യു.കെയിൽ നിന്നും അയർലണ്ടിലേക്ക് വരുന്നവരുടെ ക്വാറന്റൈൻ കാലയളവ് 10 ദിവസമാക്കി വർദ്ധിപ്പിച്ചേക്കും

യു.കെയില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് വരുന്ന, വാക്‌സിന്‍ എടുക്കാത്ത യാത്രക്കാരുടെ ഹോം ക്വാറന്റൈന്‍ 10 ദിവസമാക്കി നീട്ടിയേക്കും. യു.കെയില്‍ കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം പടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നത്. ഇക്കാര്യത്തിലെ അന്തിമതീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അറിയാം.

അതേസമയം രണ്ട് ഡോസ് വാക്‌സിനും എടുത്ത ശേഷം യു.കെയില്‍ നിന്നും വരുന്നവര്‍ക്കുള്ള നിലവിലെ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യാനും സാധ്യതയുണ്ട്.

നിലവില്‍ യു.കെയില്‍ നിന്നും വരുന്നവര്‍ 14 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണം. അതേസമയം ഇവിടെയെത്തി അഞ്ച് ദിവസത്തിന് ശേഷം നെഗറ്റീവ് PCR ടെസ്റ്റ് റിസല്‍ട്ട് ലഭിച്ചാല്‍ വീടിന് പുറത്തിറങ്ങാം. എന്നാല്‍ ഇത് നിര്‍ബന്ധമായും 10 ദിവസ ക്വാറന്റൈനായി വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 10 ദിവസത്തിന് ശേഷം രണ്ടാമതും PCR ടെസ്‌റ്റെടുത്ത് നെഗറ്റീവ് ആകുകയും വേണം.

ഇക്കാര്യം സംബന്ധിച്ച് ആരോഗ്യമന്ത്രി Stephen Donnelly-യുമായി ചര്‍ച്ച നടത്തിയതായി വിദേശകാര്യമന്ത്രി Simon Coveney പറഞ്ഞു. യു.കെയുമായുള്ള യാത്രാസൗകര്യം പ്രധാനമാണെന്നിരിക്കെ, പൗരന്മാരുടെ സുരക്ഷയും അതീവ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കാന്‍ ശേഷി കൂടിയതാണെന്നാണ് പറയപ്പെടുന്നത്. എങ്കിലും നിലവിലെ വാക്‌സിനുകള്‍ക്ക് ഈ വകഭേദത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അയര്‍ലണ്ടില്‍ ഇതുവരെ 3.1 മില്യണ്‍ കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ നല്‍കിയതായി അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചു. ഇതില്‍ 2.2 മില്യണ്‍ പേര്‍ (വാക്‌സിനെടുക്കാനുള്ള ജനസംഖ്യയുടെ 56.3%) ഒരു ഡോസും, 1.1 മില്യണ്‍ പേര്‍ (28.1%) രണ്ട് ഡോസും സ്വീകരിച്ചു.

Share this news

Leave a Reply

%d bloggers like this: