അയർലണ്ടിൽ കഴിഞ്ഞ ദിവസം കോവിഡ് 1,377 രോഗികൾ; കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ദ്ധർ; Indoor dining-ന് അനുമതി നൽകണമോ എന്നത് സംബന്ധിച്ച ചർച്ച ബുധനാഴ്ച

അയര്‍ലണ്ടില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ indoor dining-ന് അനുമതി നല്‍കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ബുധനാഴ്ച തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. കോവിഡ് രോഗികളുടെ എണ്ണം വരുംദിവസങ്ങളില്‍ വര്‍ദ്ധിച്ചേക്കാമെന്ന ആശങ്കയും മാര്‍ട്ടിന്‍ രേഖപ്പെടുത്തി. ജൂലൈ 26-ഓടെ മേഖലയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കുമെന്നായിരുന്നു ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ കഴിഞ്ഞയാഴ്ച സൂചന നല്‍കിയത്.

അതേസമയം കഴിഞ്ഞ ദിവസം രാജ്യത്ത് 1,377 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരി പകുതിക്ക് ശേഷം ദിവസേനയുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇത്രയും വര്‍ദ്ധനയുണ്ടാകുന്നത് ആദ്യമാണ്. ഈ സാഹചര്യത്തില്‍ indoor hospitality മേഖല കൂടി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതില്‍ ആരോഗ്യവിദ്ഗദ്ധര്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 78 പേരാണ് കോവിഡ് ബാധയെത്തുടര്‍ന്ന് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 22 പേര്‍ ഐസിയുവിലാണ്.

പുതുതായി രോഗം ബാധിക്കുന്നതില്‍ ഭൂരിഭാഗം പേരും 16-30 പ്രായത്തില്‍ പെട്ടവരാണെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ Dr Ronan Glynn വ്യക്തമാക്കി. രാജ്യത്തെ പ്രായപൂര്‍ത്തിയായ 60% പേരും പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, 25 ലക്ഷത്തിലേറെ പ്രായപൂര്‍ത്തിയായവര്‍ക്കും, കുട്ടികള്‍ക്കും ഇനിയും വാക്‌സിന്‍ ലഭിച്ചിട്ടില്ല. അതിനാല്‍ത്തന്നെ വാക്‌സിനെടുക്കാത്തവര്‍ കഴിവതും പുറത്തിറങ്ങാതിരിക്കണമെന്നാണ് നിര്‍ദ്ദേശിക്കുന്നതെന്നും Dr Glynn പറഞ്ഞു. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കവും ഒഴിവാക്കണം.

ഡെല്‍റ്റ വകഭേദം കാരണം കോവിഡ് ബാധിച്ചാല്‍ ചിലപ്പോള്‍ വലിയ രോഗലക്ഷണങ്ങള്‍ ഉണ്ടായേക്കില്ലെന്നും, ജലദോഷം, പനി, തൊണ്ടയിലെ കരകരപ്പ്, തലവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിങ്ങനെ ഏത് തരം ലക്ഷണം കണ്ടാലും ടെസ്റ്റിന് വിധേയരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Indoor dining-ന് അനുമതി നല്‍കുന്നതിന് മുമ്പ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോലഹാനുമായി ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. Cork Harbour-ലെ People’s Park Haulbowline പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. Indoor dining-ന് അനുമതി നല്‍കുമെന്ന് മേഖലയിലെ ബിസിനസുകാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും, നിലവിലെ പ്രശ്‌നങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ തീരുമാനം വാക്‌സിനെടുത്തവര്‍ക്ക് തിങ്കളാഴ്ച മുതല്‍ വിദേശയാത്ര നടത്താമെന്നതും, indoor dining-ന് പ്രവേശിക്കാമെന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനെടുത്തവര്‍ക്കുള്ള ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് വിതരണം കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ചിരുന്നു.

അതേസമയം 2020 മാര്‍ച്ചില്‍ ഉണ്ടായിരുന്നതിന് തുല്യമായ നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്ന് കരുതി വേണം വാക്‌സിനെടുക്കാത്തവര്‍ പെരുമാറാനെന്ന് നേരത്തെ ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞിരുന്നു. അനുമതി ലഭിച്ചാലും indoor dining-നായി കുട്ടികളെ കൊണ്ടുവരരുതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസറും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: