നിങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കുക; അയർലണ്ടിലെ സ്‌കൂളുകളിൽ കഞ്ചാവ് മിഠായികൾ സുലഭമാകുന്നു

അയര്‍ലണ്ടില്‍ മിഠായി രൂപത്തിലുള്ള കഞ്ചാവ് ജെല്ലികള്‍ (cannabis jellies) പല സെക്കന്‍ഡറി സ്‌കൂളുകളിലും വ്യാപകമായി വില്‍ക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ കുട്ടികള്‍ ഇത് വാങ്ങിക്കഴിക്കുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് കാട്ടി പ്രിന്‍സിപ്പലുമാര്‍ മാതാപിതാക്കള്‍ക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്.

തുടര്‍ന്ന് മിഠായി രൂപത്തിലുള്ള കഞ്ചാവ് ജെല്ലികള്‍ ഇറക്കുമതി ചെയ്യുന്നതും, വില്‍പ്പന നടത്തുന്നതും തടയാനായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതായി ഗാര്‍ഡ ഉന്നതോദ്യോഗസ്ഥന്‍ അറിയിച്ചു. ഗാര്‍ഡ അംഗങ്ങള്‍ക്ക് പുറമെ Food Safety Authority of Ireland (FSAI), HSE, Revenue, Customs വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. സംഘം ആദ്യ കൂടിക്കാഴ്ച കഴിഞ്ഞ ദിവസം നടത്തി.

കഴിഞ്ഞ മാസം മൂന്ന്, നാല് വയസുകാരായ രണ്ട് ആണ്‍കുട്ടികള്‍ ഇത്തരം മിഠായി കഴിച്ചതിനെത്തുടര്‍ന്ന് Temple Street Hospital-ല്‍ ചികിത്സ തേടിയിരുന്നു. ശേഷം കൗമാരക്കാരടക്കം പല കുട്ടികളും കഞ്ചാവ് ജെല്ലികള്‍ കഴിച്ചത് മൂലമുള്ള അസ്വസ്ഥകളെത്തുടര്‍ന്ന് ആശുപത്രികളിലെത്തി. ഡബ്ലിനിലാണ് മിക്ക സംഭവങ്ങളും.

ഈ മിഠായികള്‍ രൂപത്തിലും രുചിയിലും സാധാരണ മിഠായികള്‍ പോലെ തന്നെയാണെങ്കിലും അവയില്‍ അപകടകരമായ അളവില്‍ മയക്കുമരുന്നായ THC അടങ്ങിയിട്ടുണ്ട്. നിലവില്‍ പിടിച്ചെടുത്ത കഞ്ചാവ് മിഠായികള്‍ കൂടുതല്‍ പരിശോധനയ്ക്ക് അയക്കാനിരിക്കുകയാണ്. ഭക്ഷണസംവിധാനം വഴി മയക്കുമരുന്ന് കടത്തപ്പെടുകയാണെന്നും, ഇത് വളരെ ഗൗരവകരമായ വിഷയമാണെന്നും ഗാര്‍ഡ പറയുന്നു. ഇത് പൂര്‍ണ്ണമായും ഇറക്കുമതി ചെയ്യുന്നതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പിടിച്ചെടുത്തവയില്‍ ചിലത് വടക്കന്‍ അമേരിക്കയില്‍ നിയമപരമായി വില്‍ക്കപ്പെടുന്നതും,  രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യുന്നതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. പലരും ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത് വരുത്തുകയും ചെയ്യുന്നു. ഇവ തിരിച്ചറിയാന്‍ എളുപ്പവും, THC ലെവല്‍ പാക്കറ്റിന് മുകളില്‍ എഴുതിയിരിക്കുന്നത് കാണുകയും ചെയ്യാം. എന്നാല്‍ മറ്റ് പല മിഠായികളിലും കഞ്ചാവ് അടങ്ങിയിട്ടുണ്ടെന്ന് പരിശോധിച്ചാല്‍ മാത്രമേ കണ്ടെത്താന്‍ കഴിയൂ. ഒരെണ്ണം കഴിച്ചാല്‍ വലിയ പ്രശ്‌നങ്ങള്‍ തോന്നില്ലെങ്കിലും മിഠായി എന്നോര്‍ത്ത് കുട്ടികള്‍ ഇവ കൂടുതല്‍ കഴിക്കുമ്പോള്‍ വിവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നു.

2019-2020 കാലത്ത് അയര്‍ലണ്ടില്‍ പിടിച്ചെടുക്കുന്ന കഞ്ചാവ് ഉല്‍പ്പന്നങ്ങളുടെ അളവില്‍ മൂന്നിരട്ടിയോളം വര്‍ദ്ധന ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: