മോർട്ട്ഗേജ് ലഭിച്ചതായി തെളിവുണ്ടെങ്കിൽ മാത്രമേ വാങ്ങാനുദ്ദേശിക്കുന്ന വീട് കാണാൻ അനുവദിക്കുകയുള്ളൂ എന്ന് എസ്റ്റേറ്റ് ഏജന്റ്; സംഭവം അയർലണ്ടിൽ ഭവനപ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധി പുതിയ മാനങ്ങളിലേയ്ക്ക്. മോര്‍ട്ട്‌ഗേജ് ലഭിച്ചതായോ, സമ്പാദ്യമുള്ളതായോ ഉള്ള തെളിവുകള്‍ കാണിച്ചെങ്കില്‍ മാത്രമേ വീടുകള്‍ കാണാനാകൂവെന്ന് വീട് വാങ്ങാനെത്തിയ ആളുകളോട് എസ്‌റ്റേറ്റ് ഏജന്റായ Savills പറഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ട്. Lucan-ലെ Somerton-ലുള്ള പുതിയ ഭവനപദ്ധതിയിലുള്ള വീടുകള്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചവരോടാണ് Savills ധനശേഷി കാണിക്കുന്ന തെളിവ് ആവശ്യപ്പെട്ടത്. സമ്പാദ്യമുള്ളതായി ബാങ്കില്‍ നിന്ന് ലഭിക്കുന്ന സ്റ്റേറ്റ്‌മെന്റോ, സൊളിസിറ്ററുടെ സാക്ഷിപത്രമോ ആണ് തെളിവായി കാണിക്കേണ്ടത്.

ഇതിനു പുറമെ കൗണ്ടി ഡബ്ലിനിലെ വീടുകള്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചവര്‍ക്ക് Savills പ്രത്യേകമായി ഇമെയില്‍ സന്ദേശമയയ്ക്കുകയും, വീട് കാണണമെങ്കില്‍ നിലവില്‍ മോര്‍ട്ട്‌ഗേജ് അംഗീകാരം ലഭിച്ചിട്ടുണ്ടോ, Help-to-Buy grant ലഭിച്ചിട്ടുണ്ടോ, സമ്പാദ്യം ഉണ്ടോ, പാരമ്പര്യമായി കിട്ടിയ സ്വത്തുണ്ടോ എന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുകയും, തെളിവ് ഹാജരാക്കുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പണം നല്‍കിയാണ് വീട് വാങ്ങാനുദ്ദേശിക്കുന്നതെങ്കില്‍, നിങ്ങളുടെ പക്കല്‍ പണമുണ്ടെന്ന് തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റോ, സൊളിസിറ്ററുടെ സാക്ഷിപത്രമോ ഹാജരാക്കണമെന്നും ആവശ്യപ്പെടുന്നു.

രാജ്യത്ത് വീടുകളുടെ ലഭ്യത കുറവായതും, അതേസമയം ഡിമാന്‍ഡ് വര്‍ദ്ധിച്ചതും കാരണം, വീട് വാങ്ങുമെന്ന് ഉറപ്പുള്ളവരെ മാത്രം വീട് കാണിച്ചാല്‍ മതിയെന്ന തീരുമാനത്തിന്റെ ഭാഗായാണ് ഇത്തരം നടപടികള്‍.

അതേസമയം ലെവല്‍ 5, ലെവല്‍ 4 നിയന്ത്രണങ്ങളുടെ കാലത്ത് ഇത്തരം തെളിവുകള്‍ ഹാജരാക്കാന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിലെ ലെവല്‍ 3 നിയന്ത്രണകാലത്ത് ഇവയുടെ ആവശ്യമില്ലെന്നാണ് Institute of Professional Auctioneers and Valuers ചീഫ് എക്‌സിക്യുട്ടീവായ Pat Davitt പറയുന്നത്.

Somerton-ല്‍ 44 3-ബെഡ്‌റൂം, 4-ബെഡ്‌റൂം വീടുകളാണ് Savills വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഏകദേശം 5,000-ഓളം പേര്‍ വീടുകള്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് Savills അധികൃതര്‍ തെളിവ് ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ എല്ലാവരെയും വീട് കാണിക്കാന്‍ സാധിക്കില്ലെന്നും, ആയിരക്കണക്കിന് പേരാണ് താല്‍പര്യം പ്രകടിപ്പിച്ച് വരുന്നതെന്നും Savills director of communications Andrew Smyth പറഞ്ഞതായി Irish Times റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷയുടെ ഭാഗമായാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്.

പദ്ധതി ലോഞ്ച് ചെയ്യുന്ന ദിവസം വീടുകള്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ Savills-ന് EFT വഴി 10,000 യൂറോയുടെ ഡെപ്പോസിറ്റ് റസീറ്റ്, മോര്‍ട്ട്‌ഗേജ് അനുവദിച്ചിരിക്കുന്ന രേഖ/സമ്പാദ്യം ഉണ്ടെന്ന രേഖ, സൊളിസിറ്ററുടെ വിവരങ്ങള്‍ എന്നിവ നല്‍കണം.

Share this news

Leave a Reply

%d bloggers like this: