നിങ്ങൾ കുട്ടികളെ തല്ലാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിയുക


കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ഉദ്ദേശിക്കുന്ന ഫലം നല്‍കില്ലെന്നും, അവരുടെ പെരുമാറ്റത്തില്‍ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുമെന്നും ഗവേഷകര്‍. ലോകമാകമാനം 20 വര്‍ഷത്തിനിടെ ഇത്തരത്തില്‍ നടന്ന 69 പഠനങ്ങള്‍ പരിശോധിച്ചാണ് അന്താരാഷ്ട്ര ഗവേഷകസംഘമായ UCL ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. പല കാലങ്ങളായി കുട്ടികളെ നിരീക്ഷിക്കുകയും, ശാരീരികമായി ശിക്ഷിക്കപ്പെട്ടവര്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസിലാക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു പഠനം.

ലോകത്തെ രണ്ടു മുതല്‍ നാല് വയസ് വരെ പ്രായക്കാരായ 63% കുട്ടികളും രക്ഷിതാക്കളാലോ, പരിപാലിക്കുന്നവരാലോ സ്ഥിരമായി ശാരീരികമായി ശിക്ഷിക്കപ്പെടുന്നതായി ഗവേഷകര്‍ പറയുന്നു. 250 മില്യണോളം വരും ഈ കുട്ടികളുടെ എണ്ണം. അതേസമയം സ്‌കോട്‌ലണ്ട്, വെയില്‍സ് അടക്കമുള്ള 62 രാജ്യങ്ങള്‍ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. ഇംഗ്ലണ്ട്, വടക്കന്‍ അയര്‍ലണ്ട് എന്നിവയും ഈ മാതൃക പിന്തുടരണമെന്നും, വീടുകളില്‍ പോലും കുട്ടികള്‍ ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.

ശാരീരികമായി ശിക്ഷ ലഭിക്കുന്ന കുട്ടികള്‍ പിന്നീട് ആക്രമണസ്വഭാവമുള്ളവരായി മാറാനും, സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരായി മാറാനുള്ള സാധ്യത കൂടുമെന്നും UCL Department of Epidemiology and Public Health ഗവേഷകയായ Anja Heilmann വ്യക്തമാക്കുന്നു. ശാരീരികശിക്ഷകള്‍ ലഭിക്കുന്ന കുട്ടികള്‍ കൂടുതല്‍ ക്രൂരമായി ഉപദ്രവിക്കപ്പെടുന്നത് അധികമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. കുട്ടികളുടെ സ്വഭാവം നന്നാകുമെന്ന് കരുതിയാണ് രക്ഷിതാക്കള്‍ അവരെ അടിക്കുകയും മറ്റും ചെയ്യുന്നതെന്നും, എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരുടെ സ്വഭാവം മോശമാകുകയാണ് ഇതുകൊണ്ട് സംഭവിക്കുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. കുട്ടികളുടെ ലിംഗം, വംശം, രക്ഷിതാക്കളുടെ രീതികള്‍ എന്നതിലെല്ലാമുപരിയായി, ശാരീരികമായ ശിക്ഷകള്‍ ലോകമെങ്ങും വിപരീതഫലം മാത്രമാണ് നല്‍കുന്നതെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു. The Lancet-ലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വീടുകള്‍ കുട്ടികളുടെ സുരക്ഷിതകേന്ദ്രമായിരിക്കണം. എന്നാല്‍ പല രാജ്യങ്ങളിലും സ്ഥിതി നേരെ വിപരീതമാണ്. ഇത് കുട്ടികള്‍ക്കെതിരെയുള്ള അവകാശലംഘനമായും വിലയിരുത്തപ്പെടുന്നു. United Nations Convention on the Rights of the Child (UNCRC) നിര്‍ദ്ദേശപ്രകാരം പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും ലഭിക്കുന്ന സംരക്ഷണം തന്നെ കുട്ടികള്‍ക്കും ലഭിക്കണം. ഇതിനായി രാജ്യങ്ങള്‍ നിയമനിര്‍മ്മാണം നടത്തണമെന്നും പഠനം വ്യക്തമാക്കുന്നു.



Share this news

Leave a Reply

%d bloggers like this: