണ്.

അതേസമയം കോവിഡ് പടരുന്നത് തടയാനായി ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത് അത്ര ഫലപ്രദമല്ലെന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ Tony Holohan-ന്റെ വാദത്തെത്തുടര്‍ന്ന്, അക്കാര്യം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹത്തോട് Oireachtas Committee-ക്ക് മുമ്പില്‍ ഹാജരാകാന്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ആന്റിജന്‍ ടെസ്റ്റ് ശരിയാകാനുള്ള സാധ്യത 50% മാത്രമാണെന്ന് Dr Holohan നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം നിഷേധിച്ച് Harvard University അസോസിയേറ്റ് പ്രൊഫസറായ Michael Mina രംഗത്ത് വന്നു. ടെസ്റ്റ് നടത്തുകയും, മുന്‍കരുതലുകളെടുക്കുകയും ചെയ്താല്‍ കോവിഡ് പരക്കുന്നത് വളരെയേറെ കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ലക്ഷണമുള്ളവരില്‍ വൈറസ് ബാധയുണ്ടോ എന്ന് കണ്ടെത്താന്‍ PCR ടെസ്റ്റ് നടത്താമെന്നും അദ്ദേഹം പറഞ്ഞു.

Rapid antigen test, rapid molecular test എന്നിവ ഭാവിയില്‍ സര്‍വ്വസാധാരണമാകുമെന്നും, പെട്ടെന്ന് റിസല്‍ട്ട് ലഭിക്കുമെന്നതിനാല്‍, രോഗം പടരുന്നത് വേഗത്തില്‍ തടയാനാകുമെന്നും Prof Mina കൂട്ടിച്ചേര്‍ത്തു.

ഒരാള്‍ക്ക് കോവിഡ് ബാധിച്ച് 30 ദിവസം വരെ PCR ടെസ്റ്റ് വഴി പോസിറ്റീവ് റിസല്‍ട്ട് കാണിക്കും. എന്നാല്‍ ആന്റിജന്‍ ടെസ്റ്റ് വഴി ഇത് 10 ദിവസത്തിനുള്ളിലാണെങ്കിലേ പോസിറ്റീവ് റിസല്‍ട്ട് കാണിക്കൂ. അതേസമയം കോവിഡ് ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് പകരാന്‍ 10 ദിവസത്തിനുള്ളിലേ സാധ്യതയുള്ളൂ. അതിനാല്‍ ആന്റിജന്‍ ടെസ്റ്റ് കോവിഡ് പകരുന്നത് തടയാന്‍ ഫലപ്രദമാണ്- പ്രൊഫസര്‍ വ്യക്തമാക്കി.

അതേസമയം ചില കമ്പനികളുടെ ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഫലപ്രദമല്ലെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. Innova കമ്പനിയുടെ കിറ്റ് എപ്പോഴും ശരിയായ ഫലം കാണിക്കാത്തതിനാല്‍ EU-വില്‍ അംഗീകരമില്ല. 30 മിനിറ്റിനകം ടെസ്റ്റ് റിസല്‍ട്ട് എന്നതായിരുന്നു Innova-യുടെ അവകാശവാദം.

Share this news

Leave a Reply

%d bloggers like this: